കൊച്ചി: വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ ദേശീയമായി ചിന്തിക്കാത്തതാണ് രാജ്യം നേരിടുന്ന പല പ്രശ്നങ്ങള്‍ക്കും കാരണമെന്ന് ഭാരത് വികാസ് പരിഷത്ത് ദേശീയ സെക്രട്ടറി ജനറല്‍ എസ്.കെ.വാധ്വ അഭിപ്രായപ്പെട്ടു. കേരളം മനോഹരമായ സംസ്ഥാനമാണ്. എന്നാല്‍ ഇവിടെയുള്ള ബഹുഭൂരിപക്ഷവും ദേശീയമായി ചിന്തിക്കുന്നുണ്ടെന്ന് തോന്നുന്നില്ല. പല സംസ്ഥാനങ്ങളും ഇങ്ങനെ തന്നെയാണ്. രാജ്യത്തിനാണ് ആദ്യപരിഗണന നല്‍കേണ്ടത്. ഇന്ത്യക്കാരനെന്ന് ചിന്തിച്ചിട്ട് വേണം കേരളീയന്, ഗുജറാത്തി, തമിഴന് എന്നൊക്കെ ചിന്തിക്കാന്‍, അദ്ദേഹം പറഞ്ഞു. ഭാരത് വികാസ് പരിഷത്തിന്റെ (ബിവിപി) ദേശീയ സമിതിയോഗത്തില്‍ പങ്കെടുക്കാനെത്തിയ വാധ്വ ജന്മഭൂമിയോട് സംസാരിക്കുകയായിരുന്നു.
മറ്റ് സംഘടനകളില്‍ നിന്ന് പല നിലയ്ക്കും വ്യത്യസ്തമാണ് ബിവിപിയെന്ന് വാധ്വ ചൂണ്ടിക്കാട്ടുന്നു. സേവനരംഗത്ത് ഒട്ടേറെ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നു എന്നത് ശരി തന്നെയാണ്. എന്നാല്‍ സേവനവും സംസ്കാരവും അടിസ്ഥാനമാക്കിയാണ് ഭാരത് വികാസ് പരിഷത്തിന്റെ പ്രവര്ത്തനരീതിയെന്ന് വാധ്വ വ്യക്തമാക്കുന്നു. ഭാരതത്തിന്റെ തനത് സംസ്ക്കാരം വളര്‍ത്തുന്നതിനൊപ്പം സേവനപ്രവര്‍ത്തനങ്ങളും നടത്തുന്നു. എല്ലാ സംസ്ഥാനങ്ങളിലും വിദ്യഭ്യാസ, സാംസ്കാരിക, സേവനരംഗങ്ങളില്‍ പരിഷത്ത് പ്രവര്‍ത്തിക്കുന്നു. ഒരേ സമയം കുടുംബങ്ങളുടെയും വിദ്യാര്‍ത്ഥികളുടെയും അവശരുടെയും ഒപ്പം നിന്ന് രാജ്യത്തിന്റെ കൂടി നന്മയ്ക്കായാണ് ബിവിപി പ്രവര്‍ത്തിക്കുന്നത്.
സേവനത്തിനും സംസ്കാരത്തിനും പ്രാധാന്യം നല്കുന്നു എന്നത് മാത്രമല്ല അംഗത്വവിതരണം മുതല്‍ ബിവിപി വ്യത്യസ്തത പുലര്‍ത്തുന്നുണ്ട്. ഭാര്യ അംഗത്വമെടുത്താല്‍ ഭര്‍ത്താവും അംഗമാകും. അതുപോലെ തന്നെ ഭര്‍ത്താവാണ് അംഗമെങ്കില്‍ ഭാര്യക്കും അംഗത്വമുണ്ടാകും. അംഗത്വ വരിസംഖ്യയെ ആശ്രയിച്ചാണ് സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അമ്പത് ലക്ഷത്തോളം അംഗങ്ങളാണ് ബിവിപിയില് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളുടെ സ്വഭാവരൂപീകരണം മുതല്‍ അവശരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് വരെ ബിവിപി പ്രാധാന്യം നല്കുന്നു. ജാതിമതഭേദമില്ലാതെയാണ് ബിവിപി സാമൂഹികപ്രവര്‍ത്തനം കാഴ്ച വയ്ക്കുന്നത്. ആര്‍ക്കും ബിവിപിയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാം. ആന്ധ്ര തുടങ്ങി പല സ്ഥലങ്ങളിലും സേവനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ക്രൈസ്തവരും മുസ്ലീങ്ങളുമാണ്.
ജനങ്ങള്‍ക്ക് സുപരിചിതമായ ഒരു സംഘടനയല്ല ബിവിപിയെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. ബിവിപിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഞങ്ങള്‍ ഒരിക്കലും പരസ്യം നല്‍കാറില്ല. അതുകൊണ്ട് തന്നെ എല്ലാവരും അറിയണമെന്നില്ല. സര്‍ക്കാര്‍ സഹായത്തോടെ സേവനപദ്ധതികള്‍ ഏറ്റെടുത്ത് നടത്തിയിട്ടില്ല. അതില്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ വരാന്‍ സാധ്യതയുള്ളതിനാല്‍ അതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. അത്തരത്തിലൊരു ആവശ്യം വന്നാല്‍ അതേക്കുറിച്ച് ചിന്തിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യാന്തരതലത്തില്‍ പ്രശസ്തമായ മറ്റ് റോട്ടറി ക്ലബ്ബുകള്‍ക്കിടയില്‍ ബിവിപിക്ക് സ്വന്തമായ സ്ഥാനമുണ്ട്. പേരിന് വേണ്ടിയുള്ള സംരഭമോ ബിസിനസ്സോ അല്ല ബിവിപിയുടെ പ്രവര്‍ത്തനം. നിസ്വാര്‍ത്ഥസേവനമാണ് ബിവിപി കാഴ്ചവയ്ക്കുന്നത്. ഫേസ് ബുക്കിന്റെയും ട്വിറ്ററിന്റെയും ലോകത്ത് നിന്ന് പുതിയ തലമുറ കൂട്ടത്തോടെ ബിവിപിയുടെ ആശയങ്ങളിലേക്ക് കടന്നു വരുന്നുണ്ട്. റോട്ടറി ക്ലബ്ബുകളില്‍ നിന്നും ലയണ്‍സ് ക്ലബ്ബുകളില്‍ നിന്നുമുള്ളവര്‍ ബിവിപിയില് അംഗമാകുന്നു. കുട്ടികളെയും യുവാക്കളെയും ഉദ്ദേശിച്ച് ഒട്ടേറെ പദ്ധതികള്‍ ഞങ്ങള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ പങ്കെടുപ്പിച്ച് അടുത്ത ജനുവരിയില്‍ കന്യാകുമാരിയില്‍ ഒരു പരിപാടി പരിഷത്ത് ആസൂത്രണം ചെയ്തിട്ടുണ്ട്, വാധ്വ അറിയിച്ചു.
പെണ്‍കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങളിലും ബിവിപി ഇടപെടുന്നുണ്ട്. എന്നാല്‍ ഭക്ഷണം കഴിക്കാന്‍ ഒരു കുട്ടി ചെറിയ പണിയെടുക്കുന്നതും മാതാപിതാക്കളെ ജോലിയില്‍ സഹായിക്കുന്നതും മറ്റും ബാലവേലയായി കണക്കാക്കേണ്ടതുണ്ടോ എന്നും അദ്ദേഹം ചോദിക്കുന്നു. പട്ടിണി മാറ്റി പഠിക്കാനുള്ള സൗകര്യം സര്‍ക്കാര്‍ ഇത്തരം കുട്ടികള്‍ക്ക് ചെയ്തുകൊടുക്കുകയാണ് വേണ്ടത്.
നാല്‍പ്പത്തിയൊമ്പത് വര്‍ഷത്തെ പാരമ്പര്യമുള്ള ബിവിപി ഒരുപാട് വളര്‍ന്നിട്ടുണ്ട്. ഒരു ശാഖയുമായി 1964 ല്‍ തുടങ്ങിയ സംഘടനയ്ക്കിന്ന് അമ്പതിനായിരം അംഗങ്ങളടങ്ങുന്ന 1,200 ശാഖകളുണ്ട്. രാജ്യത്തിന് പുറത്തും സംഘടനാപ്രവര്‍ത്തനങ്ങള്‍ വ്യാപിക്കുന്നു.17 സോണുകളായി തിരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പ്രതിവര്‍ഷം പതിനഞ്ച് ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ബിവിപിയുടെ സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നത്. ധാര്‍മ്മികവും സാംസ്കാരികവും മനുഷത്വപരവുമായ മൂല്യങ്ങള്‍ ഓരോ കുടുംബത്തിലും സമൂഹത്തിലും എത്തിക്കാനുള്ള പ്രയത്നത്തിലാണ് ബിവിപി . രാജ്യസ്നേഹം വളര്‍ത്തുന്നതിന്റെ ഭാഗമായി നൂറു കണക്കിന് സ്കൂളുകളില്‍ എല്ലാ വര്‍ഷവും വന്ദേമാതര മത്സരം സംഘടിപ്പിക്കുന്നു. ഗോള്‍ഡന്‍ ജൂബിലിയിലേക്ക് കടക്കുകയാണ് സംഘടന. ഇതിന്റെ ഭാഗമായി ബിവിപി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.
ജാതി, മതം, സ്ത്രീ, പുരുഷന് എന്നീ വ്യത്യാസങ്ങളില്ലാതെ ഒരു പൊതുസിവില്‍ കോഡിനായി ബിവിപി ശ്രമിക്കുന്നുണ്ടെന്ന് വാധ്വ വിശദീകരിച്ചു. ജാതി മത വ്യത്യാസമില്ലാതെ എല്ലാവര്ക്കും ഒരേ അവകാശവും സംരക്ഷണവും ഉറപ്പാക്കുക എന്നതാണ് ഇത്കൊണ്ട് ഉദ്ദേശിക്കുന്നത്. എല്ലാ വിവാഹങ്ങളും രജിസ്റ്റര്‍ ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുക എന്ന നിര്‍ദ്ദേശവും ബിവിപിക്കുണ്ട്. വിവാഹമോചനങ്ങളുടെ എണ്ണം കൃത്യമായി മനസ്സിലാക്കാന്‍ ഇത് സഹായകമാകും. പിന്നോക്കഗ്രാമങ്ങളെ ദത്തെടുത്ത് സാമൂഹികമായും സാംസ്കാരികമായും ആരോഗ്യപരമായും സമുദ്ധരിക്കുക എന്ന പദ്ധതി വിപുലീകരിക്കാനും ശ്രമം തുടങ്ങിക്കഴിഞ്ഞു. ഗ്രാമീണരുടെ സഹകരണത്തോടെയാണ് ഇതുറപ്പാക്കുന്നത്. ഗ്രാമീണര്‍ക്ക് കര്‍സേവകരായി പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാം. സ്വന്തം ഗ്രാമത്തിന്റെ പുരോഗതിയില്‍ ഓരോ ഗ്രാമീണനേയും പങ്കാളികളാക്കുക വഴി ആത്മാര്‍ത്ഥമായ ഇടപെടലുണ്ടാക്കാന്‍ കഴിയും.
ബിവിപിയുടെ പ്രവര്‍ത്തനത്തില്‍ സംത്യപ്തിയുണ്ട്. ഇക്കാലത്ത് ആളുകള്‍ സ്വന്തം ഉത്തരവാദിത്തങ്ങളില്‍ മാത്രം ഒതുങ്ങുന്നു. മതപരമായ ആചാരങ്ങളോ നിഷ്ഠകളോ പഠിക്കാന്‍ അവസരങ്ങളുണ്ടാകുന്നില്ല. കുട്ടികള്‍ അവരുടേതായ വഴികളിലൂടെ സഞ്ചരിക്കുന്നു. സമ്പന്നമായ നമ്മുടെ സംസ്കാരം നഷ്ടമാകുകയാണ്. സ്വത്വം മറന്നാണ് ഭൂരിപക്ഷവും ജീവിക്കുന്നത്. എനിക്ക് തോന്നുന്നത് നാം സ്വയം നല്ലതെന്ന് ചിന്തിച്ച് തുടങ്ങിയാല്‍ എല്ലാവരും നല്ലവരാണെന്നും സ്വയം മോശമെന്ന് ചിന്തിച്ചാല്‍ മറ്റുള്ളവരും മോശമെന്ന് തോന്നുകയും ചെയ്യുമെന്നാണ്. അതുകൊണ്ട് ആദ്യം സ്വയം പ്രബുദ്ധരാകുകക. അതിന് ശേഷം മറ്റുള്ളവരെയും ആ വഴിക്ക് കൊണ്ടു വരിക, വാധ്വ അഭിപ്രായപ്പെട്ടു.
രതി എ. കുറുപ്പ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: