ന്യൂദല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേന്ദ്രധനമന്ത്രിയുമായ പ്രണബ് മുഖര്‍ജിയെ യുപിഎയുടെ രാഷ്ട്രപതിസ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. യുപിഎയുടെ രണ്ട് പ്രമുഖ ഘടകകക്ഷികളായ തൃണമൂല്‍ കോണ്‍ഗ്രസിന്റെയും സമാജ്വാദി പാര്‍ട്ടിയുടെയും നിര്‍ദ്ദേശങ്ങള്‍ മറികടന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയാണ് മുഖര്‍ജിയെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. മുഖര്‍ജിയെ പിന്തുണക്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു.
സോണിയാഗാന്ധിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന യുപിഎ യോഗത്തിലാണ് പശ്ചിമബംഗാളില്‍നിന്ന് പാര്‍ലമെന്റിലെത്തിയ 77 കാരനായ പ്രണബ് മുഖര്‍ജിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനമായത്. മുഖര്‍ജിക്ക് ബദലായി മുന്‍രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന്റെ പേര് നിര്‍ദ്ദേശിച്ച തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയും എസ്പി നേതാവ് മുലായം യാദവും യോഗത്തില്‍ പങ്കെടുത്തില്ല. സോണിയാഗാന്ധിതന്നെയാണ് പ്രണബ് മുഖര്‍ജിയുടെ പേര് നിര്‍ദ്ദേശിച്ചത്. സഖ്യകക്ഷി നേതാക്കള്‍ പിന്തുണച്ചു. മുഖര്‍ജിയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് വിശാലമായ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട സോണിയ എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെയും എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവരുടെയും പിന്തുണ അഭ്യര്‍ത്ഥിച്ചു. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, പ്രണബ് മുഖര്‍ജി, സോണിയാഗാന്ധി തുടങ്ങിയവര്‍ക്ക് ആഭ്യന്തരമന്ത്രി പി. ചിദംബരവും ഡിഎംകെ നേതാവ് ടി.ആര്. ബാലുവും സുവര്ണഷാളുകള് സമ്മാനിച്ചു. പ്രധാനമന്ത്രി മന്മോഹന്സിംഗിന് പുറമെ ശരത് പവാര്‍, പ്രഫുല്‍ പട്ടേല്‍ (എന്‍സിപി), അജിത്സിംഗ് (ആര്‍എല്‍ഡി), ടി.ആര്. ബാലു (ഡിഎംകെ), ഒമര്‍ അബ്ദുള്ള (നാഷണല്‍ കോണ്‍ഫറന്‍സ്), കേന്ദ്രമന്ത്രിമാരായ എ.കെ. ആന്റണി, പി.കെ. ബന്‍സല്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
ഇതേസമയം, വിശദമായ കൂടിയാലോചനകള്‍ക്കുശേഷം മാത്രമായിരിക്കും ലോക്സഭാ മുന്‍ സ്പീക്കര്‍ പി.എ. സാംഗ്മയുടെ സ്ഥാനാര്‍ത്ഥിത്വത്തെപ്പറ്റി തീരുമാനിക്കുകയുള്ളൂവെന്ന് ബിജെപി നേതാവ് എല്‍.കെ. അദ്വാനി അറിയിച്ചു. സാംഗ്മയുടെ കാര്യം എഐഎഡിഎംകെ നേതാവ് ജയലളിതയുമായി അദ്വാനി ചര്‍ച്ച ചെയ്തു. എല്ലാംകൊണ്ടും മികച്ച വ്യക്തിത്വമാണ് സാംഗ്മയുടേതെന്ന് വ്യക്തിപരമായി താന്‍ കരുതുന്നുണ്ടെങ്കിലും അന്തിമ തീരുമാനം ബിജെപിയും എന്‍ഡിഎയുമായുള്ള കൂടിയാലോചനകള്ക്കുശേഷമായിരിക്കുമെന്ന് അദ്വാനി പറഞ്ഞു.
നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവായ സാംഗ്മക്ക് ജയലളിതയും ഒഡീഷാ മുഖ്യമന്ത്രി നവീന്‍ പട്നായിക്കും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. യുപിഎയുടെ പ്രമുഖ ഘടകകക്ഷിയായ എന്‍സിപി എതിര്‍ത്താല്‍ പോലും രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് സാംഗ്മയുടെ നിലപാട്.
ഇതിനിടെ, പുതിയ രാഷ്ട്രപതിയുടെ കാര്യത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള ബന്ധം സമാജ്വാദി പാര്‍ട്ടി അവസാനിപ്പിച്ചതായും പറയപ്പെടുന്നു. രാഷ്ട്രപതി സ്ഥാനത്തേക്ക് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, മുന്‍രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാം, ലോക്സഭാ മുന്‍ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി എന്നിവരില്‍ ആരെയെങ്കിലും പിന്തുണക്കുമെന്നാണ് തൃണമൂലും സമാജ്വാദി പാര്‍ട്ടിയും പറഞ്ഞിരുന്നത്. എന്നാല്‍ യുപിഎ സ്ഥാനാര്‍ത്ഥിയായി മുഖര്‍ജിയെ പ്രഖ്യാപിച്ചതോടെ മുലായംസിംഗ് യാദവ് മലക്കം മറിയുകയായിരുന്നുവത്രെ. രാഷ്ട്രപതിസ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ യുപിഎ ഘടകകക്ഷികള്‍ക്കിടയില്‍ അഭിപ്രായഭിന്നത രൂക്ഷമായതോടെ വരുംദിനങ്ങളില്‍ സങ്കീര്‍ണമായ രാഷ്ട്രീയ സംഭവവികാസങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇതിനിടെ രാഷ്ട്രപതിസ്ഥാനത്തേക്ക് കേന്ദ്രമന്ത്രി പ്രണബ് മുഖര്‍ജിയെ പിന്തുണക്കണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ബിജെപി നേതാക്കളോട് അഭ്യര്‍ത്ഥിച്ചു.
മുഖര്‍ജിയുടെ സ്ഥാനാര്‍ത്ഥിത്വം യുപിഎ അധ്യക്ഷ സോണിയാഗാന്ധി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബിജെപിയുടെ സഹായം തേടി എന്‍ഡിഎ വര്‍ക്കിംഗ് ചെയര്മാന് എല്‍.കെ. അദ്വാനി, ലോക്സഭാ പ്രതിപക്ഷ നേതാവ് സുഷമാസ്വരാജ്, ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി എന്നിവരെ മന്‍മോഹന്‍സിംഗ് വിളിച്ചത്. പ്രധാനമന്ത്രിയുടെ സന്ദേശം അടുത്ത എന്‍ഡിഎ യോഗത്തില്‍ അവതരിപ്പിക്കാമെന്ന് സുഷമ മറുപടി നല്‍കിയതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. എന്‍ഡിഎ എടുക്കുന്ന തീരുമാനവും അദ്ദേഹത്തെ അറിയിക്കും.
എന്നാല്‍, രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതിന് മുമ്പ് എന്ഡിഎയെക്കൂടി വിശ്വാസത്തിലെടുക്കാന്‍ യുപിഎ തയ്യാറാകേണ്ടതായിരുന്നുവെന്ന് ബിജെപി വക്താവ് ഷാനവാസ് ഹുസൈന് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: