കൊച്ചി: സ്മാര്‍ട്ട്സിറ്റി പവലിയന്റെ ഉദ്ഘാടനച്ചടങ്ങില്‍ മുസ്ലീം സമുദായത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളെ മാത്രം വേദിയില്‍ പ്രത്യേകം വിളിച്ച് അനുമോദിച്ചത് വിവാദമായി. ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ അധ്യക്ഷ പ്രസംഗത്തിനുശേഷം ടീകോം സിഇഒ അബ്ദുള്‍ ലത്തീഫ് അല്‍മുല്ല പ്രസംഗം തുടങ്ങിയതോടെ മുന്‍കൂട്ടി നിശ്ചയിച്ചതുപോലെ സദസിന്റെ വിവിധ സ്ഥലങ്ങളില്‍നിന്നും മുസ്ലീം തൊപ്പി ധരിച്ച സുബൈദ് ഇബ്രാഹിം, അബി നിസാര്‍, മുഹമ്മദ് അസ്ലാം, അക്ബര്‍ അലി എന്നീ നാല് കുട്ടികള്‍ വേദിയുടെ അടുക്കലെത്തി. ഇവരെ കണ്ടതോടെ അല്‍മുല്ല നാലുപേരെയും വേദിയിലേക്ക് കയറ്റി കെട്ടിപ്പിടിച്ചുകൊണ്ട് ഈ കുട്ടികളാണ് ഭാവിയില്‍ സ്മാര്‍ട്ട്സിറ്റിയുടെ ഗുണഭോക്താക്കളെന്ന് പ്രഖ്യാപിച്ചു.
ഇത് വേദിയിലിരുന്ന മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കും സദസ്യര്‍ക്കും അമ്പരപ്പ് ഉണ്ടാക്കി. എന്നാല്‍ ഉദ്ഘാടനച്ചടങ്ങില്‍ മുസ്ലീം മതവിഭാഗത്തില്‍പ്പെട്ട കുട്ടികളെ മാത്രം വിളിച്ച് അനുമോദിച്ചത് ചര്‍ച്ചയായതോടെ മുഖ്യമന്ത്രിക്കും ടീകോം സിഇഒക്കും ഇതേപ്പറ്റി വിശദീകരിക്കേണ്ടതായും വന്നു. സംസ്ഥാന സര്‍ക്കാരിന്റെ അറിവോടെയല്ല സംഭവം നടന്നതെങ്കിലും ഇതിന്റെ പിന്നില്‍ ഒരു പ്രമുഖ വ്യവസായിയാണ് പ്രവര്‍ത്തിച്ചതെന്നാണ് അറിയുന്നത്. ഈ കുട്ടികളെ സ്മാര്ട്ട്സിറ്റിയെക്കൊണ്ട് ദത്തെടുപ്പിക്കാനായിരുന്നു നീക്കം. അതുകൊണ്ട് തന്നെയാണ് മുസ്ലീം സമുദായത്തില്‍നിന്നും മാത്രം നാല് കുട്ടികളെ തെരഞ്ഞെടുത്തത്.
എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ കൂടി പങ്കാളിത്തമുള്ള സ്മാര്‍ട്ട്സിറ്റിയുടെ ഉദ്ഘാടനച്ചടങ്ങില്‍ ഇങ്ങനെയൊരു വേദി ഒരുക്കിയതിനെ സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വിദ്യാര്‍ത്ഥികളാണ് വികസനത്തിന്റെ ഭാവി നിശ്ചയിക്കുന്നതെന്നും പ്രദേശവാസികളും സ്മാര്‍ട്ട്സിറ്റിയുടെ ഭാഗമാണെന്ന് വ്യക്തമാക്കുകയായിരുന്നുവെന്നും പറഞ്ഞ് മുഖ്യമന്ത്രി തടിയൂരുകയായിരുന്നു.
കെ.എസ്.ഉണ്ണികൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: