ചാലക്കുടി : മാതൃഭാഷക്ക് പ്രാധാന്യം കുറച്ചുകൊണ്ടുള്ള ഒരു വിദ്യാഭ്യാസ സമ്പ്രദായമാണ് ഇന്ന് നിലവിലുള്ളതെന്നും അത് ശരിയല്ലെന്നും ഡോ.രാജുനാരായണസ്വാമി അഭിപ്രായപ്പെട്ടു. ബാലസാഹിതീ പ്രകാശന് ഏര്‍പ്പെടുത്തിയ ആറാമത് കുഞ്ഞുണ്ണി പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ പ്രക്രിയ ശക്തമായ ഒരു മത്സരമായി മാറുന്നതുകൊണ്ട് കുറെ കുട്ടിസായിപ്പന്മാരെ സൃഷ്ടിക്കലായി മാറുകയാണ് ഇന്നത്തെ വിദ്യാഭ്യാസം. ഇത് മൂലം യുവതലമുറ വിഷാദത്തിലും യുവതലമുറയുടെ കര്‍മ്മശേഷി വഴിതെറ്റിപോവുകയുമാണ്. ഇതിന് ഒരു മാറ്റം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് കെ.പത്മനാഭന്നായര് ഡോ.രാജുനാരായണസ്വാമിക്ക് പുരസ്കാര സമര്‍പ്പണം നടത്തി.
ബാലഗോകുലത്തിന്റെ ഭാഷയില്‍ വളരെ ലളിതമായിട്ടായിരുന്നു കുഞ്ഞുണ്ണിമാഷിന്റെ രചനകളെന്ന് ജസ്റ്റിസ് കെ.പത്മനാഭന് അഭിപ്രായപ്പെട്ടു. കൃഷ്ണ സങ്കല്പത്തോട് ഏറെ താല്പര്യമായിരുന്നു കുഞ്ഞുണ്ണി മാഷിനെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ കവി രമേശന് നായര്‍ അധ്യക്ഷത വഹിച്ചു. ബാലഗോകുലത്തിന്റെ സാന്ദീപനിയായിരുന്നു കുഞ്ഞുണ്ണി മാഷെന്ന് എസ്. രമേശന്‍നായര്‍ അഭിപ്രായപ്പെട്ടു. എനിക്ക് മതമുണ്ടെന്നും എന്നാല്‍ കിഡ്നിക്ക് മതമില്ലെന്നുമാണ് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞതെന്ന് മുന്‍മന്ത്രി ലോനപ്പന് നമ്പാടന് അഭിപ്രായപ്പെട്ടു. ചടങ്ങില്‍ ആശംസാപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
ഋഷിതുല്യനും, ബ്രഹ്മചാരിയുമായിരുന്നു കുഞ്ഞുണ്ണിമാഷെന്ന് എം.എ.കൃഷ്ണന് പറഞ്ഞു. കാലഘട്ടത്തിന്റെ പരിവര്‍ത്തനത്തിന് വേണ്ടിയാണ് കുഞ്ഞുണ്ണി മാഷ് പ്രവര്‍ത്തിച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കുഞ്ഞുണ്ണിമാഷിന്റെ മരുമകള്‍ ഉഷ കേശവരാജ് എന്നിവര്‍ ആശംസാപ്രസംഗം നടത്തി. ബാലഗോകുലം സംസ്ഥാന നിര്‍വാഹകസമിതി അംഗം പ്രൊഫ. സി.എന്‍.പുരുഷോത്തമന് അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. എ.പി. ഭരത്കുമാര്‍ സ്വാഗതവും, ടി.കെ.വേണുഗോപാല്‍ നന്ദിയും പറഞ്ഞു. പ്രാന്തപ്രചാരക് പി.ആര്.ശശിധരന്, പ്രാന്ത സേവാപ്രമുഖ് ജി.പത്മനാഭന് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: