ന്യൂദല്‍ഹി: യുപിഎ സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികം ആഘോഷിക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് സംഘടിപ്പിച്ച അത്താഴവിരുന്ന് ഡിഎംകെയും തൃണമൂല്‍ കോണ്‍ഗ്രസും ബിഎസ്പിയും ബഹിഷ്കരിച്ചു.
കാരണമൊന്നും വ്യക്തമാക്കാതെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി വിരുന്നില്നിന്ന്വിട്ടുനിന്നത്. അനാരോഗ്യമാണ് വിരുന്ന് ബഹിഷ്കരിക്കാന്‍ കാരണമായി ഡിഎംകെ നേതാവ് എം. കരുണാനിധി ചൂണ്ടിക്കാട്ടിയത്. രണ്ട് മുതിര്‍ന്ന നേതാക്കളും പ്രധാനമന്ത്രിയുടെ വിരുന്നില്‍നിന്ന് വിട്ടുനിന്നതോടെ യുപിഎയുടെ ഏറ്റവും വലിയ രണ്ട് സഖ്യകക്ഷികളുടെ അഭാവമാണ് ശ്രദ്ധിക്കപ്പെട്ടത്.
അതേസമയം, തൃണമൂല്‍ കോണ്‍ഗ്രസും കോണ്‍ഗ്രസ് പാര്‍ട്ടിയും തമ്മിലുള്ള ബന്ധം ആടിയുലയുന്ന സാഹചര്യത്തിലാണ് മമതയുടെ തീരുമാനമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഈ ബന്ധം കൂടുതല്‍ വഷളാവുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് മമതയെ തള്ളിപ്പറഞ്ഞുകൊണ്ട് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പിന്തുണ തേടി സിപിഎം നേതാക്കളെ സമീപിച്ചത്. കടുത്ത സിപിഎം വിരോധിയായ മമതയെ ഇത് ഏറെ ചൊടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ഡിഎംകെ നേതാവുമായ എ. രാജയെ സ്പെക്ട്രം കേസില്‍ കുടുക്കിയതിലുള്ള രോഷമാണ് കരുണാനിധിയുടെ മനസില്‍. രാജ അകത്തായതോടെ കോണ്‍ഗ്രസുമായി ഉണ്ടായ അകല്‍ച്ചയില്‍നിന്ന് കരുണാനിധി ഇപ്പോഴും മുക്തനായിട്ടില്ലത്രേ. കരുണാനിധിയുടെ മകനും കേന്ദ്ര വളം-രാസവസ്തു വകുപ്പുമന്ത്രിയുമായ എം.കെ. അളഗിരിയും വിരുന്നില്‍ പങ്കെടുക്കാന്‍ കൂട്ടാക്കിയില്ല. താന്‍ ‘ഡയറ്റിങ്ങി’ലാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
പ്രധാനമന്ത്രിയുടെ ക്ഷണക്കത്ത് വായിച്ചുനോക്കാന്‍ നേരം കിട്ടിയില്ലെന്നാണ് ബിഎസ്പി നേതാവും മുന്‍ യുപി മുഖ്യമന്ത്രിയുമായ മായാവതി പറഞ്ഞത്. യുപിഎ സര്‍ക്കാരിന് പ്രശ്നാധിഷ്ഠിത പിന്തുണ നല്കുന്ന കക്ഷിയാണ് ബിഎസ്പി.
യുപിഎ സര്‍ക്കാരിന്റെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടണമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് അഭിപ്രായപ്പെട്ടു. മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് സര്‍ക്കരിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് വിലയിരുത്തുന്നത്. ആഗോളതലത്തിലെ പ്രതിസന്ധികള്‍ക്കിടയിലും രാജ്യം സാമ്പത്തിക വളര്‍ച്ച തുടരുകയാണെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. നക്സലിസമാണ് രാജ്യം നേരിടുന്ന വലിയ ഭീഷണിയെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കെതിരെയുള്ള ജനരോഷം സര്‍ക്കാര്‍ മനസിലാക്കുന്നുണ്ടെന്നും ഭരണപരമായും നിയമപരമായും ഇത് പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് ഉറപ്പ്ന ല്കുന്നതായും മന്‍മോഹന്‍സിംഗ് പറഞ്ഞു. അഴിമതി തുടച്ചുനീക്കാന്‍ സഹായിക്കുന്ന ബില്‍ പാര്‍ലമെന്റിന്റെ മുന്നിലെത്തിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. പ്രതിസന്ധികള്‍ മറികടക്കാനും ആത്മവിശ്വാസത്തോടെ വെല്ലുവിളികള്‍ അതിജീവിക്കാനും എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെയും സഹകരണം ഉണ്ടാകണമെന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: