കോഴിക്കോട്: അരീക്കോട് ഇരട്ടകൊലക്കേസിലെ പ്രധാന പ്രതി മുഖ്താറിനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത് നാട്ടിലെത്തിച്ചു. ഇന്ന് പുലര്‍ച്ചെയാണ് ഇയാളെ ദോഹയില്‍ നിന്നുള്ള വിമാനത്തില്‍ കരിപ്പൂരിലെത്തിച്ചത്. ഇയാളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് കോടതിയില്‍ ഹാജരാക്കും. ഇതോടെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത എല്ലാവരും പിടിയിലായതായി പോലീസ് പറഞ്ഞു.
ജനുവരിയില്‍ വെട്ടേറ്റുമരിച്ച കുനിയില്‍ അതീഖ് റഹ്മാന്റെ സഹോദരനാണ് മുഖ്താര്‍. സഹോദരനെ വധിച്ചതിന് പ്രതികാരമായാണ് ഈ കേസിലെ പ്രതികളായ കൊളക്കാടന്‍ ആസാദിനെയെയും അബൂബക്കറിനെയും കഴിഞ്ഞയാഴ്ച്ച വെട്ടിക്കൊന്നത്. കൊലയുടെ ആസൂത്രണമടക്കം വെട്ടുന്നതുവരെയുള്ള എല്ലാ കാര്യങ്ങളിലും മുഖ്താര്‍ പങ്കെടുത്തിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കൊളക്കാടന്‍ സഹോദരന്മാര്ക്കെതിരെ ആക്രമണം നടക്കുന്നതിന് ഒരാഴ്ച മുമ്പാണ് മുഖ്താര്‍ ഗള്‍ഫില്‍ നിന്നും നാട്ടിലെത്തുന്നത്.
കൊലപാതകത്തിന് ശേഷം മുഖ്താര്‍ ഗള്‍ഫിലേക്ക് കടക്കുകയായിരുന്നു. മുഖ്താറിനെ ഗള്‍ഫിലെത്തിച്ച സ്പോണ്സര് വഴിയാണ് ഇയാളെ നാട്ടില്‍ തിരിച്ചെത്തിച്ചത്. കേസില്‍ അറസ്റ്റിലായ 15 പേരുടെ മൊഴികളില്‍ നിന്നാണ് കൊലപാതകത്തില്‍ മുഖ്താറിന്റെ പങ്ക് തെളിഞ്ഞത്.
കൊളക്കാടന്‍ സഹോദരന്മാരുടെ കൊലയില്‍ പോലീസ് എഫ്.ഐ.ആര് പ്രകാരം ഗൂഡാലോചനയ്ക്കും കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതിലും പ്രതിയായ പി.കെ.ബഷീര്‍ എം.എല്‍.എയുടെ പങ്ക് ഇനിയുള്ള അന്വേഷണത്തിലാണ് പരിശോധിക്കുക. ഇതുവരെയുള്ള അന്വേഷണത്തില്‍ എം.എല്‍. എയ്ക്കെതിരെ യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണസംഘം പറയുന്നത്. എന്നാല്‍ മുഖ്യആസൂത്രകനായ മുഖ്താര്‍ പിടിയിലായതോടെ ഇക്കാര്യത്തില്‍ കൃത്യമായ ഉത്തരം ലഭിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: