കൊച്ചി: കെ.എസ്.ഇ.ബിയുടെ വൈദ്യുത നവീകരണത്തിനായി കൊറിയന്‍ കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ടത് റദ്ദാക്കിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. കമ്പനിയുടെ വിശദീകരണം തേടാതെയാണ് കരാര്‍ റദ്ദാക്കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി.
നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ കൊറിയന്‍ കമ്പനിയുമായുള്ള കരാര്‍ റദ്ദാക്കിയത്. ഇതിനെ ചോദ്യം ചെയ്ത് കമ്പനി ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. എന്നാല്‍ പാലിക്കപ്പെടാതെ പോയ നടപടിക്രമങ്ങള്‍ എന്താണെന്ന് തൃപ്തികരമായി കോടതിയില്‍ വിശദീകരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. തുടര്‍ന്നാണ് കരാര്‍ റദ്ദാക്കിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത്.
2010 ലാണ് പ്രസരണോര്ജം വര്‍ധിപ്പിക്കാന്‍ ദക്ഷിണ കൊറിയന്‍ കമ്പനി കെട്കോ ഡാറ്റ നെറ്റ് വര്‍ക്കുമായി കെ.എസ്.ഇ.ബി കരാറിലേര്‍പ്പെട്ടത്. 240 കോടി രൂപയുടേതാണു കരാര്‍. ഇന്ത്യന്‍ കമ്പനികളായ വിപ്രോ, ടി.സി.എസ്, ഇന്‍ഫോസിസ് എന്നീ കമ്പനികള്‍ ഉള്‍പ്പെടെ എട്ടു കമ്പനികളാണു ടെന്‍ഡറില്‍ പങ്കെടുത്തത്.
188 കോടി രൂപയുടെ കരാര്‍ ഉണ്ടായിരുന്നിട്ടും കൂടുതല്‍ തുക ക്വോട്ട് ചെയ്ത കൊറിയന്‍ കമ്പനിക്കു കരാര്‍ നല്കിയതു വിവാദമായി. കരാറില്‍ വന്‍ അഴിമതി നടന്നെന്നു ചൂണ്ടിക്കാട്ടി അന്നത്തെ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനു കത്തു നല്കി. ഇതേത്തുടര്‍ന്നാണ് കരാര്‍ റദ്ദാക്കിയത്.
ഇതിനെതിരേ കമ്പനി നല്കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്. ജസ്റ്റിസ് എ.എം. ഷഫീക്കാണു കേസ് പരിഗണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: