കെയ്റോ: ഈജിപ്ഷ്യന്‍ മുന്‍ പ്രസിഡന്റ് ഹോസ്നി മുബാറക്ക് മരിച്ചതായി റിപ്പോര്‍ട്ട്. പക്ഷാഘാതത്തെത്തുടര്‍ന്നു മുബാറക്കിനു മസ്തിഷ്ക മരണം സംഭവിച്ചതായി ആശുപത്രിവൃത്തങ്ങളെ ഉദ്ധരിച്ച് ഈജിപ്ഷ്യന്‍ വാര്‍ത്ത ഏജന്‍സി മെനയാണു വാര്‍ത്ത പുറത്തു വിട്ടത്. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
മുബാറക്കിനു മസ്തിഷ്ക മരണം സംഭവിച്ചെന്ന റിപ്പോര്‍ട്ട് തെറ്റാണെന്നും അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും സൈനിക നേതൃത്വം അറിയിച്ചു. മുബാറക്കിന്റെ ജീവന് രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഡോക്ടര്‍മാര്‍ തുടരുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യനിലയേക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ സൈനിക നേതൃത്വം തയാറായിട്ടില്ല.
ജീവപര്യന്തം തടവുശിക്ഷക്കു വിധിക്കപ്പെട്ട മുബാറക്കിനെ അനാരോഗ്യത്തെത്തുടര്‍ന്നു ജൂണ്‍ രണ്ടിനു തെക്കന്‍ കെയ്റോയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അറബ് വസന്തം എന്ന ജനകീയ പ്രക്ഷോഭത്തിനൊടുവിലാണു മുപ്പതു വര്‍ഷം നീണ്ട ഈജിപ്ഷ്യന്‍ പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ മുബാറക്ക് നിര്‍ബന്ധിതനായത്.
2011 ഫെബ്രുവരി 11 നായിരുന്നു മുബാറക്കിന്റെ രാജി. ജനകീയ പ്രക്ഷോഭത്തിനിടെ നിരവധി പേരെ കൊന്നൊടുക്കിയതിന്റെ പേരിലാണ് ഇദ്ദേഹത്തെ ജയിലിലടച്ചത്. അന്നുതന്നെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
പതിറ്റാണ്ടുകള്‍ക്കു ശേഷം കഴിഞ്ഞദിവസം ഈജിപ്റ്റില്‍ സ്വതന്ത്രമായി നടന്ന തെരഞ്ഞെടുപ്പില്‍ മുസ്ലീം ബ്രദര്‍ഹുഡ് സ്ഥാനാര്‍ഥി വിജയിച്ചതായി തെരഞ്ഞെടുപ്പ് സമിതി അനൗദ്യോഗികമായി പ്രഖ്യാപിച്ചതിനു പിന്നാലെ കെയ്റോയില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തിരിക്കുകയാണ്.
പുതിയ പ്രസിഡന്റിനു അധികാരം കൈമാറാന്‍ സായുധസേനാ നേതൃത്വം തയാറാകാത്തതാണ് സംഘര്‍ഷത്തിനു കാരണം. ഇതേത്തുടര്‍ന്ന് ആയിരക്കണക്കിനു മുസ്ലീം ബ്രദര്‍ഹുഡ് അനുകൂലികളാണ് കെയ്റോയിലെ തഹ്റീര്‍ ചത്വരത്തില്‍ തടിച്ചുകൂടിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: