കൊച്ചി: ഗുരുവായൂര്‍ ദേവസ്വത്തിനു കീഴിലുള്ള വെങ്ങോട് ഗോകുലത്തിലെ ഷെഡ്ഡിന്റെ നിര്‍മ്മാണം ഹൈക്കോടതി സ്റ്റേ ചെയ്തു.
വെങ്ങോട് ഗോകുലത്തില്‍ താല്‍ക്കാലിക ഷെഡ് നിര്‍മ്മിക്കാന്‍ ഒരു ഭക്തന് പത്തു ലക്ഷം രൂപ സംഭാവനയായി നല്‍കിയിരുന്നു. വെങ്ങോട് ഗോകുലത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ഹൈക്കോടതി നിയോഗിച്ച പ്രത്യേക കമ്മറ്റി നിലവിലുണ്ട്. ഈ കമ്മറ്റിയോട് ആലോചിക്കാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കോഴിക്കോട്ടുള്ള ഒരു കമ്പനിക്ക് നല്കിയതിനെതിരെയുള്ള പരാതിയിലാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഹൈക്കോടതി സ്റ്റേ ചെയ്തത്. ജസ്റ്റിസ് തോട്ടത്തില്‍. ബി. രാധാകൃഷ്ണന്, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഈ ഉത്തരവിട്ടത്.
ഗുരുവായൂര്‍ ദേവസ്വത്തിന് കീഴിലുള്ള വേങ്ങാട് ഗോശാലയുടെ ശോച്യാവസ്ഥ സംബന്ധിച്ച് വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ട ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. ആയിരം പശുക്കളുള്ള ഗോശാല വൃത്തിഹീനവും ദുരിതം നിറഞ്ഞതുമായിരുന്നു. നൂറ് ഏക്കറിലുള്ള ഈ ഗോശാലക്കായി ദേവസ്വത്തിന്റെ ഓരോ വര്‍ഷത്തെ ബജറ്റിലും കോടികള്‍ വകയിരുത്തുമായിരുന്നു. എന്നാല്‍ ഇവ ലക്ഷ്യം കാണാറില്ല.
നിലവിലുള്ള ഷെഡ്ഡുകള്‍ അശാസ്ത്രീയമായി നിര്‍മ്മിച്ചതായി കണ്ടെത്തിയിരുന്നു. ഇക്കാര്യത്തില്‍ വിദഗ്ധരെ കൊണ്ടുവന്ന് പഠനം നടത്തി. സിപിഡബ്ല്യുഡിയെ ഹൈക്കോടതി സ്വമേധയാ കക്ഷിചേര്‍ത്താണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അവരെക്കൊണ്ട് നടത്തിക്കുവാനായിരുന്നു പദ്ധതി. ഇതിനായി ഏഴ് കോടി രൂപയുടെ എസ്റ്റിമേറ്റ് അടുത്ത യോഗത്തില്‍ അംഗീകരിക്കാനിരിക്കെയാണ് സമിതിയെ അറിയിക്കാതെ സ്വകാര്യ വ്യക്തിയെക്കൊണ്ട് 13ലക്ഷം രൂപ ചെലവില്‍ ഷെഡ്ഡ് നിര്‍മ്മാണം നടത്തിക്കുവാന്‍ ശ്രമം നടത്തിയത്. ഇതിനായി നിയമപരമായ ഒരുകാര്യവും ദേവസ്വം പൂര്‍ത്തീകരിച്ചിരുന്നില്ല. ആയിരം പശുക്കളെ താമസിപ്പിക്കുവാന്‍ ശാസ്ത്രീയമായ രീതിയിലുള്ള ഷെഡ്ഡാണ് സമിതി വിഭാവനം ചെയ്തിട്ടുള്ളത്.
മലപ്പുറം ജില്ലാ കളക്ടര്‍ ചെയര്‍മാനും മലപ്പുറം ഡിവൈഎസ്പി, രണ്ട് അഭിഭാഷകന്, കെഎല്‍ഡി ബോര്‍ഡ് മെമ്പര്‍, വെറ്ററിനറി യൂണിറ്റ് അംഗം, ഗുരുവായൂര്‍ അഡ്മിനിസ്ട്രേറ്റര്‍ എന്നിവരടങ്ങിയതാണ് എട്ടംഗ വിദഗ്ധസമിതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: