കൊച്ചി: ദേശീയ കുറ്റാന്വേഷണ ഏജന്‍സി (എന്‍.ഐ.എ) സ്ഥാപക മേധാവി രാധാ വിനോദ് രാജു(65) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അന്ത്യം. രക്താര്‍ബുദത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി ചികിത്സയിലായിരുന്നു.
കഴിഞ്ഞ ദിവസമാണ് രാധാ വിനോദ് രാജുവിനെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം മൂര്ച്ഛിച്ചതേത്തുടര്ന്ന് അദ്ദേഹത്തെ ഐ.സി.യുവിലേയ്ക്കും പിന്നീട് വെന്റിലേറ്ററിലേയ്ക്കും മാറ്റിയിരുന്നു. ഇന്നലെ ശ്വാസകോശത്തില്‍ അണുബാധ കൂടി സ്ഥിരീകരിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ജീവന് രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചെന്നും എന്നാല്‍ നിര്‍ഭാഗ്യവശാല്‍ പരാജയപ്പെട്ടെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
മരണസമയത്ത് ഭാര്യയും മക്കളും സമീപത്തുണ്ടായിരുന്നു. രാവിലെ അഞ്ച് മണിയോടെ മൃതദേഹം ചിലവന്നൂര്‍ വിനോബ നഗറിലെ വസതിയിലേക്ക് കൊണ്ടുപോയി. പോലീസ് ബഹുമതികളോടെ ഇന്നു വൈകിട്ട് നാലിന് രവിപുരം ശ്മശാനത്തില്‍ മൃതദേഹം സംസ്കരിക്കും.
നിലവില്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന് അംഗമാണ് രാധാവിനോദ് രാജു. 2009ല്‍ എന്‍.ഐഎ രൂപീകരിക്കപ്പെട്ടപ്പോള്‍ ആദ്യ ഡയറക്ടറായാണ് അദ്ദേഹം ചുമതലയേറ്റത്. രാജീവ് ഗാന്ധി വധക്കേസ്, കാണ്ഡഹാര്‍ വിമാനറാഞ്ചല്‍ കേസ് എന്നിങ്ങനെ ഒട്ടേറെ സുപ്രധാന കേസുകള്‍ രാജു അന്വേഷിച്ചിട്ടുണ്ട്. ജമ്മു- കാശ്മീരില്‍ വിജിലന്‍സ് ചുമതലയുള്ള സ്പെഷല്‍ ഡി.ജി.പിയായും സി.ബി.ഐയുടെ അഡീഷണല്‍ ഡയറക്ടറായും രാജു പ്രവര്‍ത്തിച്ചിട്ടുണ്ട്.
1975ലെ ഐപിഎസ് കേഡര്‍ ഉദ്യോഗസ്ഥനാണ് അദ്ദേഹം. രാജുവിന്റെ ദീര്‍ഘകാലത്തെ അനുഭവസമ്പത്തും കഴിവും പരിഗണിച്ചായിരുന്നു അദ്ദേഹത്തെ എന്‍.ഐ.എയുടെ പ്രഥമ ഡയറക്ടറായി നിയമിച്ചത്. പശ്ചിമ കൊച്ചി അമരാവതി സ്വദരേശിയാണ് രാധാവിനോദ് രാജു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: