ചെറുതോണി (ഇടുക്കി): സിപിഎം കൂടുതല്‍ പ്രതിസന്ധിയിലേക്ക്. എം.എം. മണിയുടെ കൊലവിളി പ്രസംഗത്തിനെതിരെ സിപിഎം കേന്ദ്രനേതൃത്വത്തിന്റെ നിലപാടിന് വിരുദ്ധമായി ഇടുക്കി ജില്ലാ കമ്മറ്റി തീരുമാനം കൈക്കൊണ്ടതാണ് പാര്‍ട്ടി നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുന്നത്.
ആര്‍എംപി നേതാവ് ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട് പ്രതിരോധത്തിലായ സിപിഎമ്മിനെ കൂടുതല്‍ വെട്ടിലാക്കുന്നതായിരുന്നു ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണി മണക്കാട് നടത്തിയ പ്രസംഗം. ഇതേത്തുടര്‍ന്ന് മുഖം രക്ഷിക്കുന്നതിനും വിവാദങ്ങളില്‍നിന്നും തലയൂരുന്നതിനുമായി മണിക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്ന് സിപിഎം നേതൃത്വം അവകാശവാദങ്ങള്‍ മുഴക്കുന്നതിനിടെയാണ് കേന്ദ്ര നിലപാടുകളെ പരസ്യമായി തള്ളിപ്പറഞ്ഞ് മണിയുടെ വിശ്വസ്തരെ മാത്രം ഉള്‍ക്കൊള്ളുന്ന ഇടുക്കി ജില്ലാ നേതൃത്വം രംഗത്ത് എത്തിയത്.
പാര്‍ട്ടിയെയും നേതൃത്വത്തെയും ഒരുപോലെ കുഴിയില്‍ ചാടിച്ചെങ്കിലും മണിക്കെതിരെ നടപടി വേണ്ടെന്നായിരുന്നു ഇന്നലെ ചേര്‍ന്ന സിപിഎം ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റില്‍ ഭൂരിപക്ഷ അഭിപ്രായം ഉയര്‍ന്നത്. ജില്ലയില്‍ പാര്‍ട്ടിക്കു മണിയെ ഒഴിവാക്കാനാകില്ലെന്നും ഇടുക്കിയില്‍ പാര്‍ട്ടി വളര്‍ത്തുന്നതില്‍ മണിയുടെ പങ്ക് വളരെ വലുതാണെന്നുമുള്ള അഭിപ്രായത്തിനൊപ്പം തൊടുപുഴയില്‍ അദ്ദേഹം നടത്തിയ പ്രസംഗത്തിന്റെ ഭാഷ ശരിയായില്ലെന്നും ജില്ലാ നേതൃത്വം പറയുന്നു. സെക്രട്ടറിയുടെ പ്രസംഗശൈലി പാര്‍ട്ടിയില്‍ ചര്‍ച്ചയായിട്ടുണ്ടെന്നും ജാഗ്രതപാലിക്കാമായിരുന്നുവെന്നും സെക്രട്ടേറിയറ്റംഗങ്ങള്‍ പറഞ്ഞു.
അഞ്ച് ദിവസത്തെ അജ്ഞാതവാസത്തിന്ശേഷം ഇന്നലെ ചെറുതോണിയിലെ പാര്‍ട്ടി ജില്ലാ കമ്മറ്റി ഓഫീസില്‍ നടന്ന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കാന്‍ എം.എം മണിയും എത്തിയിരുന്നു. സെക്രട്ടേറിയറ്റിന് ശേഷം നടന്ന പത്രസമ്മേളനത്തില്‍ തനിക്കെതിരായുള്ള രാഷ്ട്രീയനീക്കത്തിന്റെ ഭാഗമായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കള്ളക്കേസുകള്‍ എടുത്തിരിക്കുകയാണെന്ന് പറഞ്ഞ മണി ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടാന്‍ ഇടുക്കി ജില്ലാ കമ്മറ്റിയുടെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നും വ്യക്തമാക്കി. ഒരിക്കല്‍ വിചാരണ പൂര്‍ത്തിയായ കേസ് വീണ്ടും കുത്തിപ്പൊക്കുന്നതു നിയമവിരുദ്ധമാണ്. നിയമവശങ്ങള്‍ പരിശോധിച്ച ശേഷം അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരാകുന്നതു പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ വിഷയം സംസ്ഥാന സമിതിയുടെ മുന്പാകെയല്ലാതെ ജില്ലാ കമ്മിറ്റി ചര്‍ച്ച പോലും ചെയ്യില്ല. പിബി ക്കും അഭിപ്രായം പറയാം.
കേന്ദ്ര നേതൃത്വം നടപടി സ്വീകരിക്കുമെന്ന് പറഞ്ഞതിനെ താന്‍ അംഗീകരിക്കുന്നു. നടപടിയെന്നാല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കലല്ല. വിവാദ പ്രസംഗത്തിനിടയായ സാഹചര്യത്തെക്കുറിച്ച് ‘സോറി’ പറഞ്ഞു കഴിഞ്ഞു. സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് അയാളുടെ പാര്‍ട്ടിയുടെ കാര്യം നോക്കിയാല്‍ മതിയെന്ന് രാവിലെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞ മണി ഉച്ചകഴിഞ്ഞ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പന്ന്യന്‍ തനിക്കറിയാവുന്ന കറ കളഞ്ഞ രാഷ്ട്രീയ വ്യക്തിത്വത്തിന് ഉടമയാണെന്ന് അഭിപ്രായപ്പെട്ടു. മന്ത്രിമാരായിരിക്കേ ബിനോയിവിശ്വത്തിനെയും കെ.പി രാജേന്ദ്രനെയും വിമര്‍ശിച്ചതിലുള്ള വിരോധം നിമിത്തമാണ് തനിക്ക് ചെങ്കൊടിയെപ്പറ്റി പറയാന്‍ അവകാശമില്ലെന്ന് ബിനോയി പറഞ്ഞത്. ഇന്നലെ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റില്‍ സിപിഎം പാര്‍ട്ടിയെ തകര്‍ക്കുന്നതിനായി നടക്കുന്ന രാഷ്ട്രീയ ഗൂഢാലോചനയെ എങ്ങനെ പ്രതിരോധിക്കണമെന്ന് ചര്‍ച്ച ചെയ്യാനാണ് ചേര്‍ന്നത്. ഇതിന്റെ ഭാഗമായി തനിക്കെതിരെ എടുത്തിട്ടുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്നും എസ്എഫ്ഐ നേതാവ് അനീഷ് രാജന്റെ ഘാതകരെ പിടികൂടണമെന്നും ആവശ്യപ്പെട്ട് 12 ന് തൊടുപുഴ ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. പത്രസമ്മേളനത്തില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം സി.വി വര്‍ഗീസ്, പി.എസ് രാജന്, കെ.വി മേരി, കെ.കെ സോദരന് എന്നിവര്‍പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: