വടകര: ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റംഗം പി. മോഹനനെ അറസ്റ്റ് ചെയ്തതോടെ സിപിഎം അക്രമത്തിന്റെ പാതയിലേക്ക്. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പരിസരത്ത് സിപിഎമ്മുകാര്‍ മണിക്കൂറുകളോളം അഴിഞ്ഞാടി. മാധ്യമപ്രവര്‍ത്തകരെയും പോലീസുകാരെയും പൊതുജനങ്ങളെപ്പോലും അക്രമം നടത്തിയ സിപിഎമ്മുകാര്‍ വെറുതെ വിട്ടില്ല.
മോഹനനെ അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന് രാവിലെ കൊയിലാണ്ടി പോലീസ് സ്റ്റേഷന് സിപിഎമ്മുകാര്‍ ഉപരോധിച്ചിരുന്നു. നിയമവാഴ്ചയെ പരസ്യമായി വെല്ലുവിളിക്കുന്ന സിപിഎം നിലപാട് കോടതിയിലും ആവര്‍ത്തിക്കുന്ന കാഴ്ചയാണ് ഇന്നലെ ദൃശ്യമായത്. മുദ്രാവാക്യങ്ങള്‍ മുഴക്കി വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് പരിസരത്തെത്തിയ സിപിഎമ്മുകാര്‍ കോടതിയ്ക്ക് നേരെ കല്ലെറിയുകയായിരുന്നു.
പോലീസിന് നേരെ കല്ലെറിഞ്ഞും കയ്യേറ്റം നടത്തിയും കോടതി പരിസരത്ത് ഒന്നര മണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച സിപിഎമ്മുകാര്‍ റെവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരെയും മാധ്യമപ്രവര്‍ത്തകരെയും വെറുതെ വിട്ടില്ല.
കൊയിലാണ്ടിയില്‍ വെച്ച് കസ്റ്റഡിയിലെടുത്ത ജില്ലാ സെക്രട്ടറിയേറ്റംഗം പി.മോഹനനെ വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുന്ന വിവരമറിഞ്ഞ് കോടതി പരിസരത്തെത്തിയ സിപിഎമ്മുകാരാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
ആദ്യമൊക്കെ മുദ്രാവാക്യം വിളികളില്‍ മാത്രമൊതുങ്ങിയ പ്രതിഷേധം പിന്നീട് അക്രമത്തിലേക്ക് നീങ്ങി. കോടതിയ്ക്ക് സമീപം നിലയുറപ്പിച്ച റെവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരെ കണ്ടതോടെ ആക്രോശിച്ച് കൊണ്ട് ഓടിയടുത്ത സിപിഎമ്മുകാര്‍ അവരെ കയ്യേറ്റം ചെയ്യുകയായിരുന്നു. തടയാന്‍ ശ്രമിച്ച പോലീസിന് നേരെ തിരിഞ്ഞ സിപിഎമ്മുകാര്‍ പോലീസ് വാഹനങ്ങള്‍ അടിച്ചുതകര്‍ക്കുകയും പോലീസുകാരെ കയ്യേറ്റം ചെയ്യുകയും ചെയ്തു.
സമീപത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരും സിപിഎമ്മുകാരുടെ ആക്രമണത്തിന് ഇരയായി. റോഡരികില്‍ നിര്‍ത്തിയിട്ട ഏതാനും വാഹനങ്ങളും അടിച്ചുതകര്‍ത്തു. കോടതിയ്ക്ക് നേരെ കല്ലെറിഞ്ഞ ശേഷം സിപിഎമ്മുകാര്‍ കോടതിയ്ക്കുള്ളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. കോടതി പരിസരത്ത് അഴിഞ്ഞാടിയവരെ പിരിച്ചുവിടാന്‍ പോലീസിന് ലാത്തിച്ചാര്‍ജ്ജും ഗ്രനേഡ്-കണ്ണീര്‍വാതക പ്രയോഗവും നടത്തേണ്ടിയും വന്നു.
പി.മോഹനന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ കോഴിക്കോട് ജില്ലയില്‍ സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: