കൊച്ചി: ഏറനാട് എം.എല്‍.എ പി.കെ.ബഷീറിനെതിരായ കേസ് പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് വിശദീകരണം നല്കാന് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഒരു സ്വകാര്യവ്യക്തി നല്കിയ ഹര്‍ജിയിലാണ് കോടതി നോട്ടീസയച്ചത്. പി.കെ.ബഷീറിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
2008 ല്‍ എടവണ്ണയിലായിരുന്നു ബഷീറിന്റെ വിവാദ പ്രസംഗം. പാഠപുസ്തക സമരവുമായി ബന്ധപ്പെട്ട് ഒരു അധ്യാപകന് മരിക്കാനിടയായ സംഭവത്തില്‍ ലീഗുകാര്‍ക്കെതിരെ ഒരാളെങ്കിലും സാക്ഷിപറഞ്ഞാല്‍ അവര്‍ വീട്ടിലെത്തില്ലെന്നായിരുന്നു ബഷീറിന്റെ ഭീഷണി. സാക്ഷികളെ ഭീഷണിപ്പെടുത്തിയതിന് ബഷീറിനെതിരേ എടുത്ത കേസ് സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഇത് പിന്നീട് മജിസ്ട്രേറ്റ് കോടതി ശരിവയ്ക്കുകയും ചെയ്തു. ഇതിനെതിരെയാണ് പൊതുതാത്പര്യ ഹര്‍ജി ഫയല്‍ ചെയ്തത്.
ആരീക്കോട് കുനി ഇരട്ടക്കൊലപാതകക്കേസിന്റെ എഫ്.ഐ.ആറിലും ബഷീറിനെ പ്രതിചേര്‍ത്തിട്ടുണ്ട്. കൊലപാതകത്തിന് പ്രേരിപ്പിക്കുന്നവിധത്തില്‍ പ്രസംഗിച്ചുവെന്നതിന്റെ പേരിലാണ് പ്രതിപ്പട്ടികയിലുള്‍പ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: