കൊച്ചി: മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച് മലപ്പുറത്തെ 35 സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്കാന് തീരുമാനിച്ച വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന് ഹിന്ദുഐക്യവേദി ആവശ്യപ്പെട്ടു. ലീഗ് മന്ത്രിമാരുടെ ധിക്കാരം നിറഞ്ഞ നടപടികളിലൊന്നുമാത്രമാണിത്. ലീഗിന്റെ ഹുങ്കിന് മുന്നില്‍ മുഖ്യമന്ത്രി നിസ്സഹായനാകുന്നത് അങ്ങേയറ്റം ലജ്ജാകരമാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്. വി. ബാബു പറഞ്ഞു. മലപ്പുറം ജില്ലയില്‍ യത്തീംഖാനകളുടെ നേതൃത്വത്തില്‍ നടക്കുന്ന സ്കൂളുകള്‍ക്ക് ഇപ്പോള്‍ എയ്ഡഡ് പദവി നല്‍കുന്നത് നഗ്നമായ വിദ്യാഭ്യാസ കച്ചവടത്തിന് കളമൊരുക്കാനാണ്. വിദ്യാഭ്യാസരംഗം ഇന്ന് കുത്തഴിഞ്ഞിരിക്കുകയാണ്. വിദ്യാഭ്യാസവകുപ്പ് കോണ്‍ഗ്രസ്സ് തന്നെ ഏറ്റെടുക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മതവിവേചനം അവസാനിപ്പിക്കണം. ഇന്നത്തെ സാഹചര്യം വച്ച് മലപ്പുറം ജില്ലയ്ക്ക് നല്‍കിവരുന്ന പ്രത്യേക പരിഗണനകള്‍ അവസാനിപ്പിക്കണം. സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും മലപ്പുറം ജില്ല ഇന്ന് ഏറെ മുന്നിലാണെന്ന് ബാബു അഭിപ്രായപ്പെട്ടു.
കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷത്തെ കലുഷിതമാക്കുന്ന നിലപാടുകളാണ് പലപ്പോഴും ലീഗ് കൈക്കൊള്ളുന്നത്. അധികാരത്തിലിരുന്നുകൊണ്ട് ആപത്കരമായ സാമുദായിക ചിന്തയാണ് ലീഗ് പ്രകടിപ്പിക്കുന്നത്. ഗംഗയും നിലവിളക്കും അസ്വീകാര്യമാവുന്ന മനോനില സമൂഹമനസ്സില്‍ വേദനയുളവാക്കിയിട്ടുണ്ട്. കേരളത്തിന്റെ സാംസ്കാരിക ബിംബങ്ങളെ മതവിശ്വാസത്തിന്റെ കരിമ്പടം കൊണ്ട് മൂടാന്‍ ശ്രമിക്കുന്നത് മതമൗലികവാദം തലയ്ക്ക് പിടിച്ചതുകൊണ്ടാണെന്ന് ബാബു ആരോപിച്ചു. 10-ാം ക്ലാസ്സിലെ സാമൂഹ്യപാഠപുസ്തകത്തില്‍ കാശ്മീരിനെ പാക്കിസ്ഥാന്റെ ഭാഗമാക്കി ചിത്രീകരിച്ചിരിക്കുന്നതും കാശ്മീരും ഹൈദരാബാദും ജുനഗഡും ഇന്ത്യയില്‍ ലയിച്ചത് സൈനികനടപടി മൂലമാണെന്ന തെറ്റായ ചരിത്രവിവരങ്ങള്‍ നല്കിയിരിക്കുന്നതും തീര്‍ത്തും നിഷ്കളങ്കതയോടെയാണെന്ന് കരുതാനാവില്ലെന്ന് ബാബു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: