ന്യൂദല്‍ഹി: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായിപ്രധാനമന്ത്രി മന്മോഹന് സിംഗ് മ്യാന്മറില് എത്തി. അതേസമയം, മ്യാന്മറും ഇന്ത്യയും തമ്മില്‍ വ്യാപാരം, നിക്ഷേപം എന്നീ മേഖലകളിലുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്തി ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ ഇരുരാജ്യങ്ങളും മുന്നോട്ടുവരണമെന്ന് പ്രധാനമന്ത്രി മന്മോഹന് സിംഗ്.
ഇന്ത്യയുടെ അടുത്ത സുഹൃത്തും അയല്‍വാസിയുമാണ് മ്യാന്മര്. അതിനാല്‍ മ്യാന്മറുമായുള്ള ബന്ധത്തെ അതീവ ഗൗരവകരമായാണ് ഇന്ത്യ നോക്കിക്കാണുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തില്‍ കാര്യമായ പുരോഗതിയുണ്ടെന്നും മ്യാന്മര് സന്ദര്‍ശനം വിജയകരമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്ന് ദിവസത്തെ മ്യാന്മര് സന്ദര്‍ശനത്തിന് പുറപ്പെടുന്നതിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശകാര്യമന്ത്രി എസ്.എം.കൃഷ്ണയും വ്യവസായ പ്രതിനിധി സംഘവും പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്. 1987ല്‍ രാജീവ് ഗാന്ധിയുടെ മ്യാന്മര് സന്ദര്‍ശനത്തിനുശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി മ്യാന്മര് സന്ദര്‍ശിക്കുന്നത്. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ മ്യാന്മര് പ്രസിഡന്റ് തീന് സെയ്ന് ഇന്ത്യന്‍ സന്ദര്‍ശനം നടത്തിയിരുന്നു. മ്യാന്മറിലെ ജനാധിപത്യ നേതാവ് ആങ്ങ് സാന്‍ സൂകിയുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തും. ചരിത്രപ്രസിദ്ധമായ ഷാഡോഗാള് പഗോഡയിലും ബഹദൂര്‍ഷാ സഫറിന്റെ ശവകുടീരത്തിലും പ്രധാനമന്ത്രി സന്ദര്‍ശനം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: