മുംബൈ: മഹാരാഷ്ട്രയിലെ സെക്രട്ടേറിയറ്റ് മന്ദിരത്തില്‍ വന്‍തീപിടിത്തം. ദക്ഷിണമുംബൈയില്‍ സ്ഥിതിചെയ്യുന്ന സെക്രട്ടേറിയറ്റില്‍ ഇന്നലെ ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി എന്നിവരുടെ ഓഫീസുകളും കത്തിനശിച്ചു. രണ്ടുപേര്‍ മരിച്ചതായി ഇന്നലെ വൈകി റിപ്പോര്‍ട്ട് ലഭിച്ചു. ഒട്ടേറെ പേര്‍ക്ക് പൊള്ളലേറ്റു. ഗോത്രവര്‍ഗ വികസനവകുപ്പുമന്ത്രി ബബന്റാവു പച്ച്പുട്ടിന്റെ നാലാം നിലയിലുള്ള കാബിനിലാണ് ആദ്യം തീ ഉയരുന്നതായി കണ്ടത്. മുകളിലെ നിലകളില്‍ നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. 16 ഫയര്‍ എഞ്ചിനുകളും പത്ത് ടാങ്കറുകളും സംഭവസ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങള്‍ നടത്തി. നഗരവികസനവകുപ്പ്, വൈദ്യുതവകുപ്പ് തുടങ്ങിയ വകുപ്പുകളടങ്ങിയ നാലാം നിലയില്‍നിന്നും മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതിചെയ്യുന്ന ആറാം നിലയിലേക്കും തീ പടരുകയായിരുന്നുവെന്ന് മന്ത്രി ബബന്റാവു പച്ച്പുട്ട് അറിയിച്ചു.
ഇന്നലെ ഉച്ചക്ക് 2.45 ഓടെ നാലാംനിലയില്‍ കാണപ്പെട്ട തീ അഞ്ച്, ആറ്, ഏഴ് നിലകളില്‍ കത്തിപ്പടര്‍ന്നു. തീക്കൊപ്പം ഉയര്‍ന്നുപൊങ്ങിയ കനത്ത പുക തീ അണക്കാനുള്ള ശ്രമങ്ങളെ പ്രതികൂലമായി ബാധിച്ചു. ഏകദേശം 20 മിനിറ്റിനുള്ളില്‍ 5,000 പേര് തീ പടരുന്നത് കണ്ട് ഓടിരക്ഷപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ആദര്‍ശ് ഫ്ലാറ്റ് കുംഭകോണക്കേസിലെ രേഖകള്‍ സൂക്ഷിച്ചുവെച്ചിട്ടുള്ള നഗരവികസനവകുപ്പ്, ആഭ്യന്തരവകുപ്പ്, റവന്യൂ, വ്യവസായ വകുപ്പുകള്‍ എന്നിവ ഭാഗികമായി കത്തിനശിച്ചിട്ടുണ്ട്. ആറാം നിലയിലുുള്ള മുഖ്യമന്ത്രി പൃഥ്വീരാജ് ചവാന്, ഉപമുഖ്യമന്ത്രി അജിത് പവാര്‍ എന്നിവരുടെ ഓഫീസുകളും സംഭവത്തില്‍ കത്തിനശിച്ചു.
തീ കത്തിപ്പടരുന്നതിന് മുമ്പ് സ്ഫോടനശബ്ദം കേട്ടതായി പച്ച്പുട്ട് പറഞ്ഞു. വിവരമറിഞ്ഞ് 20 മിനിറ്റുകള്‍ക്ക് ശേഷമാണ് അഗ്നിശമനസേനാംഗങ്ങള്‍ സംഭവസ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതെന്നും പച്ച്പുട്ട് വ്യക്തമാക്കി. മുംബൈ പോലീസ് കമ്മീഷണര്‍ അരുപ് പട്നായിക് സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. വീശിയടിച്ച കാറ്റ് തീയണക്കാനുള്ള ശ്രമങ്ങളെ പ്രതികൂലമായി ബാധിച്ചതായി കമ്മീഷണര്‍ അറിയിച്ചു. ആദര്‍ശ് ഫ്ലാറ്റ് കുംഭകോണക്കേസുമായി ബന്ധപ്പെട്ട രേഖകള്‍ സുരക്ഷിതമാണോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് ജനങ്ങളുടെ സുരക്ഷക്കാണ് പ്രഥമ പരിഗണനയെന്നും മറ്റ് കാര്യങ്ങള്‍ പിന്നീട് പരിശോധിക്കാമെന്നും കമ്മീഷണര്‍ മറുപടി നല്കി. ടെറസ്സില്‍ തങ്ങിയവരെ രക്ഷപ്പെടുത്താന്‍ നാവികസേനയുടെ രണ്ട് ഹെലികോപ്റ്ററുകളും മന്ത്രാലയത്തിന് മുകളിലൂടെ വട്ടമിട്ടുയര്ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: