ന്യൂദല്‍ഹി: രാഷ്ട്രപതിസ്ഥാനാര്ത്ഥിയെച്ചൊല്ലിയുള്ള ചര്‍ച്ചകളും കൂടിയാലോചനകളും ഇന്നലെയും സജീവമായി തുടര്‍ന്നു. എന്‍ഡിഎയുടെ രാഷ്ട്രപതിസ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച തീരുമാനം കൂടുതല്‍ ചര്‍ച്ചകള്‍ക്കായി മാറ്റി. എന്‍സിപി നേതാവും ലോക്സഭാ മുന്‍ സ്പീക്കറുമായ പി.എ. സാംഗ്മ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിന്തുണ തേടി.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായ പ്രണബ് മുഖര്‍ജിയെ യുപിഎ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എന്‍ഡിഎ ഉള്‍പ്പെടെയുള്ള സഖ്യങ്ങളുടെ സ്ഥാനാര്‍ത്ഥി സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായത്. അന്തിമ തീരുമാനത്തിനായി ഇന്നലെ എന്‍ഡിഎ യോഗം ചേര്‍ന്നെങ്കിലും സഖ്യകക്ഷികള്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നതിനെത്തുടര്‍ന്ന് കൂടുതല്‍ ചര്‍ച്ചകള്‍ക്കായി മാറ്റുകയായിരുന്നു. എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മറ്റുള്ളവരുമായി മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനി നടത്തുന്ന കൂടിക്കാഴ്ചകള്‍ക്കുശേഷം പിന്നീട് യോഗം ചേര്‍ന്ന് ഔദ്യോഗിക തീരുമാനത്തിലെത്തുമെന്ന് എന്‍ഡിഎ കണ്‍വീനര്‍ ശരത് യാദവ് അറിയിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പ്രണബ് മുഖര്‍ജി എതിര്ക്കപ്പെടാതിരിക്കരുതെന്ന പൊതുനിലപാട് എന്‍ഡിഎ യോഗത്തില്‍ ഉണ്ടായി. സാംഗ്മയുടെ കാര്യവും സജീവമായി ചര്‍ച്ച ചെയ്തു. എഐഎഡിഎംകെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ ജയലളിത, ബിജെഡി അധ്യക്ഷനും ഒഡീഷാ മുഖ്യമന്ത്രിയുമായ നവീന്‍ പട്നായിക്ക് എന്നിവരുമായി അദ്വാനി നിരന്തരം ബന്ധപ്പെടണമെന്നും മുതിര്‍ന്ന ബിജെപി നേതാക്കള്‍ നിര്‍ദ്ദേശിച്ചു.
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയ പി.എ. സാംഗ്മ ഇന്നലെ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയുടെ പിന്തുണ അഭ്യര്‍ത്ഥിച്ചു. ഒട്ടേറെ എന്‍ഡിഎ നേതാക്കളുടെ സഹായവും തേടിയതായി അദ്ദേഹം വാര്‍ത്താലേഖകരോട് പറഞ്ഞു. ട്രൈബല്‍ ഫോറത്തിന്റെ സ്ഥാനാര്‍ത്ഥിയെന്ന നിലക്ക് കക്ഷിരാഷ്ട്രീയവ്യത്യാസമില്ലാതെയാണ് പിന്തുണ തേടുന്നത്. തന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് പരാമര്‍ശിക്കവെ, താനൊരു എന്‍സിപി സ്ഥാനാര്‍ത്ഥിയല്ലെന്ന കാര്യം വളരെ വ്യക്തമാണെന്നായിരുന്നു സാംഗ്മയുടെ പ്രതികരണം. “എന്നോട് പിന്മാറാനാണ് പവാര്‍ അഭ്യര്‍ത്ഥിക്കുന്നത്; എന്നെ പിന്തുണക്കണമെന്ന് ഞാന്‍ അദ്ദേഹത്തോടും അഭ്യര്‍ത്ഥിക്കുന്നു,” സാംഗ്മ പറഞ്ഞു.
ആരെ പിന്തുണക്കണമെന്ന കാര്യത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ ബാല്‍ താക്കറെ തീരുമാനിക്കുമെന്ന് ശിവസേന വ്യക്തമാക്കി. മുതിര്‍ന്ന എന്‍ഡിഎ നേതാക്കളെല്ലാം താക്കറെയുമായി സംസാരിച്ചിട്ടുണ്ടെന്ന് ശിവസേനാ നേതാവ് സഞ്ജയ് റൗട്ട് പറഞ്ഞു. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ അഭിപ്രായസമന്വയമുണ്ടാക്കാനുള്ള ആത്മാര്‍ത്ഥ ശ്രമമൊന്നും കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന ബിജെപി കോര്‍ കമ്മറ്റി യോഗം വിലയിരുത്തിയിരുന്നു. നീലം സഞ്ജീവ റെഡ്ഡിക്ക് ശേഷം രാജ്യത്തിന്റെ പ്രഥമ പൗരനായി ആരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടില്ലെന്നും യോഗത്തില്‍ പങ്കെടുത്ത നേതാക്കള്‍ ചൂണ്ടിക്കാട്ടി. പ്രതിപക്ഷവുമായി സംസാരിക്കുകപോലും ചെയ്യാതെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചശേഷം പൊടുന്നനെ അഭിപ്രായസമന്വയത്തിന് ശ്രമിക്കുന്ന കോണ്‍ഗ്രസ് നടപടിയും വിമര്‍ശിക്കപ്പെട്ടു.
രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള പ്രക്രിയകള്‍ ആരംഭിച്ചിട്ടേയുള്ളൂവെന്നും ബിജെപിയും എന്‍ഡിഎയും അതീവഗൗരവത്തോടെ സ്ഥാനാര്‍ത്ഥിചര്‍ച്ചകള്‍ തുടരുന്നതായും പാര്‍ട്ടി വക്താവ് ഷാനവാസ് ഹുസൈന് പറഞ്ഞു. ഇക്കാര്യത്തില്‍ എന്‍ഡിഎ ഒറ്റക്കെട്ടാണ്.
ഇന്നലെ എല്‍.കെ. അദ്വാനിയുടെ വസതിയിലായിരുന്നു എന്‍ഡിഎ യോഗം. ജൂലൈ 19 നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്. ജൂലൈ 22 ന് വോട്ടെണ്ണലും. ഇപ്പോഴത്തെ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ ഔദ്യോഗിക കാലാവധി ജൂലൈ 24 നാണ് പൂര്‍ത്തിയാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: