കോഴിക്കോട്: ഐസ്ക്രീം അട്ടിമറിക്കേസില്‍ അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പി.കെ കുഞ്ഞാലിക്കുട്ടിക്ക് ക്ലീന്‍ ചിറ്റ്. പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരായ തെളിവുകള്‍ നിലനില്‍ക്കുന്നതല്ലെന്നും കുഞ്ഞാലിക്കുട്ടി കേസില്‍ ഒരു ഘട്ടത്തില്‍ പ്രതിയായിരുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അദ്ദേഹത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തെളിയിക്കാന്‍ വേണ്ട തെളിവുകള്‍ ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഈ മാസം 14ന് കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്ടേറ്റ് കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസ് അട്ടിമറിക്കാന്‍ കുഞ്ഞാലിക്കുട്ടി വ്യാജരേഖകള്‍ ഉണ്ടാക്കിയെന്ന ആരോപണം നിലനില്‍ക്കുന്നതല്ല. കാരണം ഇതിന് തെളിവില്ല. എഫ്.ഐ.ആറില്‍ ചുമത്തിയിരിക്കുന്ന കുറ്റം നിലനില്‍ക്കുന്നതല്ലെന്നും തുടര്‍ നടപടികള്‍ക്ക് സാധ്യതയില്ലാത്തതിനാല്‍ കേസ് അവസാനിപ്പിക്കാന്‍ അനുവദിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ ബന്ധുവായ കെ.എ.റൗഫ് നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അന്വേഷണ സംഘം കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസിലെ സാക്ഷികളെ പി.കെ.കുഞ്ഞാലിക്കുട്ടി സ്വാധീനിച്ചു, കേസ് പരിഗണിച്ച ഹൈക്കോടതി ജഡ്ജിമാര്‍ക്ക് കോഴ നല്കി തുടങ്ങിയ ആരോപണങ്ങളാണ് കെ.എ റൗഫ് ഉന്നയിച്ചിരുന്നത്.
ഐസ്ക്രീം പാര്‍ലര്‍ കേസ് പി.കെ. കുഞ്ഞാലിക്കുട്ടി അട്ടിമറിച്ചുവെന്ന റൗഫിന്റെ പരാതിയില്‍ ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്താണ് അന്വേഷണം ആരംഭിച്ചത്. താമരശേരി ഡി.വൈ.എസ്.പി ജയ്സണ്‍ കെ.ഏബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷണം നടത്തിയത്. ഭരണമാറ്റത്തിന് ശേഷം അന്വേഷണം കാര്യക്ഷമമല്ലെന്നും അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇത് ഹൈക്കോടതി തള്ളിയ പശ്ചാത്തലത്തില്‍ വി.എസ്.സുപ്രീംകോടതിയെ സമീപിച്ചിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: