തിരുവനന്തപുരം: തന്റെ ബന്ധു ടി.കെ സോമന് ഭൂമി അനുവദിച്ച വിഷയത്തില്‍ ന്യായമായ ഇടപെടല്‍ മാത്രമെ നടത്തിയിട്ടുള്ളൂവെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്. സോമന് ഭൂമി അനുവദിച്ചത് 1977ല്‍ കെ കരുണാകരന് മുഖ്യമന്ത്രിയായിരുന്നപ്പോഴാണെന്നും വി.എസ്.പറഞ്ഞു.
ഭൂമിദാന കേസില്‍ വിജിലന്‍സിന് മൊഴി നല്‍കിയതിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വി.എസ്. 1977ല്‍ അനുവദിച്ച ഭൂമി തര്‍ക്കങ്ങള്‍ തീര്‍ത്ത് കൈവശം ലഭിച്ചത് 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. വില്പനാവകാശത്തിനായി വീണ്ടും 25 വര്‍ഷം കൂടി കാത്തിരിക്കണമെന്ന സ്ഥിതിവന്നപ്പോള്‍ മാത്രമാണ് ഇടപെട്ടത്.
മൂന്ന് ഏക്കര്‍ ഭൂമിയാണ് പട്ടാളക്കാരനായ സോമന് അനുവദിച്ചത്. എന്നാല്‍ സോമന് ദല്‍ഹിയിലേക്ക് സ്ഥലം മാറ്റം ലഭിച്ചു. തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മടങ്ങി വന്നപ്പോള്‍ സോമന് ഭൂമിക്കായി അധികൃതരെ സമീപിച്ചെങ്കിലും അത് വിറ്റുപോയെന്നായിരുന്നു മറുപടി. ഭൂമി ഏറ്റെടുക്കാനായി സോമന് വരാതിരുന്നതിനെ തുടര്‍ന്നാണ് ഭൂമി വിറ്റുപോയതെന്ന് അധികൃതര്‍ അറിയിച്ചത്. പിന്നീടാണ് കാസര്‍കോട് സോമന് മറ്റൊരു ഭൂമി അനുവദിക്കുന്നത്.
മുമ്പ് അനുവദിച്ച മൂന്ന് ഏക്കറിന് പകരം 2.33 ഏക്കര്‍ ഭൂമി മാത്രമേ അദ്ദേഹത്തിന് അനുവദിക്കപ്പെട്ടുള്ളൂ. അത് കേസില്‍പ്പെട്ട ഭൂമിയായതിനാല്‍ 25 വര്‍ഷം കഴിഞ്ഞു മാത്രമെ ക്രയവിക്രയം ചെയ്യാവൂ എന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇത് തന്നോട് കാണിക്കുന്ന അന്യായാമാണെന്നും പറഞ്ഞ് താന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് സര്‍ക്കാരിനെ സമീപിച്ചു. വേണ്ട നടപടി സ്വീകരിക്കാന്‍ അന്നത്തെ റവന്യൂ മന്ത്രി കെ.പി.രാജേന്ദ്രനോട് മന്ത്രിസഭായോഗം നിര്‍ദ്ദേശിച്ചു. എന്നാല്‍ ഉദ്യോഗസ്ഥര്‍ പിശകുകള്‍ ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്ന് ഉത്തരവ് നടപ്പാക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നുവെന്നും വി.എസ് പറഞ്ഞു. അതല്ലാതെ താന്‍ ആര്‍ക്കും ഭൂമി അനുവദിച്ചിട്ടില്ല.
ഈ സോമന് എന്നു പറയുന്ന ആള് എന്റെ അകന്ന ബന്ധുവാണ്, അമ്മയുടെ അനിയത്തിയുടെ സഹോദരിയുടെ മകളുടെ മകനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ നടത്തിയ കേസുകളുടെ പേരിലുള്ള രാഷട്രീയ പകപോക്കലാണ് ഇപ്പോഴത്തെ കേസെന്നും വി.എസ് പറഞ്ഞു. ടി.പി.ചന്ദ്രശേഖരന് വധത്തില്‍ പാര്‍ട്ടിയിലെ ആര്‍ക്കെങ്കിലും പങ്കുണ്ടെങ്കില്‍ അവര്‍ പാര്‍ട്ടിയില്‍ കാണില്ലെന്ന് പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും വി.എസ്.പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: