കോഴിക്കോട്: റെവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത ടി.കെ.രജീഷില്‍ നിന്ന് കെ.ടി.ജയകൃഷ്ണന് മാസ്റ്റര്‍ വധവുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. യുവമോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡന്റായിരുന്ന കെ.ടി. ജയകൃഷ്ണന്മാസ്റ്ററെ ക്ലാസ് റൂമില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയതില്‍ താനും പങ്കാളിയായിരുന്നെന്നും ശിക്ഷിക്കപ്പെട്ടവരില്‍ പ്രദീപന് മാത്രമായിരുന്നു കൊലപാതക സംഘത്തില്‍ ഉണ്ടായിരുന്നതെന്നും നേരത്തെ രജീഷ് അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നു.
1999 ഡിസംബര്‍ ഒന്നിനാണ് മൊകേരി ഈസ്റ്റ് യു.പി. സ്കൂളിലെ ആറ് ബി ക്ലാസില്‍ കയറി സിപിഎം കൊലപാതക സംഘം ജയകൃഷ്ണന്മാസ്റ്ററെ കൊലപ്പെടുത്തിയത്. പ്രദീപനെയും രജീഷിനെയും കൂടാതെ സംഘത്തില്‍ ഉണ്ടായിരുന്നവരുടെ വിവരങ്ങള്‍ രജീഷ് പ്രത്യേക അന്വേഷണസംഘത്തിന് നല്‍കിയതായാണ് വിവരം. ജയകൃഷ്ണന്‍മാസ്റ്റര്‍ വധം പുനരന്വേഷിക്കണമെന്ന ആവശ്യം ഉയര്‍ന്ന സാഹചര്യത്തില്‍ ഈ വിവരങ്ങള്‍ വളരെ വിലപ്പെട്ടതായാണ് അന്വേഷണസംഘം കാണുന്നത്. യഥാര്‍ത്ഥ പ്രതികള്‍ ഇനിയും അറസ്റ്റ്ചെയ്യപ്പെടേണ്ടതുണ്ടെന്ന് അന്നുതന്നെ ആവശ്യമുയര്‍ന്നിരുന്നു.
താനടക്കം 16 പേരാണ് ജയകൃഷ്ണന്റെ കൊലപാതക സംഘത്തില്‍ ഉണ്ടായിരുന്നതെന്നാണ് രജീഷിന്റെ മൊഴി. രജീഷിനെക്കൂടാതെ നേരത്തെ ശിക്ഷിക്കപ്പെട്ട പ്രദീപനെ കൂടാതെ കതിരൂര്‍ സ്വദേശി വിക്രമന്, കതിരൂര്‍ സ്വദേശി അനില്‍കുമാര്‍ അനൂട്ടി, കൂത്തുപറമ്പിനടുത്ത് കൈതേരിയിലെ പ്രഭുലാല്‍, ആയിത്തറയിലെ മനോഹരന്, സുജിത്, നാസര്‍ ഗോഡൗണ്‍ നാസര്‍, മധു എന്ന പഞ്ചാരമധു, കൂത്തുപറമ്പ്സ്വദേശി ഷാജി, കൂത്തുപറമ്പ് സ്വദേശി സന്തോഷ്, രാഘവന്, ബാലന് എന്നിവരായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ പ്രഭുലാല്‍ മട്ടന്നൂരിലെ ഉത്തമന് വധക്കേസില്‍ പ്രതിയാണ്. വാഹനം ഓടിക്കാനും മറ്റും സഹായികളായി മൂന്ന്പേര്‍ കൂടി ഒപ്പമുണ്ടായിരുന്നു.
കൃത്യത്തില്‍ പങ്കെടുത്തവരില്‍ നിന്ന് പ്രതിപ്പട്ടികയിലായ ഒരേ ഒരാള്‍ പ്രദീപനായിരുന്നെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. രജീഷിന് വിവരങ്ങള്‍ നല്കിയവരില് ചിലര്‍ കണ്ണൂര്‍ ജില്ലയിലെ സിപിഎം ഉന്നതരുമായി അടുത്തബന്ധം പുലര്‍ത്തുന്നവരും മറ്റുള്ളവര്പാര്ട്ടിയുമായി അടുത്തബന്ധം പുലര്‍ത്തുന്നവരോ പാര്‍ട്ടി ഉത്തരവാദിത്വമുള്ളവരോ ആണെന്നാണ് ടി.കെ.രജീഷിന്റെ വെളിപ്പെടുത്തല്‍. പുനരന്വേഷണം ആവശ്യപ്പെടുന്ന ഘട്ടത്തില്‍ രജീഷിന്റെ വെളിപ്പെടുത്തലുകളെ അതീവ ഗൗരവത്തോടെയാണ് അന്വേഷണസംഘം കാണുന്നത്.
ഇതിനിടെ, ടി.പി.ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി പ്രത്യേക അന്വേഷണസംഘം ഇന്നലെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഒഞ്ചിയം സ്വദേശി ഷാജിയെയാണ് കസ്റ്റഡിയില്‍ എടുത്തത്. സിപിഎം മുന്‍ ഒഞ്ചിയം ഏരിയാ സെക്രട്ടറിയുടെ സഹോദരനാണിയാള്‍.
അതേസമയം കൊടിസുനിയെ ഇന്നലെ തിരിച്ചറിയല്‍ പരേഡിന് വിധേയനാക്കി. ഇന്നലെ ഉച്ചയ്ക്ക്ശേഷം കോഴിക്കോട് ജില്ലാജയിലിലായിരുന്നു തിരിച്ചറിയല്‍ പരേഡ്. കൊടിസുനിയുമായി സാമ്യമുള്ള ഒമ്പത്പേരെയും നിര്‍ത്തിയായിരുന്നു തിരിച്ചറിയല്‍ പരേഡ്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: