തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പദ്ധതി പ്രകാരം മലപ്പുറത്ത് പ്രവര്‍ത്തിച്ചിരുന്ന 35 സ്കൂളുകള്‍ എയ്ഡഡ് സ്കൂളുകളാക്കുന്നതില്‍ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും രണ്ടു തട്ടില്‍. ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്കിടെ ആയിരുന്നു ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും തമ്മിലുള്ള ഭിന്നത പുറത്തു വന്നത്. ഇതിനെതിരെ എതിര്‍പ്പുമായി രംഗത്തു വന്ന പ്രതിപക്ഷം പിന്നീട് സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
മലപ്പുറത്തെ 41 സ്കൂളുകളില്‍ ആറെണ്ണത്തിന്റെ പ്രവര്‍ത്തനം നിലച്ചിരുന്നു. ശേഷിക്കുന്ന 35 സ്കൂളുകള്‍ എയ്ഡഡ് സ്കൂളുകളാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചുവെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. എന്നാല്‍ ഈ സ്കൂളുകളെ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നല്ലാതെ എയ്ഡ്ഡ് മേഖലയിലാണോ സര്‍ക്കാര്‍ മേഖലയിലാണോ നിലനിര്‍ത്തുകയെന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഫയല്‍ ധനവകുപ്പിന്റെ പരിഗണനയിലാണെന്നും അദ്ദേഹം അറിയിച്ചു.
വിദ്യാഭ്യാസ മന്ത്രി മന്ത്രിസഭാ തീരുമാനം അട്ടിമറിച്ചുവെന്ന് ആരോപിച്ച് പ്രതിപക്ഷം ഇതിനെതിരെ രംഗത്തു വന്നു. ഈ സ്കൂളുകളെ എയ്ഡഡ് സ്കൂളുകളാക്കിയാല്‍ വന്‍ അഴിമതിക്ക് കളമൊരുങ്ങുമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. സ്കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്സൈറ്റിലും പറയുന്നുണ്ടെന്ന് കോടിയേരി ചൂണ്ടിക്കാട്ടി. ഇതില്‍ ഏതാണു സത്യമെന്നു സഭയ്ക്കറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ മന്ത്രി ആവശ്യം പിന്‍വലിക്കണമെന്നും പുതിയ ഡിമാന്‍ഡ് അവതരിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം ശക്തമാക്കി. ഇതിനിടെ മറുപടി തുടരാന്‍ വിദ്യാഭ്യാസമന്ത്രിയോടു സ്പീക്കര്‍ നിര്‍ദേശിച്ചു. എന്നാല്‍ വിഷയത്തില്‍ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും വ്യത്യസ്ത നിലപാടുകളാണ് എടുക്കുന്നതെന്നാരോപിച്ചു പ്രതിപക്ഷം ഇറങ്ങിപ്പോവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: