കണ്ണൂര്‍: വടകരയിലെ റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ സംഘത്തില്‍പ്പെട്ട മുഖ്യപ്രതി കൊടി സുനി അടക്കം മൂന്നുപേരെ ഇന്നലെ ഒളിത്താവളം വളഞ്ഞ് പോലീസ് പിടികൂടി. ഇരിട്ടിക്കുസമീപം മുഴക്കുന്ന് സിപിഎം പാര്‍ട്ടി ഗ്രാമമായ മുടക്കോഴി പെരിങ്ങാനംമലയില്‍ കാട്ടിനുള്ളില്‍ ഷെഡ് കെട്ടി താമസിച്ചുവരികയായിരുന്നു സംഘം. ചൊക്ലി നിടുമ്പ്രം സ്വദേശിയായ കൊടിസുനി എന്ന എന്‍.കെ.സുനില്‍ കുമാര്‍ (32) പന്തക്കല്‍ മാലയാട്ട് വീട്ടില്‍ മനോജ് എന്ന കിര്‍മാണി മനോജ് (28), പള്ളൂര്‍ സ്വദേശി ഷാഫി (33) എന്നിവരാണ് പിടിയിലായത്. ഒളിവില്‍ താമസിക്കുകയായിരുന്ന ഇവരെ സഹായിക്കാനായി ഷെഡ്ഡിലുണ്ടായിരുന്ന സിപിഎമ്മുകാരായ ശ്രീജിത്ത്, സുധീഷ്, ജിഗേഷ് എന്നിവരും പോലീസ് പിടിയിലായിട്ടുണ്ട്. ഇതില്‍ ശ്രീജിത്ത് സിപിഎം മട്ടന്നൂര്‍ മുന്‍ ലോക്കല്‍ സെക്രട്ടറി കാരായി ശ്രീധരന്റെ മകനാണ്.
ഇന്നലെ പുലര്‍ച്ചെ ആസുത്രിതവും സാഹസികവുമായി നടത്തിയ നീക്കത്തിലൂടെയാണ് പാര്‍ട്ടി കൊടും ക്രിമിനലുകളായ മൂവ്വര്‍ സംഘത്തെ പിടികൂടിയത്. 20 ദിവസമായി ഇവര്‍ ഇവിടെ ഷെഡ്ഡ് കെട്ടി താമസിക്കുകയായിരുന്നുവെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. റെയിഡ് വിവരം ചോരാതിരിക്കാന്‍ ഇവര്‍ താമസിച്ചിരുന്ന ഷെഡ്ഡ് സ്ഥിതിചെയ്യുന്ന സ്ഥലത്തുനിന്നും മൂന്നുകിലോമീറ്റര്‍ അകലെ വരെ ടിപ്പര്‍ ലോറിയിലാണ് 20 അംഗ പോലീസ് സംഘമെത്തിയത്. ശക്തമായ മഴയില്‍ മലകയറിയ സായുധരായ പോലീസ് സംഘം ഷെഡ്ഡ് വളഞ്ഞ് ഇവരെ കീഴ്പ്പെടുത്തുകയായിരുന്നു. പോലീസിനെ കണ്ട് കൊടി സുനി തന്റെ കൈവശമുണ്ടായിരുന്ന റിവോള്‍വര്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും സായുധരായ പോലീസ് സംഘം കീഴ്പ്പെടുത്തി. പിടിയിലുള്ള മറ്റുള്ളവരും ചെറുത്തുനില്ക്കാനും രക്ഷപ്പെടാനും ശ്രമം നടത്തിയെങ്കിലും ആസൂത്രിത നീക്കത്തിലൂടെ പോലീസ് എല്ലാം നിഷ്പ്രഭമാക്കുകയായിരുന്നു.
സിപിഎം ഭരിക്കുന്ന മുഴക്കുന്ന് പഞ്ചായത്തിലെ മുടക്കോഴി പ്രദേശം പതിറ്റാണ്ടുകളായി പാര്‍ട്ടി ഗ്രാമമാണ്. സിപിഎമ്മിന്റെ ഒരു ഏരിയാ കമ്മറ്റി അംഗവും ലോക്കല്‍ സെക്രട്ടറിയുമാണ് വനത്തിനുള്ളില്‍ പ്രതികള്‍ക്ക് ഒളിച്ചുതാമസിക്കാന്‍ സൗകര്യമൊരുക്കിയതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രത്യേകാന്വേഷണ സംഘത്തിലെ അനൂപ് കുരുവിള ജോണ്‍, തലശ്ശേരി ഡിവൈഎസ്പി ഷൗക്കത്തലി എന്നിവരുടെ നേതൃത്വത്തിലുള്ള സ്ക്വാഡാണ് ഓപ്പറേഷന് നേതൃത്വം നല്‍കിയത്.
പിടിയിലായവരെ ഇന്നലെ പുലരുന്നതിനുമുന്നേ വടകരയിലെത്തിച്ചു. ഇവരെ രഹസ്യ കേന്ദ്രത്തില്‍ വെച്ച് ചോദ്യം ചെയ്ത് വരികയാണ്. മൂന്നുപേര്‍ കൂടി പിടിയിലായതോടെ ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളവരെന്ന് സംശയിക്കുന്നവരില്‍ ഒരാളൊഴികെ എല്ലാവരും പിടിയിലായി. സിജിത്ത്, രജീഷ്, അനൂപ് എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു. കൊലയാളി സംഘത്തില്‍പ്പെട്ടതെന്ന് കരുതുന്ന ഷിനോജ്, ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന പാനൂര്‍ ഏരിയാ കമ്മറ്റി അംഗം കുഞ്ഞനന്തന് എന്നിവരാണ് പിടിയിലാവാന്‍ ബാക്കിയുള്ളത്. കൊടി സുനിയുടെ അറസ്റ്റോടെ ചന്ദ്രശേഖരന് വധവും കണ്ണൂര്‍ ജില്ലയില്‍ നടന്ന മറ്റ് പല രാഷ്ട്രീയ കൊലപാതക കേസുകളിലേയും നിര്‍ണ്ണായക തെളിവുകള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സ്വന്തംലേഖകര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: