കൊല്ലം: കടലില്‍ മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ വെടിവച്ചുകൊന്ന കേസില്‍ വാദം കേള്‍ക്കല്‍ 18ന് നടക്കും. വിചാരണ നടപടികളെ സഹായിക്കുന്നതിനായി മലയാളം, ഇംഗ്ലീഷ്, ഇറ്റലി ഭാഷകളില്‍ പ്രാവീണ്യമുള്ള ദ്വിഭാഷികളുടെ ലിസ്റ്റ് 18ന് ഹാജരാക്കാനും ജില്ലാസെഷന്‍സ് കോടതി ജഡ്ജി പി.ഡി.രാജന് സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.
കോടതി പുറപ്പെടുവിച്ച പ്രൊഡക്ഷന്‍ വാറന്റിന്റെ അടിസ്ഥാനത്തില്‍ പ്രതികളായ ലത്തോറെ മാസി മിലിയാനോ, സാല്‍വത്തോറെ ജിറോണ്‍ എന്നിവരെ ഇന്നലെ കോടതിയില്‍ ഹാജരാക്കി. അഭിഭാഷകനായ സി.എസ്.നായര്‍, എ.കെ.മനോജ് എന്നിവര്‍ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്തു. കുറ്റപത്രത്തിനൊപ്പം ചില രേഖകളുടെ കോപ്പി വേണമെന്ന ആവശ്യത്തിന് പ്രോസിക്യൂഷന് വഴങ്ങിയെങ്കിലും തൊണ്ടിസാധനങ്ങളുടെയും ഫോറന്‍സിക് പരിശോധനകളുടെയും മറ്റും തെളിവുകള്‍ നല്‍കാനാവില്ലെന്ന സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജിന്റെ വാദത്തെ കോടതി അനുകൂലിച്ചു.
പ്രതികള്‍ക്കെതിരെ കേസെടുക്കാന്‍ ഇന്ത്യയ്ക്ക് നിയമപരമായി അവകാശമുണ്ടോ എന്നതിനെക്കുറിച്ച് സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്ന ഹര്‍ജിയില്‍ തീരുമാനമുണ്ടാക്കുന്നതിന് മുമ്പ് കേസിന്റെ പ്രാഥമികവാദം തുടരരുതെന്ന പ്രതിഭാഗത്തിന്റെ ആവശ്യവും കോടതി അനുവദിച്ചില്ല. കേസിന്റെ തുടര്‍നടപടികള്‍ക്ക് അതൊരു തടസ്സമാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും വിചാരണ എത്രയും വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്ന് ഹൈക്കോടതി നിരീക്ഷിച്ചിട്ടുള്ള കാര്യവും പ്രോസിക്യൂഷന് എടുത്തുകാട്ടി. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലാണോ പുറത്താണോ സംഭവം നടന്നതെന്നതിന് വസ്തുതാപരമായ പ്രാധാന്യം മാത്രമേ ഉള്ളുവെന്നും അതിന് നിയമത്തിന്റെ അടിസ്ഥാനമില്ലെന്നും പ്രോസിക്യൂഷന് സമര്‍ത്ഥിച്ചു.
ഇറ്റാലിയന്‍ നാവികര്‍ക്ക് ഹൈക്കോടതി അനുവദിച്ച ജാമ്യത്തിന്റെ അടിസ്ഥാനത്തില്‍ ഒരുകോടി രൂപ വീതമുള്ള രണ്ട് ആള്‍ജാമ്യം കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. കൊല്ലം വള്ളിക്കീഴ് സ്വദേശി ജ്യോതികുമാര്‍, തേവലക്കര സ്വദേശി രാജ്മോഹന്‍ എന്നിവരാണ് ആള്‍ജാമ്യം നല്‍കിയത്. ഇറ്റാലിയന്‍ കോണ്‍സുലേറ്റ് നാല് കോടിരൂപ ഇവരുടെ പേരില്‍ യൂക്കോ ബാങ്കിന്റെ കൊല്ലം ശാഖയില്‍ അടച്ച ശേഷമാണ് ഗ്യാരന്റി നല്‍കിയിട്ടുള്ളത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: