ഗുഡ്ഗാവ്: ഹരിയാനയിലെ മനേസറില്‍ കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസുകാരി മഹിയെ 86 മണിക്കൂറിനു ശേഷം പുറത്തെടുത്തെങ്കിലും ജീവന് രക്ഷിക്കാനായില്ല. കുഴല്‍ക്കിണറില്‍ നിന്നു പുറത്തെടുത്ത ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നെന്നു ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
ബുധനാഴ്ച രാത്രി 11 മണിക്കാണ് 70 അടി താഴ്ചയുളള കുഴല്‍ക്കിണറിലേക്കു മഹി വീണത്. കുട്ടിയുടെ ചലനം നിരീക്ഷിക്കാന്‍ ഘടിപ്പിച്ച മോനിറ്ററില്‍ ആദ്യ രണ്ടു മണിക്കൂറില്‍ മാത്രമേ ചലനം കാണാന്‍ കഴിഞ്ഞുളളൂ. അതിനാല്‍ കുട്ടിയുടെ ജീവന് രക്ഷിക്കാനാകുമോയെന്ന് ആശങ്കയുണ്ടായിരുന്നു.
കുഴല്‍ക്കിണറില്‍ നിന്ന് എട്ടടി അകലെ സമാന്തരമായി കുഴിച്ച ശേഷം ഇരുകുഴികളും തമ്മില്‍ ബന്ധിപ്പിക്കുന്നയിടത്തുളള പാറകള്‍ നീക്കം ചെയ്താണു കുട്ടിയെ പുറത്തെടുത്തത്. സൈന്യം, പൊലീസ്, ഫയര്‍ഫോഴ്സ്, നാട്ടുകാര്‍ തുടങ്ങി എല്ലാവരും ചേര്‍ന്നു നടത്തിയ സംഘടിത ശ്രമത്തിനൊടുവിലാണു കുട്ടിയെ പുറത്തെടുത്ത്. പുറത്തെടുത്ത കുട്ടിയെ പുതപ്പിച്ച ശേഷം ഉടന്‍ ദൗത്യസംഘം ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
ആശുപത്രിയിലെത്തിയ ശേഷമാണ് മരണം സ്ഥിരീകരിച്ചത്. കുഴല്‍കിണറിനുള്ളില്‍ വച്ചുതന്നെ കുട്ടി മരണപ്പെട്ടിരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ നല്കുന്ന വിവരം. തന്റെ അഞ്ചാം പിറന്നാള്‍ ആഘോഷിക്കാനെത്തിയ ബന്ധുക്കളുടെ കുട്ടികളോടൊപ്പം കളിക്കുന്നതിനിടെയാണ് വീടിനു സമീപത്തെ എഴുപതടിയിലേറെ താഴ്ചയുള്ള കുഴല്‍ക്കിണറില്‍ മഹി വീണത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: