ന്യൂദല്‍ഹി: കടലിലെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ ഇന്ത്യയുടെ നിലപാടിലുള്ള അസംതൃപ്തി സൂചിപ്പിക്കാനാണ് ദല്‍ഹിയില്‍ നിന്ന് സ്ഥാനപതിയെ തിരികെ വിളിച്ചതെന്ന് ഇറ്റലി. കേസ് നയതന്ത്രപരമായി ഒത്തുതീര്‍ക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് സ്ഥാനപതിയെ തിരിച്ചു വിളിപ്പിച്ചതെന്ന് ഇറ്റാലിയന്‍ വിദേശകാര്യസഹമന്ത്രി സ്റ്റെഫാന്‍ ദെ മിസ്തുരയാണ് വ്യക്തമാക്കിയത്. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്താരാഷ്ട്ര കപ്പല്‍ച്ചാലില്‍ നടന്ന സംഭവമായതിനാല്‍ കേസ് റോമിലേക്ക് മാറ്റണമെന്ന തങ്ങളുടെ ആവശ്യം ഇന്ത്യ നിരസിക്കുകയായിരുന്നെന്ന് മിസ്തുര കുറ്റപ്പെടുത്തി. കേസ് ഇന്ത്യ-ഇറ്റലി നയതന്ത്രബന്ധത്തെ ബാധിച്ചോ എന്ന ചോദ്യത്തിന് ബന്ധം വഷളാകുന്നത് ഒഴിവാക്കാനുള്ള ശക്തമായ സന്ദേശമാണ് സ്ഥാനപതിയെ തിരികെ വിളിച്ചതിലൂടെ നല്‍കിയതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നാല്‍ ഇറ്റലി സ്ഥാനപതിയെ തിരികെ വിളിപ്പിച്ചത് നയതന്ത്രബന്ധം വഷളായതിന്റെ സൂചനയല്ലെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. അതേസമയം കേസില്‍ ഇന്ത്യയുടെ നിലപാട് ഇറ്റലിയെ അറിയിക്കാന്‍ ഇറ്റലിയിലെ ഇന്ത്യന്‍ സ്ഥാനപതിക്ക് വിദേശകാര്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നാവികരെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനും കേസ് ഒതുക്കിത്തീര്‍ക്കാനുമായി ഇറ്റലി കേസിന്റെ തുടക്കം മുതല്‍ ശ്രമിച്ചിരുന്നു. ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ മോണ്ടി മൂന്ന് തവണ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗുമായി ടെലഫോണില്‍ സംസാരിച്ചു. ഇറ്റാലിയന്‍ വിദേശകാര്യമന്ത്രിയും സംഘവും ദല്‍ഹിയിലും കേരളത്തിലും അധികൃതരുമായും മതനേതാക്കളുമായും നേരിട്ട് പ്രശ്നം ചര്‍ച്ച ചെയ്തു. എന്നാല്‍ കേസ് കോടതിയുടെ പരിഗണനയിലാണെന്നും ഇടപെടാനാകില്ലെന്നും ഇന്ത്യ വ്യക്തമാക്കുകയായിരുന്നു.
കഴിഞ്ഞ ഫെബ്രുവരി പതിനഞ്ചിനായിരുന്നു ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് കൊല്ലത്ത് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടത്. കടല്‍ക്കൊള്ളക്കാരെന്ന് കരുതി സ്വയം രക്ഷയ്ക്കാണ് ഇവര്‍ക്ക് നേരെ വെടിയുതിര്‍ത്തതെന്നാണ് ഇറ്റലിയുടെ വാദം. എന്നാല്‍ കൊലക്കുറ്റം ചുമത്തി നാവികര്‍ക്കെതിരെ കേരളാപൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. എന്റിക്ക ലെക്സിയിലെ നാവികരായ ലസ്തോറേ മാസി മിലിയാനോ, സാല്‍വത്തോറേ ജിറോണ്‍ എന്നിവരെ മുഖ്യപ്രതികളാക്കിയാണ് കുറ്റപത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: