ന്യൂദല്‍ഹി: പ്രതിരോധമന്ത്രാലയവുമായി അഭിപ്രായവ്യത്യാസമില്ലെന്ന് സൈനിക മേധാവി ജനറല്‍ വി.കെ. സിംഗ് വ്യക്തമാക്കി. സൈന്യം പറഞ്ഞതെല്ലാം മന്ത്രാലയം ശ്രദ്ധിച്ചിട്ടുണ്ടെന്നും സൈന്യത്തെ പിന്തുണയ്ക്കുന്ന ആളാണ് പ്രതിരോധമന്ത്രി എ.കെ. ആന്റണിയെന്നും ജനറല്‍ വി.കെ. സിംഗ് പറഞ്ഞു.
വിവാദങ്ങള്‍ ഒരിക്കലും തന്നെ ആശങ്കപ്പെടുത്തിയിട്ടില്ല. എന്നും ഒരു സൈനികനായും സൈന്യത്തിന്റെ ശരിയായ നിലപാടുകളെ പിന്തുണച്ചവരില്‍ ഒരാളായും അറിയപ്പെടാനാണ് താല്പര്യമെന്നും വി.കെ സിംഗ് പറഞ്ഞു. സൈനിക മേധാവി സ്ഥാനത്ത് നിന്നും നാളെ വിരമിക്കുന്ന അദ്ദേഹം പൂനെയില്‍ ഒരു ഔദ്യോഗിക ചടങ്ങില്‍ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു.
സൈന്യത്തില്‍ സുതാര്യത കൊണ്ടുവരികയും സൈനികരുടെ മനോനിലയില്‍ മാറ്റം വരുത്തുകയുമാണ് വേണ്ടത്. എന്നാല്‍ ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ ഇത് സാധ്യമാകണമെന്നില്ലെന്നും കുറഞ്ഞത് 20 വര്‍ഷങ്ങളെങ്കിലും വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനുള്ള നടപടികള്‍ ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആധുനീകവല്ക്കരണം സൈന്യത്തെ കൂടുതല്‍ പ്രവര്‍ത്തനക്ഷമമാക്കുമെന്നും ജനറല്‍ വി.കെ. സിംഗ് പറഞ്ഞു. ലഫ്. ജന. തേജീന്ദര്‍ സിംഗ് തനിക്കെതിരേ നല്കിയ പരാതിയെക്കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: