പാനൂര്‍: കുന്നോത്തുപറമ്പിലെ ബിജെപി പ്രവര്ത്തകന് കെ.സി.രാജേഷ് വധം ആസൂത്രണം ചെയ്തവരെ പോലീസ് അറസ്റ്റ് ചെയ്തു. ടി.പി.ചന്ദ്രശേഖരന് വധത്തിലെ പ്രതികളായ കുന്നോത്തുപറമ്പ് ലോക്കല്‍ക്കമ്മറ്റി അംഗം പറമ്പത്ത് ജ്യോതിബാബു, മീത്തലെ കുന്നോത്ത്പറമ്പ് മുന്‍ ബ്രാഞ്ച് സെക്രട്ടറി വടക്കയില്‍ മനോജ് എന്ന ട്രൗസര്‍ മനോജ് എന്നിവരെയാണ് പാനൂര്‍ സിഐ ജയന് ഡൊമിനിക്ക് അറസ്റ്റ് ചെയ്തത്. ഇരുവരെയും ജൂലൈ 4 വരെ കസ്റ്റഡിയില്‍ വാങ്ങി. തലശ്ശേരി അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുമ്പാകെ അന്വേഷണ സംഘം നല്കിയ അപേക്ഷ പരിഗണിച്ചാണ് കസ്റ്റഡിയില്‍ കൊടുത്തത്.
കൊല്ലപ്പെട്ട കെ.സി.രാജേഷിന്റെ ബന്ധുക്കള്‍ കഴിഞ്ഞദിവസം കണ്ണൂര്‍ പോലീസ് സൂപ്രണ്ടിനും തലശ്ശേരി ഡിവൈഎസ്പിക്കും പരാതി നല്‍കിയിരുന്നു. അഡ്വ.പി.പ്രേമരാജന്‍ മുഖേന നല്കിയ പരാതിയില്‍ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും മുന്‍ അന്വേഷണം നീതിപൂര്‍വ്വമായല്ല നടന്നതെന്നും വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് പാനൂര്‍ സിഐ ജയന് ഡൊമിനിക്കും സംഘവും അന്വേഷണം നടത്തി. ആള് മാറാട്ടം നടത്തിയ തളത്തില്‍ ജൂലിഷിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സഹോദരന് തളത്തില്‍ ജൂഷിത്തായിരുന്നു നേരത്തെ പ്രതിയായത്.
ഇവര്‍ക്കെതിരെ ആള് മാറാട്ടം നടത്തിയതിനും കേസെടുത്തു. ജൂലിഷിനെ ചോദ്യം ചെയ്തപ്പോഴാണ് ഗൂഢാലോചനയില്‍ പങ്കാളിയായ സിപിഎം നേതാക്കളെക്കുറിച്ച് വിവരം ലഭിക്കുന്നത്. 2009-ല്‍ കുന്നോത്ത്പറമ്പില്‍ വെച്ച് പറമ്പത്ത് അജയന് എന്ന സിപിഎം അനുഭാവി കൊല്ലപ്പെട്ടിരുന്നു. അജയന്റെ ജ്യേഷ്ഠനായ ജ്യോതിബാബു സിപിഎം നേതൃത്വത്തിന്റെ അനുവാദത്തോടുകൂടി കൊലപാതകത്തിന് പ്രതികാരം ചെയ്യുകയായിരുന്നു. ആ കേസില്‍ രാജേഷിനെ പ്രതി ചേര്‍ത്തിരുന്നു. 2010 ആഗസ്റ്റ് 9ന് രാത്രി 8 മണിയോടെ കുന്നോത്ത്പറമ്പ് ടൗണില്‍ നിര്‍ത്തിയിട്ട ജീപ്പ്പിലിരിക്കുകയായിരുന്ന രാജേഷിനെ സിപിഎം അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
അജയന് കേസില്‍പ്പെട്ട സജിത്തിനെ തേടിയെത്തിയ സംഘം രാജേഷിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. അരയാക്കൂലിലെ ജന്മീന്റവിട ബിജു, ടി.പി.വധത്തില്‍ റിമാന്റില്‍ കഴിയുന്ന അണ്ണന് സിജിത്ത്, എം.സി.അനൂപ് തുടങ്ങിയ പതിനൊന്ന് സംഘമാണ് കൃത്യം നടത്തിയത്. ഇതില്‍ പ്രതിപ്പട്ടികയിലെ 4,5 പ്രതികളെ ഇനിയും പിടികൂടാനുണ്ട്. തലശ്ശേരി ഭാഗത്തുള്ള ഈ രണ്ടുപേര്‍ക്കായി അന്വേഷണ സംഘം തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. രാജേഷിന്റെ കൊലപാതകത്തിനുശേഷമാണ് ടി.പി.വധത്തില്‍ ജ്യോതിബാബുവും മനോജും പങ്കാളികളായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: