തൃശൂര്‍ : സംസ്ഥാനത്തെ വിലക്കയറ്റം തടയുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ എല്ലാ രാഷ്ട്രീയ കക്ഷികളെയും ഉള്‍പ്പെടുത്തി സര്‍വ്വകക്ഷിയോഗം വിളിച്ചു ചേര്‍ക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരന് ആവശ്യപ്പെട്ടു. വിലക്കയറ്റം സംബന്ധിച്ച ആശങ്ക അറിയിക്കാന്‍ കേന്ദ്രത്തിലേക്ക് സര്‍വകക്ഷി അംഗത്തെ അയക്കണം. കര്‍ഷകമോര്‍ച്ച ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രാസവളങ്ങളുടെ അമിതമായ വിലവര്‍ദ്ധന പിന്‍വലിക്കണമെന്നും കര്‍ഷകദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഏജീസ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് സാധാരണ ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കുവാനോ ദുരിതങ്ങള്‍ പരിഹരിക്കുവാനോ നേരമില്ല. പാണക്കാട് തങ്ങള്‍ എന്തുപറയുന്നോ അതനുസരിച്ച് തുള്ളുവാനാണ് നേരമുള്ളൂ. ലീഗിന് കേരളത്തെ തീറെഴുതിക്കൊടുക്കേണ്ട ഗതികേടിലേക്ക് മാറിക്കഴിഞ്ഞു. ലീഗില്‍ നിന്നും വിദ്യാഭ്യാസ വകുപ്പ് എടുത്ത് മാറ്റണമെന്ന് മുരളീധരന് ആവശ്യപ്പെട്ടു. കാര്‍ഷിക മേഖലയോട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തികഞ്ഞ അവഗണനയാണ് കാണിക്കുന്നത്. കാര്‍ഷിക മേഖല ഏറ്റവും കടുത്ത പ്രതിസന്ധി നേരിടുന്ന സംസ്ഥാനമാണ് കേരളം. എന്നാല്‍ ഇതിനെതിരെ നടപടിയെടുക്കാന്‍ യുഡിഎഫ് സര്‍ക്കാരിന് കഴിയുന്നില്ല.
കാര്‍ഷിക ഉത്പന്നങ്ങളുടെ വിലത്തകര്‍ച്ചയും കര്‍ഷകരെ കഷ്ടത്തിലാക്കിയിരിക്കുകയാണ്. കര്‍ഷകരില്‍ നിന്നും സംഭരിച്ച നെല്ലിന് വില നല്കാന് പോലും സര്‍ക്കാരിന് സാധിക്കുന്നില്ല. രാസവളങ്ങളുടെ വില വര്‍ദ്ധിച്ചതോടെ സംസ്ഥാനം മുമ്പെങ്ങുമില്ലാത്തവിധത്തില്‍ രൂക്ഷമായ വിലക്കയറ്റത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ഹോര്‍ട്ടികോര്‍പ്പ് സ്ഥാപനം തമിഴ്നാട്ടില്‍ നിന്നും തങ്ങള്‍ക്ക് താല്പര്യമുള്ള മൊത്തക്കച്ചവടക്കാരില്‍ നിന്നും പച്ചക്കറി വാങ്ങി കേരളത്തില്‍ വില്പന നടത്തുകയാണ്. ഇതിലൂടെ കോടികളുടെ അഴിമതിയാണ് നടക്കുന്നതെന്നും മുരളീധരന് ആരോപിച്ചു.
കര്‍ഷകമോര്‍ച്ച ജില്ല പ്രസിഡണ്ട് ഇ.കെ.ഭാസ്കരന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് ടി.ചന്ദ്രശേഖരന്, ബിജെപി ദേശീയസമിതി അംഗം ഇ.രഘുനന്ദനന്, കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി ഇ.എന്‍. വാസുദേവന്‍, പി.എസ്. ശ്രീരാമന്, ബിജെപി ജില്ല പ്രസിഡണ്ട് അഡ്വ. ബി.ഗോപാലകൃഷ്ണന്, ജനറല്‍സെക്രട്ടറിമാരായ എ.നാഗേഷ്, എ.ഉണ്ണികൃഷ്ണന് എന്നിവര്‍ സംസാരിച്ചു. കര്‍ഷകമോര്‍ച്ച ജില്ല ജന.സെക്രട്ടറി സുനില്‍ ജി.മാക്കന് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: