തിരുവനന്തപുരം: പതിമൂന്നാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനം ഇന്നാരംഭിക്കും. 32 ദിവസമാണ് ഇക്കുറി സഭ സമ്മേളിക്കുന്നത്. 2012-13 സാമ്പത്തിക വര്‍ഷത്തെ ബജറ്റിന്മേലുള്ള ധനാഭ്യര്‍ഥന ചര്‍ച്ചയും വോട്ടെടുപ്പുമാണ് സമ്മേളനത്തിന്റെ മുഖ്യഅജണ്ട. ബജറ്റിന്മേലുള്ള ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കും വോട്ടെടുപ്പിനുമായി 13 ദിവസമാണ് നീക്കിവച്ചിരിക്കുന്നത്. നിയമനിര്‍മാണത്തിനായി 11 ദിവസവും അനൗദ്യോഗിക അംഗങ്ങളുടെ കാര്യങ്ങള്‍ക്കായി ആറുദിവസവും നീക്കിവച്ചിട്ടുണ്ട്. ജൂലൈ 24ന് 2012-13 വര്‍ഷത്തെ ഉപധനാഭ്യര്‍ഥനകളുടെ ചര്‍ച്ചയും വോട്ടെടുപ്പും നടക്കും. ജൂലൈ 25-ന് ഇതിന്റെ ധനവിനിയോഗ ബില്ലും പരിഗണിക്കും. ജൂലൈ 16-ന് ബജറ്റിനെ സംബന്ധിക്കുന്ന ധനവിനിയോഗ ബില്ലും പരിഗണിക്കും.
പ്രതിപക്ഷം, പ്രത്യേകിച്ച് സിപിഎം പ്രതിരോധത്തില്‍ നില്ക്കുന്ന കാലമായതിനാല്‍ നിയമസഭയില്‍ പിടിച്ചുനില്ക്കാന് പരിധിവിട്ട പ്രയോഗങ്ങളിലേക്ക് അവര്‍ കടക്കും. അതാകട്ടെ സഭാസമ്മേളനത്തെ പ്രക്ഷുബ്ധമാക്കുമെന്നുറപ്പാണ്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് ഫലം 15നാണ് പുറത്തുവരുന്നത്. ഫലം എന്തായാലും സഭയുടെ ബാലന്‍സ് തെറ്റിക്കാനത് വഴിവയ്ക്കും. ഈ സമ്മേളനക്കാലത്തുതന്നെയാണ് കേരളത്തില്‍ ഒഴിവുവരുന്ന രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുക. പുതിയ രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഈ സമ്മേളനകാലത്ത് നടക്കും.
ടി.പി.ചന്ദ്രശേഖരന്‍വധം സൃഷ്ടിച്ച പ്രകമ്പനം, സിപിഎം ഇടുക്കി ജില്ലാസെക്രട്ടറി എം.എം.മണിയുടെ വെളിപ്പെടുത്തല്‍, കേസുകളുടെ പുനരന്വേഷണം ഇതൊക്കെ പ്രതിപക്ഷത്തെ പിടിച്ചുലയ്ക്കും. എന്നാല്‍ നൂലിന്മേല് നില്ക്കുന്ന ഭരണപക്ഷത്തിന് ഇതൊക്കെ എത്രമാത്രം ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ കഴിയുമെന്ന് പറയാനാവില്ല. ഭരണപക്ഷത്ത് പ്രശ്നങ്ങള്‍ നിരവധിയാണ്. മുസ്ലീംലീഗിന്റെ അഞ്ചാംമന്ത്രി പ്രശ്നം ഉണ്ടാക്കിയ പ്രകോപനം, ആര്.ബാലകൃഷ്ണപിള്ള മകനും മന്ത്രിയുമായ ഗണേഷ്കുമാറിനെതിരെ ഉയര്‍ത്തിക്കാട്ടുന്ന ബോംബ് തുടങ്ങിയവ പ്രതിപക്ഷത്തിനും ആയുധാണ്. വിഷയങ്ങള്‍ നിരവധിയാണ്. തര്‍ക്കങ്ങളും സമരങ്ങളും സംഘര്‍ഷങ്ങളും സഭയ്ക്കകത്തും പുറത്തും ഉറപ്പാണ്. അതിനിടയിലാണ് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. സംസ്ഥാനത്ത് പനി പടര്‍ന്നു പിടിക്കുന്നതും പ്രതിപക്ഷം സഭാ സമ്മേളനത്തില്‍ ഉന്നയിക്കും.
കേരളാ സ്റ്റേറ്റ് ഹൗസിംഗ് ബോര്‍ഡ്(ഭേദഗതി) ബില്‍, നിയമസഭാ സാമാജികരുടെ അയോഗ്യത നീക്കല്‍ (ഭേദഗതി) ബില്‍ എന്നിവ ഇന്ന് അവതരിപ്പിക്കും. നാളെ കൊച്ചി ശാസ്ത്ര-സാങ്കേതിക ശാസ്ത്ര സര്‍വകലാശാല(രണ്ടാം ഭേദഗതി) ബില്‍, സര്‍വകലാശാലാ നിയമഭേദഗതി ബില്‍ എന്നിവയും 13-ന് സഹകരണ ഭേദഗതി ബില്ലും ആരോഗ്യരക്ഷാ സേവന സ്ഥാപന (അക്രമവും സ്വത്തിനുള്ള നാശവും തടയല്‍) ബില്ലും അവതരിപ്പിക്കും.
സമ്മേളനം ആരംഭിക്കുമ്പോഴും അവസാനിക്കുന്ന ദിവസവും ദേശീയഗാനം ആലപിക്കുന്ന രീതി ഇന്നുമുതല്‍ നിലവില്‍ വരും. കഴിഞ്ഞ സമ്മേളന കാലയളവില്‍ സഭയില്‍ അവതരിപ്പിച്ച 2012-ലെ കേരള ധനകാര്യ ബില്‍ ഈ സമ്മേളന കാലത്ത് സബ്ജക്റ്റ് കമ്മിറ്റിയുടെ പരിഗണനക്ക് അയയ്ക്കുകയും തുടര്‍ന്ന് സഭ പരിഗണിച്ച് പാസാക്കുകയും ചെയ്യും. നാലാം സമ്മേളനത്തിനു ശേഷം 18 ഓര്‍ഡിനന്‍സുകള്‍ ഗവര്‍ണര്‍ പ്രൊമുല്ഗേറ്റ് ചെയ്തിട്ടുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: