തൊടുപുഴ: സിപിഎം മുന്‍ ജില്ലാ സെക്രട്ടറി എം.എം മണി പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ തീരുമാനിച്ചു. മണിയുടെ അഭിഭാഷകസംഘം പോലീസുമായി ചര്‍ച്ച ചെയ്തതിനൊടുവിലാണ് ഹാജരാകാന്‍ ധാരണയായത്. സുപ്രീംകോടതിയില്‍ മണിയുടെ കേസിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകരുടെ നിര്‍ദ്ദേശവും കൂടി പരിഗണിച്ചാണ് സിപിഎം നേതൃത്വം ഇത്തരത്തിലൊരു തീരുമാനമെടുത്തത്.
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പത്തുദിവസത്തെ അവധിവേണമെന്ന മണിയുടെ അപേക്ഷ കഴിഞ്ഞദിവസം പോലീസ് തള്ളിയിരുന്നു. അവധിയപേക്ഷ നിരസിച്ചത് രേഖാമൂലം അറിയിക്കണമെന്ന അഭിഭാഷകരുടെ അഭ്യര്‍ത്ഥന പോലീസ് തള്ളി. ഇതിനിടെ മണി വീണ്ടും ഒളിവില്‍ പോയി. രണ്ടു മൊബെയിലുകളും സ്വിച്ചോഫ് ചെയ്തിരിക്കുകയാണ്. അറസ്റ്റിന് വഴങ്ങരുതെന്ന പാര്‍ട്ടി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് മണി ഒളിവില്‍ പോയത്. എന്നാല്‍ മണി ഒളവില്‍ പോയിട്ടില്ലെന്നും ഹാജരാവുമെന്നും അഭിഭാഷകര്‍ ഉറപ്പ് നല്കി.
അന്വേഷണ സംഘത്തിന് മുന്നില്‍ രണ്ടാംതവണയും ഹാജരാകാതിരുന്നതോടെ എം.എം മണിയെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികള്‍ പ്രത്യേക സംഘം ആരംഭിച്ചിട്ടുണ്ട്. അവധി അപേക്ഷ പൂര്‍ണ്ണമായും തള്ളിയ പോലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുക്കാനുള്ള തീരുമാനത്തിലാണ്. ഹര്‍ജികള്‍ തള്ളിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കുന്നതിനാല് പത്ത് ദിവസത്തേക്ക് അവധി നല്‍കണമെന്നാണ് അന്വേഷണ സംഘം നല്കിയ നോട്ടീസിന് അഭിഭാഷകര്‍ മുഖേന മണി മറുപടി നല്‍കിയത്. ഇത്തരമൊരു അപേക്ഷ നിയമവിരുദ്ധമാണെന്നാണ് ഐ.ജിയുടെ അധ്യക്ഷതയില്‍ ഇന്നലെ കൂടിയ അന്വേഷണസംഘത്തിന്റെ ആലോചനായോഗം വിലയിരുത്തി. ഇങ്ങനെ പല കാരണങ്ങള്‍ പറഞ്ഞ് അന്വേഷണത്തോട് സഹകരിക്കാതിരിക്കുമ്പോള്‍ സ്വീകരിക്കേണ്ട നിയമനടപടി ഉടന്‍ കൈക്കൊള്ളുമെന്ന് പറഞ്ഞ് ഐ.ജി തന്നെ അറസ്റ്റിലേക്കുള്ള സൂചന നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: