ന്യൂദല്‍ഹി: പെട്രോളിന് പിറകേ ഡീസലിന്റെയും പാചകവാതകത്തിന്റെയും വിലയും വര്‍ദ്ധിപ്പിക്കുന്നു. ഇതുസംബന്ധിച്ച തീരുമാനം നാളെ നടക്കുന്ന മന്ത്രിതല സമിതിയില്‍ ഉണ്ടാകും. പാചകവാതകം സിലിണ്ടര്‍ ഒന്നിന് 50 രൂപയും ഡീസലിന് ലിറ്ററിന് നാല് രൂപയും മണ്ണെണ്ണയ്ക്ക് പത്ത് രൂപയും വര്‍ദ്ധിപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
666 രൂപ വിലയുള്ള പാചകവാതക സിലിണ്ടര്‍ സബ്സിഡി നിരക്കില്‍ നല്‍കുന്നതിലൂടെ കേന്ദ്ര സര്‍ക്കാരിന് 395 രൂപയുടെ നഷ്ടം ഉണ്ടാകുന്നു. ഒരു ലിറ്റര്‍ ഡീസല്‍ വില്ക്കുമ്പോള് അഞ്ച് രൂപയുടെയും മണ്ണെണ്ണ വില്ക്കുമ്പോള് 25 രൂപയുടെയും നഷ്ടമാണ് സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്. ഈ സാഹചര്യത്തില്‍ വില വര്‍ദ്ധനവ് ഗൗരവമായി പരിഗണിക്കുമെന്ന് കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി വ്യക്തമാക്കി.
ഇതിനിടെ പെട്രോള്‍ വില വര്‍ദ്ധനയ്ക്കെതിരെ യു.പി.എ ഘടകകക്ഷികള്‍ തന്നെ രംഗത്തെത്തി. വില വര്‍ദ്ധനവ് പിന്‍വലിക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്, ഡി.എം,കെ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. പെട്രോള്‍ വില വര്‍ദ്ധനവ് പിന്‍വലിക്കും വരെ പ്രക്ഷോഭം തുടരുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അറിയിച്ചു.
പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ വര്‍ദ്ധിപ്പിച്ച പെട്രോള്‍ വിലയില്‍ കുറവ് വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ലിറ്ററിന് മൂന്നു രൂപ വരെ കുറയ്ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് എണ്ണക്കമ്പനികളാണ്.
വിദേശത്തുള്ള കേന്ദ്ര പെട്രോളിയം മന്ത്രി ജയ്പാല് റെഡ്ഡിയെ അടിയന്തിരമായി ദല്‍ഹിയിലേക്ക് വിളിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തോടെ അദ്ദേഹം ദല്‍ഹിയിലെത്തുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: