വടകര: ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ പോലീസ് പിടികൂടിയ കൊടി സുനിയെയും സിജിത്തിനെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു. കൊടി സുനിയെ ഈ മാസം 29 വരെയും സിജിത്തിനെ 22 വരെയുമാണ് കസ്റ്റഡിയില്‍ വിട്ടത്. ഇരുവരെയും രാവിലെ വടകര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നു.
കോഴിക്കോട് ജില്ലാ ജയിലില്‍ നിന്നും രാവിലെ ഒന്‍പതേ മുക്കാലോടെയാണ് കൊടി സുനിയെ കോടതിയിലെത്തിച്ചത്. 11 മണിയോടെയാണ് ഇവരെ കോടതിയില്‍ ഹാജരാക്കിയത്. കൊടി സുനിയെ എത്തിക്കുന്നതറിഞ്ഞ് വന്‍ജനക്കൂട്ടം കോടതിപരിസരത്ത് എത്തിയിരുന്നു. കഴിഞ്ഞദിവസം നടന്ന തിരിച്ചറിയല്‍ പരേഡില്‍ ഇയാളെ ദൃക്സാക്ഷി തിരിച്ചറിഞ്ഞിരുന്നു.
മെയ് നാലിന് രാത്രിയില്‍ ടി.പി. ചന്ദ്രശേഖരന് കൊല്ലപ്പെടുന്നത് കണ്ട ഒരാളാണ് തിരിച്ചറിയില്‍ പരേഡിനെത്തിയത്. കൊടി സുനിയുമായി സാമ്യമുള്ള ഒമ്പതുപേരെ കൂടെനിര്‍ത്തിയായിരുന്നു പരേഡ് നടത്തിയത്. പത്തുപേരുടെ ഇടയില്‍ സുനിയെ സാക്ഷി തൊട്ടുകാണിക്കുകയായിരുന്നു.
കനത്ത പോലീസ് വലയത്തോടെയാണ് പ്രതികളെ കോടതിയില്‍ എത്തിച്ചത്. ഇവരെ പിന്നീട് വടകര ജില്ലാ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. ഇവിടെയും ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. അതിനിടെ കൊലയാളി സംഘത്തിന് സഹായം ചെയ്തു കൊടുത്ത ദില്‍ഷാദിന്റെ റിമാന്‍ഡ് നീട്ടുകയും ചെയ്തു.
ചന്ദ്രശേഖരനെ വെട്ടിക്കൊന്ന സംഘത്തിലെ മറ്റൊരു മുഖ്യപ്രതിയായ പാട്യം സ്വദേശി ടി.കെ. രജീഷിനെ കര്‍ണാടക, ആന്ധ്ര, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ തെളിവെടുപ്പിന് കൊണ്ടുപോയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: