അമൃത്സര്‍ : വധശിക്ഷക്ക് വിധിക്കപ്പെട്ട് പാക്കിസ്ഥാനില്‍ ജയിലില്‍ കഴിയുന്ന സരബ്ജിത് സിംഗിനെ ഇസ്ലാമിലേക്ക് മതം മാറ്റിയെന്നും ഇപ്പോള്‍ സര്‍ഫ്രാസ് എന്ന പേരിലാണ് സരബ്ജിത് അറിയപ്പെടുന്നതെന്നും ജയില്‍ മോചിതനായ സുര്‍ജിത് സിംഗിന്റെ വെളിപ്പെടുത്തല്‍. സരബ്ജിത്തിനൊപ്പം വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കൃപാല്‍ സിംഗ് എന്ന ഇന്ത്യക്കാരനെയും മതം മാറ്റിയെന്ന് സുര്‍ജിത് സിംഗ് പറഞ്ഞു. പാക്കിസ്ഥാന് സര്‍ക്കാരില്‍ നിന്ന് ദയ പ്രതീക്ഷിച്ചാണ് ഇരുവരും ഇസ്ലാംമതം സ്വീകരിക്കാന്‍ നിര്‍ബന്ധിതരായതെന്നും എന്നാല്‍ സ്വന്തം രാജ്യത്തുള്ളവരോട് പോലും ദയവ് കാട്ടാത്ത പാക് സര്‍ക്കാര്‍ ഇവരോട് കരുണ കാട്ടിയില്ലെന്നും സുര്‍ജിത് സിംഗ് കുറ്റപ്പെടുത്തി. അമൃത്സറില് സുവര്‍ണക്ഷേത്രം സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുര്‍ജിത് സിംഗ്. പാക്കിസ്ഥാനില്‍ ഒട്ടേറെപ്പേര്‍ തന്റെ സുഹൃത്തുക്കളാണെന്നും കാര്യങ്ങള്‍ നന്നായി നടന്നാല്‍ മൂന്ന് മാസത്തിനകം സരബ്ജിത് സിംഗിനെ തിരികെ വീട്ടിലെത്തിക്കാന്‍ കഴിയുമെന്നും സുര്‍ജിത് സിംഗ് പറഞ്ഞു. പാക്കിസ്ഥാനിലെ മാധ്യമങ്ങളും ചാരസംഘടനയായ ഐഎസ്ഐയുമാണ് സരബ്ജിത്തിന്റെ മോചനത്തെ എതിര്‍ക്കുന്നതെന്നും സുര്‍ജിത് സിംഗ് പറഞ്ഞു.
എന്നാല്‍ സരബ്ജിത് സിംഗ് ഇസ്ലാം മതം സ്വീകരിച്ചെന്ന വാദം അദ്ദേഹത്തിന്റെ സഹോദരി ദല്‍ബീര്‍ കൗര്‍ നിഷേധിച്ചു. സരബ് ഇപ്പോഴും സിക്കുകാരനാണെന്നും ജയിലില്‍ സിക്ക് ഗുരുവിന്റെ ഫോട്ടോ സൂക്ഷിക്കുന്ന വ്യക്തിയാണെന്നും അവര്‍ പറഞ്ഞു. എല്ലാദിവസവും സരബ് ജയിലില്‍ സിക്ക് മതഗ്രന്ഥം വായിക്കാറുണ്ടെന്നും ദല്‍ബീര്‍ പറഞ്ഞു. താന്‍ പാക് ജയിലില്‍ സരബിനെ സന്ദര്ശിക്കെനെത്തിയപ്പോള് സരബ്ജിത് എന്ന പേരില്‍ തന്നെയാണ് മറ്റുള്ളവര്‍ അദ്ദേഹത്തെ വിളിച്ചതെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ കൃപാല്‍ സിംഗിനെ മറ്റുള്ളവര്‍ മുസ്ലീം പേര് വിളിക്കുന്നത് താന്‍ കേട്ടിരുന്നെന്നും ദല്‍ബീര്‍ കൗര്‍ പറഞ്ഞു.
ഇതിനിടെ, സരബ്ജിത് സിംഗിന്റെ മോചനം ആവശ്യപ്പെട്ട് പഞ്ചാബ് നിയമസഭ പ്രമേയം പാസ്സാക്കി. 20 വര്‍ഷമായി പാക് ജയിലില്‍ കഴിയുന്ന സരബ്ജിത്തിന്റെ മോചനത്തിനായി കേന്ദ്രസര്‍ക്കാര്‍ അടിയന്തരനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രമേയം. സരബിന്റെ മോചനത്തിനാവശ്യമായ നടപടികളെടുക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍ പ്രധാനമന്ത്രിയോടും വിദേശകാര്യമന്ത്രിയോടും ആവശ്യപ്പെട്ടു. സരബിനെ മോചിപ്പിക്കുന്നത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുമെന്നും ബാദല്‍ പ്രമയേത്തില്‍ ചൂണ്ടിക്കാട്ടി. വിവിധ കുറ്റങ്ങള്‍ ചുമത്തപ്പെട്ട് പാക് ജയിലുകളില്‍ കഴിയുന്ന മറ്റ് ഇന്ത്യക്കാരെയും വിട്ടയക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. മുപ്പത് വര്‍ഷത്തിന് ശേഷം ജയില്‍ മോചിതനായെത്തിയ സുര്‍ജിത് സിംഗിനാവശ്യമായ സഹായം സര്‍ക്കാര്‍ ചെയ്ത് കൊടുക്കുമെന്ന് പ്രമേയത്തില്‍ മുഖ്യമന്ത്രി ബാദല്‍ ഉറപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: