തൃശൂര്‍ : സംസ്ഥാനത്തെ റേഷന്‍ വിതരണം അവതാളത്തിലേക്ക്. സെപ്തംബര്‍ മുതല്‍ മണ്ണെണ്ണ വിതരണം ചെയ്യുന്നത് നിര്‍ത്തിവെക്കുമെന്ന് റേഷന്‍ വ്യാപാരികള്‍ മുന്നറിയിപ്പ് നല്കി. സെപ്തംബര്‍ മുതല്‍ മണ്ണെണ്ണക്ക് ലിറ്ററിന് 52 രൂപയാകും. എന്നാല്‍ കമ്മീഷന് ഇനത്തില്‍ തങ്ങള്‍ക്ക് ലഭിക്കുന്നത് 19 പൈസ മാത്രമാണെന്ന് ഇവര്‍ പറയുന്നു. സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ ബിപിഎല്‍ കുടുംബങ്ങള്‍ക്കുള്ള ഒരു രൂപ അരി വിതരണവും അവതാളത്തിലാണ്. 25 കിലോക്ക് പകരം റേഷന്‍കടകള്‍ വഴി ഇപ്പോള്‍ നല്‍കുന്നത് 18 കിലോ അരി മാത്രമാണ്. സംസ്ഥാനത്തെ എഫ്സിഐ ഗോഡൗണുകളില്‍ കോടിക്കണക്കിന് ടണ്‍ അരി കെട്ടിക്കിടക്കുമ്പോഴാണ് യുഡിഎഫ് സര്‍ക്കാരിന്റെ അഭിമാന പദ്ധതി എന്ന് വിശേഷിപ്പിക്കുന്ന ഒരു രൂപ അരി നല്‍കുന്നത് അവതാളത്തിലായത്.
എപിഎല്‍ കുടുംബങ്ങള്‍ക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ച അരി നല്‍കുന്നില്ല. നല്കുന്ന അരിയാകട്ടെ ഗുണനിലവാരം ഇല്ലാത്തതും ബീഡിക്കുറ്റി, എലി, കീടങ്ങള്‍ എന്നിവ നിറഞ്ഞതാണെന്നും റേഷന്‍ വ്യാപാരികള്‍ പറയുന്നു. മട്ട അരിയും, വെള്ള അരിയും കലര്‍ത്തിയാണ് പല സ്ഥലങ്ങളിലും നല്‍കുന്നത്. പല തവണ മന്ത്രിതലത്തില്‍ പരാതി നല്‍കിയിട്ടും യാതൊരു തരത്തിലുള്ള നടപടിയും ഉണ്ടായിട്ടില്ലെന്ന് അസോസിയേഷന് ഭാരവാഹികളായ സെബാസ്റ്റ്യന്‍ ചൂണ്ടല്‍, പി.ആര്.സുന്ദരന്‍, പി.കെ.നരേന്ദ്രദാസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: