ന്യൂദല്‍ഹി: സങ്കീര്‍ണവും നിര്‍ണായകവുമായ സംവരണപ്രശ്നം നിസ്സാരമായി കൈകാര്യം ചെയ്യുന്ന കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മറ്റ് പിന്നോക്ക വിഭാഗങ്ങള്‍(ഒബിസി)ക്കുള്ള 27 ശതമാനം സംവരണത്തിനുള്ളില്‍ ന്യൂനപക്ഷങ്ങള്‍ക്കായി 4.5 ശതമാനം ഉപസംവരണം ഏര്‍പ്പെടുത്തിയ നടപടി റദ്ദാക്കിക്കൊണ്ടുള്ള ആന്ധ്രാപ്രദേശ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാന്‍ വിസ്സമ്മതിച്ചുകൊണ്ടാണ് കേന്ദ്രസര്‍ക്കാരിനെ സുപ്രീംകോടതി വിമര്‍ശിക്കുകയും അതൃപ്തി അറിയിക്കുകയും ചെയ്തത്.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 27 ശതമാനം ഒബിസി സംവണത്തില് 4.5 ശതമാനം ന്യൂനപക്ഷങ്ങള്‍ക്കായി ഉപസംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം നേരത്തെ ആന്ധ്രാപ്രദേശ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയിലെത്തിയത്. കേന്ദ്രത്തിന്റെ വാദങ്ങളെ സാധൂകരിക്കുന്ന രേഖകളൊന്നും ഹര്‍ജിയുടെ കൂടെ സമര്‍പ്പിച്ചിട്ടില്ലെന്നും ഇത് അതൃപ്തികരമായ നടപടിയാണെന്നും ജസ്റ്റിസുമാരായ കെ.എസ്.രാധാകൃഷ്ണന്, കെ.എസ്.ഖെഹാര്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. 27 ശതമാനം ഒബിസി സംവരണത്തില്‍നിന്ന് 4.5 ശതമാനം ന്യൂനപക്ഷ ഉപസംവരണം അടര്‍ത്തിയെടുക്കാന്‍ ഉപോദ്ബലകമായ രേഖകള്‍ ഹാജരാക്കാന്‍ സുപ്രീംകോടതി അറ്റോര്‍ണി ജനറല്‍ ജി.ഇ.വഹന്‍വതിയോട് ആവശ്യപ്പെട്ടു. വാദം കേള്‍ക്കുന്നതിനായി കേസ് ബുധനാഴ്ചത്തേക്ക് മാറ്റി.
ഐഐടികളിലേക്കുള്ള കൗണ്‍സലിങ്ങ് നടക്കുകയാണെന്നും 325 പേര് യോഗ്യത നേടിയിട്ടുണ്ടെന്നും അറ്റോര്‍ണി ജനറല്‍ പറഞ്ഞു. 4.5 ശതമാനം ഉപസംവരണത്തിന്കീഴില് യോഗ്യത നേടിയിരിക്കുന്ന ഇവര്‍ക്ക് കൗണ്‍സിലിങ്ങിന് ഹാജരാകാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ തൊഴില്‍ സാധ്യതയും ഭാവിയും അവതാളത്തിലാകുമെന്ന് വഹന്‍വതി അവകാശപ്പെട്ടു. എന്തെങ്കിലും ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട രേഖകള്‍ കൂടി സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഒബിസികള്ക്കായുള്ള 27 ശതമാനത്തില്‍നിന്ന് എന്തടിസ്ഥാനത്തിലും എങ്ങനെയുമാണ് ന്യൂനപക്ഷങ്ങള്‍ക്ക് 4.5 ശതമാനം ഉപസംവരണത്തിന് സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് കോടതി ചോദിച്ചു. ഹൈക്കോടതി ഉത്തരവിലെ ചില തെറ്റുകള്‍ ചൂണ്ടിക്കാട്ടാന്‍ അറ്റോര്‍ണി ശ്രമിച്ചെങ്കിലും കേന്ദ്രം പരാതിപ്പെടുന്ന വിഷയങ്ങളില്‍ ഹൈക്കോടതി ചോദ്യങ്ങള്‍ ചോദിക്കുന്നത് സ്വാഭാവികമാണെന്നും മതിയായ രേഖകളൊന്നും കൈവശമില്ലാതെ ഹൈക്കോടതി ഉത്തരവില്‍ എങ്ങനെ തെറ്റ് കണ്ടെത്താനാവുമെന്നും കോടതി ചോദിച്ചു.
27 ശതമാനം ഒബിസി സംവരണത്തെ വിഭജിക്കുന്നത് എങ്ങനെയെന്നും കോടതി ആരാഞ്ഞു. 27 ശതമാനം ഒബിസി സംവരണത്തില്‍നിന്ന് എങ്ങനെ ഉപസംവരണം ഉണ്ടാക്കാന്‍ കഴിയുമെന്ന് ചോദിച്ച കോടതി നാളെ കൂടുതല്‍ ഉപസംവരണങ്ങള്ക്കും കേന്ദ്രം ശ്രമിച്ചേക്കുമെന്ന് ചൂണ്ടിക്കാട്ടി. 4.5 ശതമാനം സംവരണം എങ്ങനെ നടപ്പാക്കുമെന്ന് വിശദീകരിക്കാന്‍ കഴിയുമെന്ന് വഹന്‍വതി പറഞ്ഞപ്പോള്‍ ബെഞ്ച് ഇടപെട്ടു. ഇതൊരു സങ്കീര്‍ണപ്രശ്നമാണെന്നും ഈ വിധത്തിലല്ല ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടതെന്നും സുപ്രീംകോടതി വ്യക്തമാക്കി. സങ്കീര്‍ണമായ ഒരു പ്രശ്നത്തില്‍ സര്‍ക്കാര്‍ ഓഫീസ് ഉത്തരവിറക്കേണ്ടത് ഇത്തരത്തിലല്ല. ദേശീയ ന്യൂനപക്ഷ കമ്മീഷന് പോലുള്ള ഔദ്യോഗിക സ്ഥാനങ്ങളുമായി കൂടിയാലോചിക്കേണ്ടതായിരുന്നുവെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ഐഐടികളിലേക്കുള്ള കൗണ്‍സലിംഗ് നടക്കുന്ന സാഹചര്യത്തില്‍ ചില സംരക്ഷണ നടപടികള്‍ ആവശ്യമാണെന്ന് വഹന്‍വതി പറഞ്ഞപ്പോള്‍ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാന്‍ പറ്റില്ലെന്നായിരുന്നു സുപ്രീംകോടതിയുടെ മറുപടി. വിശദമായ സര്വ്വേക്കുശേഷം ഉപസംവരണം ഏര്‍പ്പെടുത്താനുള്ള തീരുമാനം റദ്ദാക്കിയ ഹൈക്കോടതി തെറ്റായ നിലപാടാണ് കൈക്കൊണ്ടതെന്നാണ് കേന്ദ്രത്തിന്റെ വാദം.
വളരെ ലാഘവബുദ്ധിയോടെയാണ് 4.5 ശതമാനം ഉപസംവരണം ഏര്‍പ്പെടുത്താന്‍ കേന്ദ്രം തീരുമാനിച്ചതെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ 28നാണ് ആന്ധ്രാപ്രദേശ് ഹൈക്കോടതി ഇത് റദ്ദാക്കിയത്. ഇതിനെതിരെ പ്രത്യേക അനുമതി ഹര്‍ജിയുമായാണ് കേന്ദ്രം സുപ്രീംകോടതിയിലെത്തിയത്. ഉപസംവരണം സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പൂര്‍ണമായും മതാടിസ്ഥാനത്തിലാണെന്നും അതില്‍ ബുദ്ധിപരമായ പരിഗണനകള്‍ ഒന്നുമില്ലെന്നും ആന്ധ്രാ ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. ഉത്തര്‍പ്രദേശ്, പഞ്ചാബ് തുടങ്ങി അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പാണ് ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ന്യൂനപക്ഷ ഉപസംവരണം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: