കൊച്ചി: രാഷ്ട്രീയ പ്രതിയോഗികളെ പട്ടിക തയ്യാറാക്കി കോന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടത്തിയ പ്രസംഗത്തിന്റെ പേരില്‍ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന എം.എം. മണിക്കെതിരെ കേസെടുക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിവാദപ്രസംഗത്തിന്റെ പേരില്‍ പോലീസ് എടുത്തിട്ടുള്ള കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മണി നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി.
എം.എം. മണിക്കെതിരെ കേസെടുത്ത് നടപടിയില്‍ അപാകതയില്ലെന്നും തുടരന്വേഷണം നടത്താമെന്നും ഹൈക്കോടതി ഉത്തരവിട്ടു. കേസിലെ പ്രഥമ വിവര റിപ്പോര്‍ട്ടും തുടരന്വേഷണത്തിന് അനുമതി നല്കിയ മജിസ്ട്രേറ്റ് കോടതി ഉത്തരവും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് }നല്കിയ ഹര്‍ജികള്‍ ജസ്റ്റീസ് എസ്.എസ്. സതീശ് ചന്ദ്രനാണ് തള്ളിയത്.
രാജ്യത്തെ അംഗീകൃത രാഷ്ട്രീയപാര്‍ട്ടിയുടെ നേതാവാണ് പ്രസംഗം നടത്തിയതെന്ന് കോടതി പറഞ്ഞൂ. എന്നാല്‍ ഇദ്ദേഹം ഒരു സാധാരണക്കാരനാണെന്ന വാദം അംഗീകരിച്ച് നടപടികള്‍ അവസാനിപ്പിക്കാനാവില്ല. നിശ്ചിത നിയമങ്ങള്‍ക്കും ആശയങ്ങള്‍ക്കും അധിഷ്ടിതമായി പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയാണ് രാഷ്ട്രീയമെന്നത് കൊണ്ട് അര്‍ഥമാക്കുന്നത്. ഭരണഘടന രാഷ്ട്രീയ പ്രവര്‍ത്തനത്തിനും അഭിപ്രായ സ്വാതന്ത്രത്തിനും അവകാശം നല്‍കുന്നുണ്ട്. എന്നാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി മറ്റൊരു പാര്‍ട്ടിയുടെ സ്വാതന്ത്രത്തില്‍ ഇടപെടുന്നത് ശരിയല്ല. ജീവന് ഭീഷണിയില്ലാതെ ജീവിക്കാന്‍ ഏതൊരു പൗരനും അവകാശമുണ്ട്. ജീവിക്കാനുള്ള അവകാശമെന്നത് അന്തസോടെയും സമാധാനത്തോടെയും ജീവിക്കാനുള്ള അവകാശമാണ്, കോടതി ചൂണ്ടിക്കാട്ടി.
മണിയുടെ പ്രസംഗത്തില്‍ പറയുന്നത് രാഷ്ട്രീയ എതിരാളികളെ പട്ടിക തയ്യാറാക്കി ഒന്നൊന്നായി കൊലപ്പെടുത്തിയെന്നാണ്. മണിയുടെ പാര്ട്ടിക്കാര് ഇത്തരം പ്രവര്‍ത്തികള്‍ കാലങ്ങളായി തുടരുന്നുവെന്ന വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്. അതിലുപരി സംഘം ചേരുന്നതിനും പ്രവര്‍ത്തിക്കുന്നതിനുമുള്ള ഒരു വിഭാഗം ആളുകളുടെ അവകാശത്തെ തടയുന്നതാണ് ഇത്തരം നടപടികള്‍. അതീവ ഗൗരവകരമായ ഇത്തരം കുറ്റകൃത്യവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കേണ്ടതില്ലെന്നും അന്വേഷണ സംഘത്തിന്റെ തുടരന്വേഷണത്തില്‍ അപാതകയില്ലെന്നും കോടതി വ്യക്തമാക്കി.
പ്രസംഗത്തിലെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്താല്‍ രാഷ്ട്രീയ കൊലപാതക കേസുകളില്‍ എം.എം. മണിക്ക് പങ്കുണ്ടെങ്കില്‍ അത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. രാഷ്ട്രീയ എതിരാളികളെ പൈശാചികമായി കൊലപ്പെടുത്താനുള്ള പദ്ധതി പരിശോധിക്കേണ്ടതുണ്ട്. സംഭവത്തില്‍ സിപിഎമ്മിന്റെയും മറ്റുള്ളവരുടേയും പങ്ക് അന്വേഷിക്കേണ്ടത് അന്വേഷണ സംഘത്തിന്റെ ഉത്തരവാദിത്വമാണ്. പുതിയ വെളിപ്പെടുത്തലിലെ വിവരങ്ങള്‍ അന്വേഷണ സംഘം മുമ്പ് അറിഞ്ഞിരുന്നില്ല. കൊലപാതകത്തിനുള്ള പദ്ധതി സംബന്ധിച്ച ഇത്തരം പ്രസംഗത്തില്‍ തുടരന്വേഷണം നടത്തുന്നതില്‍ അപാകതയില്ല. കേസുമായി ബന്ധപ്പെട്ട് മുമ്പ് ചില പ്രതികളെ വിചരണ ചെയ്ത് അന്തിമവിധി പ്രഖ്യാപിച്ചു എന്ന കാരണത്താല്‍ പ്രോസിക്യൂഷന് വിചാരണ ചെയ്യാത്തവരെ തുടരന്വേഷണത്തില്നിന്ന് ഒഴിവാക്കാനാവില്ല, കോടതി വ്യക്തമാക്കി.
മണിയുടെ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ അഞ്ചേരി ബേബി വധക്കേസ്, മുട്ടുകാട് നാണപ്പന് വധക്കേസ് എന്നിവയില്‍ തുടരന്വേഷണം നടത്താനുള്ള പോലീസിന്റെ ഹര്‍ജിയില്‍ കോടതി അനുമതി നല്കി. ഈ കൊലക്കേസുകള്‍ക്കു പുറമേ ബാലു വധക്കേസ്, മുള്ളഞ്ചേരില് മത്തായി വധക്കേസ് എന്നിവയുടെ തുടരന്വേഷണത്തിനും മജിസ്ട്രേട്ട് കോടതി അനുമതി നല്കി.
എന്നാല്‍ ഈ ആവശ്യങ്ങളൊന്നും സിംഗിള്‍ ബെഞ്ച് അനുവദിച്ചില്ല. ബോംബ് സ്ഫോടനത്തില്‍ മുന്‍ പ്രധാനമന്ത്രി കൊല്ലപ്പെട്ട സംഭവത്തില്‍ ചിലര്‍ക്ക് സുപ്രീം കോടതി ശിക്ഷ വിധിച്ചെങ്കിലും ഗൂഢാലോചനയെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുകള്‍ വന്നാല്‍ അതിനെക്കുറിച്ച് അന്വേഷിക്കരുതെന്ന് പറയാനാവുമോ ? രാജീവ് ഗാന്ധി വധക്കേസിനെ പേരെടുത്തു പറയാതെ കോടതി ചോദിച്ചു.
മണിയുടെ പ്രസംഗവും വെളിപ്പെടുത്തലുകളും പ്രഥമദൃഷ്ട്യാ ഗൗരവമുള്ള കുറ്റങ്ങളെക്കുറിച്ചാണെന്നതിനാല് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുന്നതില്‍ അപാകതയില്ല. സംഭവങ്ങളെക്കുറിച്ച് പൂര്‍ണ്ണതോതിലുള്ള അന്വേഷണം അനിവാര്യമാണ്. 13 പേരുടെ പട്ടിക തയ്യാറാക്കി മൂന്നു പേരെ വകവരുത്തിയെന്നാണ് പ്രസംഗത്തില്‍ പറയുന്നത്. ബാക്കിയുള്ളവരുടെ കാര്യം അന്വേഷണം നടത്തിയാല്‍ മാത്രമേ വ്യക്തമാകൂ. നാലു കേസുകളില്‍ വിചാരണ നടന്നു എന്നതു കൊണ്ട് മറ്റുള്ളവരുടെ കാര്യങ്ങള്‍ അന്വേഷിക്കേണ്ട എന്നു പറയാനാവില്ല, സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.
നിയമകാര്യ ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: