കോഴിക്കോട്: ടി.പി ചന്ദ്രശേഖരനെ വധിച്ചത് പണത്തിന് വേണ്ടിയല്ലെന്ന് അറസ്റ്റിലായ ടി.കെ രജീഷിന്റെ മൊഴി. പാര്‍ട്ടി പറഞ്ഞത് അനുസരിച്ചാണ് താന്‍ കൊലപാതകത്തില്‍ പങ്കാളി ആയതെന്നും രജീഷ് പറഞ്ഞു. രജീഷിന് ഇന്ന് നാല് മണിക്ക് വടകര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം കുഞ്ഞനന്തന്, കിര്‍മാണി മനോജ്, അനൂപ് എന്നിവരാണ് കൊലയ്ക്ക് വേണ്ടി തന്നെ വിളിച്ചതെന്നും രജീഷ് പറഞ്ഞു. നേരത്തേ മൂന്നു തവണ ചന്ദ്രശേഖരനെ വധിക്കാന്‍ പദ്ധതി ഇട്ടിരുന്നു. ഇതിലും താന്‍ പങ്കാളിയായിരുന്നുവെന്നും രജീഷ് മൊഴി നല്കി.
രജീഷിനെ തിരിച്ചറിയല്‍ പരേഡിന് വിധേയനാക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. മറ്റുപ്രതികള്ക്കൊപ്പമാണ് രജീഷിനെ തിരിച്ചറിയല്‍ പരേഡിന് വിധേയനാക്കുക. തിരിച്ചറിയല്‍ പരേഡിനു ശേഷം പോലീസ് കസ്റ്റഡിയില്‍ വാങ്ങും. ഇപ്പോള്‍ വടകരയിലെ റൂറല്‍ എസ്.പി ഓഫീസ് ക്യാംപില്‍ രജീഷിനെ ചോദ്യം ചെയ്യുകയാണ്.
കെ.ടി.ജയകൃഷ്ണന് വധക്കേസ് ഉള്‍പ്പെടെ ആറോളം കേസുകളില്‍ പങ്കുള്ളതായി രജീഷ് അന്വേഷണ സംഘത്തിന് മുന്നില്‍ സമ്മതിച്ചതായി റിപ്പോര്‍ട്ടുണ്ട്. മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ നിന്നാണ് രജീഷിനെ അന്വേഷണ സംഘം കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രിയാണ് രജീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: