പാനൂര്‍(കണ്ണൂര്‍): കുന്നോത്ത്പറമ്പിലെ കെ.സി.രാജേഷ് വധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പോലീസ് സൂപ്രണ്ടിനും തലശ്ശേരി ഡിവൈഎസ്പിക്കും ബന്ധുക്കള്‍ പരാതി നല്കി. ഗൂഢാലോചനയില്‍ പങ്കെടുത്തവരേയും യഥാര്‍ത്ഥ പ്രതികളെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് സഹോദരന് നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
2010 ആഗസ്റ്റ് 9ന് രാത്രി 9 മണിയോടെ സുഹൃത്തുക്കള്‍ക്കൊപ്പം കുന്നോത്ത്പറമ്പ് ടൗണില്‍ നിര്‍ത്തിയിട്ട ജീപ്പ്പില്‍ ഇരിക്കുകയായിരുന്ന രാജേഷിനെ അക്രമിസംഘം ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. പാനൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന വി.പി.സന്തോഷിനായിരുന്നു അന്വേഷണ ചുമതല. ആകെ 11 പ്രതികളെ ഉള്‍പ്പെടുത്തി കേസെടുത്തെങ്കിലും 3, 4 പ്രതികളുടെ പേര് വിവരം വെളിപ്പെടുത്തിയില്ലെന്നും പരാതിയില്‍ പറയുന്നു. 370/2010 എന്ന ക്രൈംനമ്പറില്‍ തലശ്ശേരി കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലും പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലും സംഭവത്തിലെ ഗൂഢാലോചനയെക്കുറിച്ച് യാതൊരു പരാമര്‍ശവുമില്ല.
സംഭവം നടന്ന് മൂന്ന് ദിവസം കൊണ്ട് കേസിലെ അഞ്ച് മുതല്‍ 11 വരെയുള്ള പ്രതികളെ അറസ്റ്റ് ചെയ്തെങ്കിലും സംഭവത്തില്‍ ഉള്‍പ്പെട്ട യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ സിപിഎം നേതൃത്വവും പോലീസും നടത്തിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നു ഈ ഈ അറസ്റ്റെന്ന് പരാതിയില്‍ പറഞ്ഞിട്ടുണ്ട്. ടി.പി.ചന്ദ്രശേഖരന് വധത്തിലെ അണ്ണന് സിജിത്ത് രണ്ടും അരയാക്കൂല്‍ ജന്മീന്റവിട ബിജു ഒന്നും പ്രതികളായി കേസെടുത്തെങ്കിലും സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവരെ രക്ഷിക്കാന്‍ സിപിഎം നേതൃത്വവും പോലീസും ഒത്തുകളിക്കുകയായിരുന്നു.
ടാറ്റാ സുമോ കാറിലെത്തിയെ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് മനസ്സിലാക്കി വാഹനവും അതിന്റെ ഡ്രൈവറേയും ചോദ്യം ചെയ്യാന്‍ കഴിഞ്ഞ പോലീസ് അക്രമിസംഘത്തിന്റെ യഥാര്‍ത്ഥ പേര് വിവരം മറച്ചുവെക്കുകയായിരുന്നു. ടി.പി.ചന്ദ്രശേഖരന് വധത്തിലെ പ്രധാന സൂത്രധാരന്‍ പി.കെ.കുഞ്ഞനന്തന്, അതേ കേസില്‍ റിമാന്റില്‍ കഴിയുന്ന കുന്നോത്ത് പറമ്പ് ലോക്കല്‍ കമ്മറ്റി അംഗം ജ്യോതി ബാബു, ട്രൗസര്‍ മനോജ് എന്ന മുന്‍ ബ്രാഞ്ച് സെക്രട്ടറി മീത്തലെ കുന്നോത്ത്പറമ്പിലെ മനോജ് എന്നിവര്‍ക്ക് സംഭവത്തില്‍ പങ്കുള്ളതായി അന്നേ ആക്ഷേപമുണ്ടായിരുന്നു.
ടി.പി.ചന്ദ്രശേഖരനെ വെട്ടിയ പ്രധാന പ്രതി ടി.കെ.രജീഷ് ഈ കൊലപാതകത്തിലും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ടി.കെ.രജീഷിന്റെ മൊഴിയില്‍ സൂചനയുണ്ട്. ഇതേ സംഘമാണ് കൊലപാതകത്തിനുപിന്നിലെന്ന് സൂചന ശക്തമായ സാഹചര്യമാണിപ്പോള്‍ ടി.പി.വധത്തിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. 2009 മാര്‍ച്ച് 11ന് കുന്നോത്തുപറമ്പിലെ അജയന് എന്ന സിപിഎം പ്രവര്ത്തകന് വെട്ടേറ്റ് മരിച്ചിരുന്നു. അജയന്റെ സഹോദരനായ ജ്യോതിബാബുവിന്റെ നിര്‍ദ്ദേശപ്രകാരമാണ് രാജേഷിനെ കൊലപ്പെടുത്തിയതെന്നും ടി.കെ.രജീഷ് മൊഴികൊടുത്തതായി അറിയുന്നു. 2010 മുതല്‍ രാജേഷ് വധത്തിലെ തുടരന്വേഷണം നടന്നിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറി പോവുകയും ചെയ്തു. ഈ സന്ദര്‍ഭത്തില്‍ ലോക്കല്‍ പോലീസില്‍ നിന്നും കേസ് മാറ്റി മറ്റൊരു ഏജന്‍സി അന്വേഷണം നടത്തണമെന്നും സഹോദരന് നല്കിയ പരാതിയില്‍ ബോധിപ്പിച്ചിട്ടുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: