കണ്ണൂര്‍: തളിപറമ്പിലെ മുസ്ലീം ലീഗ് പ്രവര്‍ത്തകനായ അബ്ദുള്‍ ഷുക്കൂറിന്റെ കൊലപാതകം അന്വേഷിക്കുന്ന പോലീസ് സംഘം സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ ചോദ്യം ചെയ്തു. കണ്ണൂര്‍ എസ്.പി. രാഹുല്‍ ആര്.നായര്‍, ഡിവൈ.എസ്.പി. പി.സുകുമാരന്‍, അന്വേഷണ ഉദ്യോഗസ്ഥനായ വളപട്ടണം സി.ഐ. യു.പ്രേമന് എന്നിവരാണ് പി.ജയരാജനെ കണ്ണൂര്‍ ഗസ്റ്റ്ഹൗസില്‍ ചോദ്യം ചെയ്തത്.
അഭിഭാഷകന്റെ സന്നിധ്യത്തില്‍ ഹാജരാകാന്‍ അനുവദിക്കണമെന്ന ജയരാജന്റെ ആവശ്യം പോലീസ് നിരാകരിച്ചിരുന്നെങ്കിലും ഇക്കാര്യം തന്നെ രേഖാമൂലം അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനൊപ്പമാണ് ജയരാജന് ഗസ്റ്റ്ഹൗസില്‍ എത്തിയത്. എന്നാല്‍ അഭിഭാഷകന്റെ സാന്നിധ്യം അന്വേഷണസംഘം അനുവദിച്ചില്ല.
പി. ജയരാജനും ടി.വി. രാജേഷ് എംഎല്‍എയും സഞ്ചരിച്ച വാഹനം തളിപറമ്പ് അരിയിലില്‍ വെച്ച് ആക്രമിക്കപ്പെട്ട് മണിക്കൂറുകള്‍ക്കകമാണ് ഷുക്കൂര്‍ കൊല്ലപ്പെട്ടത്. സിപിഎം നേതാക്കളെ ലീഗ് പ്രവര്ത്തകന് ആക്രമിച്ചതിന്റെ പ്രതികാരമാണ് കൊലയെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാകാന്‍ പി. ജയരാജന് നോട്ടീസ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: