കൊല്‍ക്കത്ത: രാഷ്ട്രപതി സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നതുമായി ബന്ധപ്പെട്ടു ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജിയുമായി ചര്‍ച്ച നടത്തുമെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ അതിനുള്ള സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യു.പി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായതിനു ശേഷം ജന്മദേശമായ ബിര്‍ഭുമിലെ മിറാട്ടിയിലെത്തിയതായിരുന്നു പ്രണബ്. മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിനാണു മമത പിന്തുണ പ്രഖ്യാപിച്ചത്. എന്നാല്‍ കലാം മത്സരത്തിനില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. യു.പി.എയിലെ രണ്ടാം കക്ഷിയായ തൃണമൂല്‍ പ്രണബിനെ പിന്തുണയ്ക്കില്ലെന്ന നിലപാടാണ് എടുത്തിരിക്കുന്നത്. എന്‍.ഡി.എ പി.എ. സങ്മയെ പിന്തുണയ്ക്കുമെന്നും കരുതുന്നു. എന്നാല്‍ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല.
സംഗ്മ ശിവസേന തലവന്‍ ബാല്‍ താക്കറെയുടെ പിന്തുണ അഭ്യര്‍ത്ഥിക്കാന്‍ കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചിട്ടുണ്ടെങ്കിലും താക്കറെ അദ്ദേഹത്തെ കാണാന്‍ സാദ്ധ്യതയില്ലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചന നല്കി. പ്രണബ് മുഖര്‍ജിയെ പിന്തുണയ്ക്കാന്‍ ശിവേസന നേരത്തെ തീരുമാനിച്ചതിനാല്‍ താക്കറെയും സംഗ്മയും തമ്മിലുള്ള കൂടിക്കാഴ്ച എന്നൊരു കാര്യം ഉദിക്കുന്നില്ലെന്നും പാര്‍ട്ടി നേതാവ് സഞ്ജയ് റൗത്ത് പറഞ്ഞു. താക്കറെയെ കാണാന്‍ ഒരു മാസം മുമ്പ് തന്നെ സംഗ്മ അനുവാദം ചോദിച്ചിരുന്നതായും റൗത്ത് പറഞ്ഞു.
അതേസമയം സംഗ്മയെ മിസോറാമിലെ മുഖ്യപ്രതിപക്ഷമായ മിസോ നാഷണല്‍ ഫ്രണ്ട് പിന്തുണച്ചേക്കും. സംഗ്മയെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ പാര്‍ട്ടി ഹൈക്കമാന്‍ഡുമായി ആലോചിച്ച് ഈയാഴ്ച തന്നെ തീരുമാനം കൈക്കൊള്ളുമെന്ന് മിസോറാം മുന്‍ മുഖ്യമന്ത്രിയും എം.എന്‍.എഫ് സംസ്ഥാന പ്രസിഡന്റുമായ സൊറംതംഗ അറിയിച്ചു.
വടക്കു-കിഴക്കന്‍ മേഖലയില്‍ നിന്നുള്ള ഗോത്ര വര്ഗക്കാരനായതിനാലും ക്രിസ്ത്യാനിയായതിനാലും സംഗ്മയെ പിന്തുണയ്ക്കാന്‍ തത്വത്തില്‍ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. രാജ്യത്തെ പ്രഥമ പൗരന്റെ സ്ഥാനത്തേക്ക് ഒരു ക്രിസ്ത്യാനി വരുന്നത് നല്ലതാണെന്നും സൊറംതംഗ കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റില്‍ ഒരു അംഗമാണ് എം.എന്‍.എഫിനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: