കൊച്ചി: ഭാരതത്തിന്റെ നീതിന്യായ വ്യവസ്ഥയെതന്നെ അവഹേളിച്ചുകൊണ്ട് ഇറ്റാലിയന്‍ നാവികരെ രക്ഷപ്പെടുത്താനുള്ള ഗൂഢാലോചനയാണ് ഇന്നലത്തെ സുപ്രീംകോടതി വിധിയിലൂടെ തകര്‍ക്കപ്പെട്ടത്.
കോടികള്‍ ഉണ്ടെങ്കില്‍ പ്രതികള്‍ ഇറ്റലിക്കാരാണെങ്കില് ഇന്ത്യയില്‍ എന്തും നടക്കുമെന്ന ധാരണയായിരുന്നു സൃഷ്ടിക്കപ്പെട്ടിരുന്നത്. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ കോടികള്‍ കൊണ്ട് വിലക്ക്വാങ്ങാമെന്ന നിലയിലായിരുന്നു ചിലരുടെയെല്ലാം പ്രചാരണവും നീക്കവും. എന്നാല്‍ മാസങ്ങളായി നടന്ന അട്ടിമറി നീക്കമാണ് ഇവിടെ വെളിച്ചത്തായിരിക്കുന്നത്.
രണ്ട് മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ കപ്പലധികൃതര്‍ വെടിവെച്ച് കൊന്നപ്പോള്ത്തന്നെ കപ്പല്‍ കസ്റ്റഡിയിലെടുക്കാനോ നാവികരെ അറസ്റ്റ്ചെയ്യുവാനേവാ ഉളള നീക്കം തടയപ്പെട്ടതാണ്. എന്നാല്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ ശക്തമായ ഇടപെടലും തന്ത്രപരമായ നീക്കവുമായിരുന്നു കപ്പല്‍ കസ്റ്റഡിയിലെടുക്കുവാനും ഇറ്റാലിയന്‍ നാവികരെ അറസ്റ്റ് ചെയ്യാനും ഇടയാക്കിയത്.
എന്നാല്‍ കര്‍ദ്ദിനാള്‍ ആലഞ്ചേരി പരസ്യമായും സോണിയാഗാന്ധി ഒളിഞ്ഞും തെളിഞ്ഞും ഇറ്റലിക്കനുകൂലമായി രംഗത്തെത്തുകയായിരുന്നു. ക്രൈസ്തവരായ കേരളത്തിലെ കേന്ദ്രമന്ത്രിമാരെയും സംസ്ഥാനസര്‍ക്കാരിനെയും കൂട്ടുപിടിച്ചാണ് നീക്കങ്ങള്‍ നടത്തിയിരുന്നത്. പിറവം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമോയെന്ന് ഭയന്ന് തല്ക്കാലം മിണ്ടാതിരുന്നവര്‍ തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം അനുകൂലമായി രംഗത്തുവരികയായിരുന്നു.
ക്രൈസ്തവ സഭാ തലത്തിലും ഇറ്റാലിയന്‍ സര്‍ക്കാര്‍ തലത്തിലും സോണിയാഗാന്ധിയും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും ചേര്‍ന്ന് മാസങ്ങള്‍ നീണ്ടുനിന്ന ഗൂഢാലോചനക്ക് ഒടുവില്‍ തയ്യാറാക്കിയ പദ്ധതിയായിരുന്നു പിന്നീട് അരങ്ങേറിയത്.
കഴിഞ്ഞ 20 ന് ഇറ്റാലിയന്‍ കേസ് സുപ്രീംകോടതിയില്‍ വന്ന സമയത്ത് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരീന് റാവല്‍ വാദിച്ചത് കേസെടുക്കാന്‍ സംസ്ഥാനസര്‍ക്കാരിന് അധികാരമില്ലെന്നാണ്. മുകളില്‍നിന്നുള്ള തീരുമാനമില്ലാതെ ഒരു സുപ്രഭാതത്തില്‍ കേന്ദ്രസര്‍ക്കാരിനുവേണ്ടി ഇത്തരത്തില്‍ ഒരു വാദം നടത്തുവാന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലിനാവില്ല. ഇതിനെതിരെ പ്രതിഷേധം കനത്തപ്പോള്‍ ഹരീന് റാവലിനെ മാറ്റി മുഖംരക്ഷിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്.
ഈ സമയം ഇറ്റലിയില്‍നിന്നുള്ള സര്‍ക്കാര്‍ പ്രതിനിധികളും ക്രൈസ്തവ പുരോഹിതരും കൊല്ലത്ത് എത്തി കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുമായി ധാരണയിലെത്താന്‍ ശ്രമിക്കുകയായിരുന്നു. കോടികള്നഷ്ടപരിഹാരം കാണിച്ചും ക്രൈസ്തവ വിശ്വാസം മുതലെടുത്തുമാണ് നഷ്ടപരിഹാരത്തിലൂടെ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചത്. ഇതിനായി ഹൈക്കോടതിയെയും ലോക് അദാലത്തിനെയും തെറ്റിദ്ധരിപ്പിച്ചു. ഹൈക്കോടതിതന്നെകോടികള് വാങ്ങി കേസ് പിന്‍വലിക്കുവാനുള്ള നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ‘സായിപ്പിനെ കണ്ടപ്പോള്‍ കവാത്ത് മറന്നുവെന്നാ’ണ് കോടതി വിശേഷിപ്പിച്ചത്.
കേസിലെ പ്രധാന സാക്ഷിയായ ബോട്ട് ഉടമയെ 17 ലക്ഷം രൂപ നഷ്ടപരിഹാരം നല്കി മൊഴി മാറ്റി പറയിപ്പിച്ചു. മൊഴിമാറ്റി പറയല്‍ ക്രിമിനല്‍ കുറ്റംതന്നെയാണെന്നിരിക്കെയാണീ നടപടി. ഭാവിയില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ ക്രിമിനല്‍ കേസ് തുടര്‍ന്നാല്‍ അതിനെ പിന്തുണക്കുവാന് കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ തയ്യാറാവില്ല. കര്‍ത്താവിന്റെ പേരില്‍ ഇവര്‍ക്ക് മാപ്പ് നല്‍കുന്നതായി രഹസ്യകരാറിലും ഏര്‍പ്പെടുകയും ചെയ്തിട്ടുണ്ട്. പണം വാങ്ങിയ ബന്ധുക്കള്‍ ഇനി കേസുമായി സഹകരിക്കുകയില്ലായെന്നും പറഞ്ഞിട്ടുണ്ട്.
പ്രത്യക്ഷത്തില്‍ നഷ്ടപരിഹാരത്തുകയായ ഒരുകോടി രൂപ വലിയതായി തോന്നാമെങ്കിലും അത് സകല നിയമങ്ങളെയും അട്ടിമറിച്ചുകൊണ്ടുള്ള ഒരു ഒത്തുതീര്‍പ്പായിരുന്നു. പണം കാണിച്ച് മരിച്ചവരുടെ ബന്ധുക്കളെ പ്രലോഭിപ്പിക്കുകയായിരുന്നു ഇറ്റലിയും ക്രൈസ്തവ സഭയും സര്‍ക്കാരുകളും ചെയ്തത്.
ഇങ്ങനെ നടന്ന വലിയ ഗൂഢാലോചനയും വലിയ അട്ടിമറിയും തിരിമറികളുമെല്ലാമാണ് ഇപ്പോള്തകര്ന്നിരിക്കുന്നത്. വരുംദിവസങ്ങളില്‍ ഈ ഗൂഢസംഘം ഇറ്റലിക്കായി പുതിയ തന്ത്രവുമായി രംഗത്തുവരുമെന്നുറപ്പാണ്.നീതിപീഠത്തിന്റെ ശക്തമായ നിലപാട് മാത്രമാണ് ഭാരതത്തിന്റെ ആത്മാഭിമാനം നിലനിര്‍ത്തുവാന്‍ ഉതകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: