തിരുവനന്തപുരം: വിലക്കയറ്റം ചര്‍ച്ച ചെയ്യാണമെന്നാവശ്യപ്പെട്ട് നല്കിയ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. മുന്‍മന്ത്രി സി.ദിവാകരനാണ് അടിയന്തര പ്രമേയ നോട്ടിസ് നല്‍കിയത്.
വിലക്കയറ്റം മൂലം സാധാരണക്കാരന്റെ ജീവിതം മുന്നോട്ടുകൊണ്ടുപോകാനാകാത്ത സ്ഥിതിയാണെന്ന് സി. ദിവാകരന് ചൂണ്ടിക്കാട്ടി. അവശ്യ സാധനങ്ങള്‍ക്കു 30- 140 ശതമാനം വരെ വിലവര്‍ധിച്ചു. വിലക്കയറ്റം തടയാന്‍ ശ്രമിക്കുന്നില്ലെന്നു മാത്രമല്ല, വിലക്കയറ്റത്തെ വഴിതുറന്നു വിടുന്ന സമീപനമാണു സര്‍ക്കാരിന്റേതെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പത്താമത്തെ സെക്രട്ടറിയെയാണ് സിവില്‍ സപ്ലൈകോയില്‍ നിയമിച്ചിരിക്കുന്നത്. മാത്രമല്ല സപ്ലൈകോയില്‍ ഒരു വര്‍ഷത്തിനകം ആറ് എം.ഡിമാരെയും മാറ്റി. ഇത് ജനങ്ങളെ അവഹേളിക്കുകയാണെന്നും സ്ഥലം മാറ്റം മൂലം പ്രതിസന്ധി പരിഹരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിലക്കയറ്റം യാഥാര്‍ഥ്യമാണെന്നും എന്നാല്‍ ഒരു പരിധി വരെ ഇതു നിയന്ത്രിക്കാന്‍ കഴിഞ്ഞെന്നും ഭക്ഷ്യവകുപ്പു മന്ത്രി അനൂപ് ജേക്കബ് മറുപടി നല്കി. അരിയുടെ ലഭ്യതയില്‍ കുറവില്ല. എന്നിട്ടും മാര്‍ക്കറ്റില്‍ അരിവില കുറയാത്തത് എന്തുകൊണ്ടെന്നു മനസിലാകുന്നില്ല. അതിനാല്‍ സപ്ലൈകോ വഴി 16 രൂപയ്ക്കു വിതരണം ചെയ്യുന്ന അരിയുടെ തോതു വര്‍ധിപ്പിക്കും. വേണ്ടിവന്നാല്‍ അരിക്കടകള്‍ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.
എന്നാല്‍ മന്ത്രിയുടെ വാദങ്ങളെ സി. ദിവാകരന് ഖണ്ഡിച്ചു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അവരുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടുകയാണ്. 13 തവണ പെട്രോള്‍ വിലവര്‍ധനവുണ്ടായി. മണ്ണെണ്ണ വിതരണം വെട്ടിക്കുറച്ചതിനെ തുര്‍ന്നു 18,000ത്തോളം ബോട്ടുകളാണ് മത്സ്യബന്ധനത്തിനു പോകാതിരിക്കുന്നതെന്നും ദിവാകരന് പറഞ്ഞു.
തുടര്‍ന്ന് സംസാരിച്ച മുഖ്യമന്ത്രി തമിഴ്നാട്ടില്‍ കനത്ത ചൂടു കാരണം പച്ചക്കറി ഉല്പാദനം കുറഞ്ഞതാണ് പച്ചക്കറിയുടെ വില ഉയരാന്‍ കാരണമെന്ന് പറഞ്ഞു. മുഖ്യമന്ത്രിയുടെയും മന്ത്രിയുടെയും മറുപടികളെ തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: