പാനൂര്‍(കണ്ണൂര്‍): തൂവ്വക്കുന്നിലെ അങ്ങാടിയുള്ളതില് സുബൈര്‍ (23)കൊലപാതകത്തില്‍ പി.കെ.കുഞ്ഞനന്തന് പങ്കുണ്ടെന്ന് ഉപ്പ അഹമ്മദ് ഹാജി. 2000 ജൂണ്‍ 16ന് വെകിട്ട് പാറാട് ടൗണില്‍ വെച്ചാണ് സിപിഎമ്മുകാര്‍ സുബൈറി(23)നെ വെട്ടിക്കൊന്നത്. 12 വര്‍ഷം പിന്നിട്ട് സംഭവത്തില്‍ പിതാവ് നീതി തേടി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണിപ്പോള്‍. 19 സിപിഎം പ്രവര്‍ത്തകരെ പ്രതിചേര്‍ത്ത് ക്രൈംബ്രാഞ്ച് സംഘം തലശ്ശേരി കോടതിയില്‍ കുറ്റപ്പത്രം നല്‍കിയെങ്കിലും കേസ് സിബിഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് അഹമ്മധാജി ഹൈക്കോടതിയെ സമീപിച്ചതിനാല്‍ വിചാരണ നിര്‍ത്തിവെച്ചിരിക്കുകയാണ്. തന്റെ മകനെ കൊല്ലിച്ച, ഇന്ന് വാര്‍ത്തകളില്‍ നിറഞ്ഞ് നിന്ന് കുപ്രസിദ്ധി നേടിയ പി.കെ.കുഞ്ഞനന്തനെ നിയമത്തിനുമുന്നിലെത്തിക്കാതെ ഒരടി പുറകോട്ടില്ലെന്ന് ഈ വന്ദ്യവയോധികന് ഉറപ്പിച്ചു പറയുന്നു.
അവന്റെ ശിക്ഷ പടച്ചോന്റെ കോടതി എടുത്തുകഴിഞ്ഞു. തന്റെ മകനെ കൊല്ലിക്കാന്‍ ലക്ഷങ്ങള്‍ വാങ്ങിയ ശെയ്ത്താന്മാരെ ഓരോരുത്തരേയും ഇപ്പോള്‍ ശിക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ടി.പി.ചന്ദ്രശേഖരന് വധത്തില്‍ റിമാന്റില്‍ കഴിയുന്ന കുഞ്ഞനന്തനെക്കുറിച്ച് അഹമ്മദ് ഹാജി പറഞ്ഞു. സിപിഎം രാഷ്ട്രീയ ഗുണ്ടകളുടെ ഒരു കൂട്ടമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗള്‍ഫിലെ സാമ്പത്തിക ഇടപ്പാട് പ്രശ്നമായിരുന്നു സുബൈറിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസിന്റെ എഫ്ഐആര്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. സുബൈറിന്റെ ബന്ധുവായ കുഞ്ഞമ്മദുമായി ഖത്തറില്‍ നിന്നുമുള്ള പണമിടപ്പാട് സിപിഎം നേതാവ് പി.കെ.കുഞ്ഞനന്തന് ഏറ്റെടുക്കുകയും മധ്യസ്ഥം പറയുകയും ചെയ്തിരുന്നു.
സിപിഎം അനുഭാവി തന്നെയായിരുന്ന സുബൈറിനെ അനുനയത്തില്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനും പ്രശ്നം പരിഹരിക്കാനും പി.കെ.കുഞ്ഞനന്തന് ശ്രമിച്ചെങ്കിലും സുബൈര്‍ വഴങ്ങാതിരിക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു. അന്യായമായ പ്രശ്നമായതിനാല്‍ സുബൈര്‍ പി.കെ.കുഞ്ഞനന്തന്റെ വാക്കുകള്‍ നിരസിക്കുകയായിരുന്നു. ഒരു കൊലപാതകത്തില്‍ എത്തേണ്ടുന്ന പ്രശ്നമില്ലായെന്നതിനാല് വലിയ പ്രാധാന്യവും സുബൈര്‍ ആ വിഷയത്തിന് നല്കിയിരുന്നുമില്ല. എന്നാല്‍ പിന്നീട് ഭീഷണി സ്വരവുമായി ഭാവം മാറി വന്ന കുഞ്ഞനന്തന്റെ ഇടപെടലാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് ആരോപണം.
സിപിഎമ്മുമായി ആയിടയ്ക്ക് സുബൈറിന്റെ ബന്ധം കുറഞ്ഞുവരികയും ചെയ്തിരുന്നു. ഈ കാരണം കൂടി കണക്കിലെടുത്ത് കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ സിപിഎം ക്രിമിനല്‍ സംഘങ്ങളെ ഉള്‍ക്കൊള്ളിച്ചായിരുന്നു സുബൈറിനെ കൊലപ്പെടുത്തിയതെന്നാണ് ആരോപണം. കൈവേലിക്കലിലെ കാട്ടി സുരേഷ്, കതിരൂരിലെ കുനിയില്‍ മേനശ്ശേരി സൂരജ്, കരുവമ്പ്രത്ത് സുനില്‍കുമാര്‍ എന്ന മത്തായി സുനി, കുട്ടിമാക്കൂലിലെ പൊയ്യൊതി സഹദേവന്, ചമ്പാട് മൂര്ത്തക്കാട്ടില് ഷാനവാസ് എന്ന ഷാന്‍, കോഴിക്കോട് വളയം ഭാഗത്തെ രാജന് എന്ന റാവുത്തര്‍ രാജന്, എസ്.അശോകന് തുടങ്ങിയ വിവിധ മേഖലകളിലെ സിപിഎം അക്രമികളാണ് കൊലപാതകത്തില്‍ പ്രതികളായിട്ടുള്ളത്. സിപിഎമ്മിന്റെ ഭരണമായതിനാല്‍ അന്വേഷണത്തില്‍ തുടക്കം മുതല്‍ ഇടപെടലുകള്‍ തുടങ്ങിയിരുന്നു.
15 ദിവസത്തിനുള്ളില്‍ ലോക്കല്‍ പോലീസില്‍ നിന്നും ക്രൈംബ്രാഞ്ചിന് കേസ് കൈമാറിയത് ധൃതിപിടിച്ചായിരുന്നുവെന്ന് വ്യക്തം. അന്ന് ഇ.കെ.നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി.ശശിയാണ് ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് സുബൈറിന്റെ ഉപ്പ ഇപ്പോഴും ഉറച്ച് വിശ്വസിക്കുന്നു. ഗള്‍ഫില്‍ നിന്നും പണം കൊടുത്ത് തന്റെ മകനെ കൊല്ലിച്ച കുഞ്ഞമ്മദ് എന്നയാള്‍ കേസില്‍ പ്രതിയാകാതെ ഇന്നും സുഖമായി ജീവിക്കുന്നുവെന്ന യാഥാര്‍ഥ്യവും ഇദ്ദേഹം മറച്ചുവെയ്ക്കുന്നില്ല. ടി.പി.ചന്ദ്രശേഖരന് കൊലപാതകത്തില്‍ പിടിക്കപ്പെട്ട പി.കെ.കുഞ്ഞനന്തന് തന്റെ മകനെ കൊന്നതില്‍ പങ്കുണ്ടെന്ന് ചോദ്യം ചെയ്യലില്‍ പറഞ്ഞതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ടെന്ന് മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ സത്യം എത്ര കാലം കഴിഞ്ഞാലും പുറത്ത് വരുമെന്നും ദൈവത്തിന്റെ കോടതി അവര്‍ക്ക് ശിക്ഷ വധിക്കുമെന്നും ദൈവവിശ്വാസിയായ ഈ വയോധികന് വിശ്വസിക്കുന്നു.
കൊലപാതകം രാഷ്ട്രീയ അസഹിഷ്ണുതയുടെ അനന്തരഫലമെന്ന് വിശ്വസിക്കുന്ന കണ്ണൂര്കാര്ക്ക് സുബൈറിന്റെ കൊല ഏത് പ്രത്യയശാസ്ത്രത്തിന്റെ നിലനില്പ്പിനുവേണ്ടിയാണെന്നുള്ള സംശയം ബാക്കി വെച്ചിരിക്കുകയാണ്. പി.കെ.കുഞ്ഞനന്തന് എന്ന സിപിഎം പാനൂര്‍ ഏരിയാ കമ്മറ്റി അംഗം ടി.പി.വധത്തിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകുന്നതോടെ സംശയം ദുരീകരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് സുബൈറിന്റെ ബന്ധുക്കളും നാട്ടുകാരും.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: