കോഴിക്കോട്: ഒഞ്ചിയത്തെ റെവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഒമ്പത് പേര്‍ക്കും സിപിഎമ്മുമായി അടുത്ത ബന്ധം. ഇതില്‍ ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മറ്റി അംഗമായ പടയംകണ്ടി രവീന്ദ്രനും കുന്നുമ്മക്കര ലോക്കല്‍ കമ്മറ്റി അംഗം കാവില്‍ പറമ്പത്ത് വീട്ടില്‍ ബാബൂട്ടി എന്ന കെ.സി രാമചന്ദ്രനും കൊലപാതകക്കേസിലെ താഴെതട്ടിലുള്ള പ്രതികളാണെന്ന് വ്യക്തമായിരിക്കുന്നു. ഇവര്‍ രണ്ടുപേരും പാര്‍ട്ടിയിലെ യജമാനന്മാരുടെ നിര്‍ദ്ദേശമനുസരിച്ചുള്ള പങ്കാണ് നിര്‍വ്വഹിച്ചത്.
ഇന്നലെ അറസ്റ്റിലായ പൊന്ന്യം കുണ്ടുചിറ മുരിക്കോളി ചന്ദ്രന്റെ മകന് സനീഷ് സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനാണ്.സനീഷിന്റെ അച്ഛനായ മുരിക്കോളി ചന്ദ്രന് സിപിഎം കതിരൂര്‍ കുണ്ടുചിറ ബ്രാഞ്ച് കമ്മറ്റിഅംഗമാണ്. ചന്ദ്രന്റെ കുടുംബത്തിന് പാര്‍ട്ടിയിലെ ഉന്നതരുമായി അടുത്ത ബന്ധമാണുള്ളത്. മുന്‍ എംഎല്‍എയും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായി കുടുംബബന്ധമാണ് മുരിക്കോളി ചന്ദ്രനുള്ളത്.
ഇന്നലെ അറസ്റ്റിലായ ലോക്കല്‍ കമ്മറ്റി അംഗം കെ.സി. രാമചന്ദ്രന് ക്വട്ടേഷന്‍ സംഘത്തിന് ഒരുലക്ഷം രൂപ കൊടുത്തത് താനാണെന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ വെളിപ്പെടുത്തിയെന്നാണ് അറിയുന്നത്. എന്നാല്‍ രാമചന്ദ്രന്റെ ഇത്തരത്തിലുള്ള മൊഴി സ്വയം കുറ്റമേറ്റെടുത്ത് സംഭവത്തില്‍ പങ്കുള്ള ഉന്നതരെ രക്ഷിക്കാനുള്ള തെറ്റിദ്ധരിപ്പിക്കലാണെന്ന് വ്യക്തമാകുകയാണ.് വ്യക്തിവിരോധത്തിന്റെ പേരില്‍ ചന്ദ്രശേഖരനെ വധിക്കാന്‍ പദ്ധതിയിട്ടെന്ന് രാമചന്ദ്രന് വെളിപ്പെടുത്തിയെന്ന് പറയുന്നതും സംഭവത്തില്‍ നേരിട്ട് പങ്കുള്ള പാര്‍ട്ടി മുന്‍ എം.എല്‍.എ അടക്കമുള്ള ഉന്നതരെ രക്ഷിക്കാന്‍ വേണ്ടിയാണ്.
പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുന്‍ എംഎല്‍എയുമായ വ്യക്തിയുടെ അടുപ്പക്കാരനും നാട്ടുകാരനുമായ വ്യക്തിയാണ് സംഭവത്തിന് ചുക്കാന്‍ പിടിച്ചതെന്നാണ് സൂചന. ഇയാളാണ് കൊലയാളികളെ തെരഞ്ഞെടുത്തതത്രെ. ഈ വ്യക്തിക്ക് കൊല്ലപ്പെട്ടി ടി.പി.ചന്ദ്രശേഖരനുമായി നേരിട്ടോ അല്ലാതെയോ യാതൊരു ബന്ധവുമില്ല. ഈ നിലയ്ക്ക് ഇയാള്‍ ആര്ക്ക ്വേണ്ടിയാണ്പ്രവര്ത്തിച്ചതെന്ന് വ്യക്തമാകുന്നുണ്ട്. ചന്ദ്രശേഖരന്റെ കൊലപാതകത്തിന് സിപിഎമ്മിന് പങ്കില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റും പാര്‍ട്ടിസെക്രട്ടറിയും പറഞ്ഞാലും മുന്‍ എംഎല്‍എയും കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ പാര്‍ട്ടിനേതാവിന്റെ സഹപ്രവര്‍ത്തകന്റെ നേരെ അന്വേഷണമുന നീളുമ്പോള്‍ സംഭവത്തില്‍ സിപിഎമ്മിന്റെ സംസ്ഥാന നേതൃത്വത്തിലുള്ള ചിലരുടെ നേരിട്ടുള്ള പങ്ക് തെളിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ചന്ദ്രശേഖരന്റെ വധത്തില്‍ സിപിഎം സംസ്ഥാന നേതൃത്വത്തിന് നേരിട്ട് പങ്കുണ്ടെന്ന് ആര്‍എംപി നേതാക്കളും ചന്ദ്രശേഖരന്റെ ഭാര്യ രമയും നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് കാരണം ഒഞ്ചിയവുമായി പാര്‍ട്ടിയിലെ ഉന്നതസ്ഥാനത്തുള്ള വ്യക്തിയുടെ നേരിട്ടുള്ള ബന്ധമാണ്. പാര്‍ട്ടിയിലെ ഈ ഉന്നതന് ചന്ദ്രശേഖരനോട് നേരിട്ടുള്ള വ്യക്തിവിരോധം ആര്‍എംപി പ്രവര്‍ത്തകര്‍ക്കും ചന്ദ്രശേഖരന്റെ ഭാര്യ രമയ്ക്കും നേരത്തെ അറിവുള്ളതാണ്. ഇതാണ് ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ പാര്‍ട്ടി നേതൃത്വത്തിനുള്ള പങ്ക് അവര്‍ വ്യക്തമാക്കിയത്. ഒന്‍പത് സിപിഎമ്മുകാര്‍ അറസ്റ്റിലായതോടെ ഇത് കൂടുതല്‍ വെളിപ്പെട്ടിരിക്കുകയാണ്. വരും ദിവസങ്ങളില്‍ മുന്‍ എംഎല്‍എയും ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ഉള്‍പ്പെടെയുള്ളവര്‍ കേസില്‍ പിടിക്കപ്പെട്ടാല്‍ അത്ഭുതപ്പെടാനില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്.
പി.പി. ദിനേശ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: