ശാസ്താംകോട്ട: ഐവര്‍കാല സാന്ത്വനം സേവാകേന്ദ്രത്തിന് നേരെ നടന്ന എന്‍ഡിഎഫ് അക്രമണത്തിലെ പ്രതികള്‍ക്ക് പെറ്റികേസിന് സമാനമായ ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തിയ പോലീസ് നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധം. എന്നാല്‍ ആക്രമണകേസിലെ പ്രതികളെ പിന്തുടര്ന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചതിന് നാല് ബിജെപി പ്രവര്‍ത്തകരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി റിമാന്‍ഡ് ചെയ്തു.
ഞായറാഴ്ച രാത്രിയാണ് സാന്ത്വനം സേവാകേന്ദ്രത്തിന് നേരെ അക്രമണമുണ്ടായത്. ചിത്തഭ്രമമുള്ളവരും രോഗികളുമടക്കം ഇരുപതോളം പേരെ സംരക്ഷിച്ച് പരിചരണം നടത്തുന്ന സാന്ത്വനത്തിന് മുന്നില്‍ രണ്ടു കാറുകളിലായെത്തിയ അക്രമിസംഘം മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സംഭവം അറിഞ്ഞ് സാന്ത്വനം ഭാരവാഹികളും നാട്ടുകാരും ഒത്തുകൂടിയപ്പോഴേക്കും അക്രമിസംഘം കടന്നുകളഞ്ഞു.
അക്രമികളെ അന്വേഷിച്ച് എന്‍ഡിഎഫ് താവളമായ ‘പാക്കിസ്ഥാന് മുക്കില്‍’ എത്തിയ സാന്ത്വനം ഭാരവാഹികളും നാട്ടുകാരും സംഘടിതരായി നിന്ന അക്രമിസംഘത്തെ പിടികൂടി പോലീസിലേല്‍പ്പിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷമാകുകയായിരുന്നു. ഈ സംഭവത്തില്‍ പ്രദേശത്തെ നാല് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ശാസ്താംകോട്ട പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. കഴിഞ്ഞ ദിവസം ശാസ്താംകോട്ട കോടതിയില്‍ ഹാജരാക്കിയ ഇവരെ പത്ത് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
എന്നാല്‍ സാന്ത്വനത്തിന് മുന്നില്‍ മണിക്കൂറുകളോളം അഴിഞ്ഞാടിയ അക്രമിസംഘത്തിനെതിരെ തിങ്കളാഴ്ച വൈകുന്നേരം വരെയും നടപടിയുണ്ടായില്ല. ഇതേ തുടര്‍ന്ന് വിവിധ ഹൈന്ദവ സംഘടനാ ഭാരവാഹികള്‍ ഉന്നത പോലീസ് അധികാരികളെ പ്രതിഷേധം അറിയിക്കുകയും പ്രതികള്‍ക്കെതിരെ നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
പോലീസിന്റെ ഏകപക്ഷീയമായ നടപടി കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് ബോധ്യമായ ഉന്നത ഉദ്യോഗസ്ഥര്‍ ഒടുവില്‍ എന്‍ഡിഎഫ് അക്രമികള്ക്കതെതിരെ ദുര്‍ബലമായ കേസുകള്‍ എടുത്ത് തലയൂരുകയായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് കേസ് എടുത്തതെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും ഇന്നലെ വൈകിയും എഫ്ഐആര്‍ കോടതിയില്‍ എത്താതിരുന്നത് പോലീസ്-എന്‍ഡിഎഫ് ഒത്തുകളിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
സാന്ത്വനത്തിന് നേരെ കല്ലേറുണ്ടായതും സ്ഥാപനത്തിന്റെ ബോര്‍ഡ് നശിപ്പിച്ചതും ഉള് പ്പെടെ എന്‍ഡിഎഫ് ക്രിമിനലുകള്‍ നടത്തിയ ഭീകരമായ അഴിഞ്ഞാട്ടത്തിന്റെ വ്യാപ്തിയൊ ന്നും പോലീസ് എടുത്ത കേസിലില്ല. മറിച്ച് സാന്ത്വനത്തിന് മുന്നില്‍ നിന്ന് ബഹളമുണ്ടാക്കിയെന്ന ദുര്‍ബലമായ കേസുമാത്രമാണ് എന്‍ഡിഎഫ് ക്രിമിനലുകള്‍ക്കെതിരെ ശാസ് താംകോട്ട പോലീസ് ചാര്‍ജ് ചെയ്തിട്ടുള്ളത്.
എം.എസ്. ജയചന്ദ്രന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: