കൊച്ചി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ജസ്റ്റിസ് കെ.ടി തോമസിന് പിന്തുണയുമായി മന്ത്രി കെ.സി ജോസഫ്. ജസ്റ്റിസ് കെ.ടി തോമസിന്റെ നിലപാട് കേരളത്തിന് എതിരല്ലെന്ന് മന്ത്രി പറഞ്ഞു. റിപ്പോര്‍ട്ട് പഠിക്കാതെ നേതാക്കള്‍ പരസ്യപ്രസ്താവന നടത്തരുതെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നത്തെ വൈകാരികമായി ആളിക്കത്തിക്കരുതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ജസ്റ്റിസ് കെ.ടി തോമസിന്റെ നിലപാട് കേരളത്തിന് ഗുണം ചെയ്യില്ലെന്ന് കഴിഞ്ഞ ദിവസം മന്ത്രി പി.ജെ ജോസഫ് പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു കെ.സി ജോസഫ്. ജസ്റ്റിസ് കെ.ടി തോമസ് കേരളത്തിനെതിരെ നിലപാട് സ്വീകരിക്കുന്ന ആളല്ല. പഠന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരിക്കണം അദ്ദേഹം നിലപാട് എടുത്തത്. റിപ്പോര്‍ട്ട് കേരളത്തിന് സ്വീകാര്യമല്ലെങ്കില്‍ അതിനെ നിയമപരമായി നേരിടുകയാണ് വേണ്ടത്. അല്ലാതെ പരസ്യപ്രസ്താവനകള്‍ നടത്തുകയല്ല വേണ്ടത്.
റിപ്പോര്‍ട്ട് പൂര്‍ണ്ണമായി പഠിക്കാതെയാണ് ജനപ്രതിനിധികള്‍ പ്രസ്താവനകള്‍ നടത്തുന്നത്. അത് കുരുടന് ആനയെക്കണ്ടതു പോലെയാണ്. മുല്ലപ്പെരിയാറില്‍ പുതിയൊരു അണക്കെട്ട് വേണമെന്ന് തന്നെയാണ് സര്‍ക്കാര്‍ നിലപാട്. ആ നിലപാടില്‍ മാറ്റമില്ല. ജസ്റ്റിസ് കെ.ടി തോമസിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി പ്രശ്നത്തെ വൈകാരികമാക്കുന്നത് ശരിയല്ലെന്നും മന്ത്രി കെ.സി ജോസഫ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: