ഇസ്ലാമാബാദ്: അമേരിക്കയുടെ സൈനിക നടപടിയില്‍ കൊല്ലപ്പെട്ട അല്‍-ക്വയ്ദ തലവന്‍ ഒസാമ ബിന്‍ലാദന്റെ ലാദന്റെ മൂന്നു ഭാര്യമാരെയും പതിനൊന്നു കുടുംബാംഗങ്ങളെയും പാക് അധികൃതര്‍ സൗദി അറേബ്യയിലേക്ക് നാടുകടത്തി. ലാദന് മരിച്ചിട്ട് മേയ് രണ്ടിന് ഒരു വര്‍ഷം തികയാനിരിക്കെയാണ് പാക് നടപടി.
ഇന്ന് പുലര്‍ച്ചെയാണ് ലാദന്റെ മൂന്ന് വിധവകളെയും അവരുടെ മക്കളെയും സൗദിയിലേക്ക് അയച്ചത്. ലാദന് കൊല്ലപ്പെട്ട ശേഷം ഇവര്‍ പാക് അധികൃതരുടെ കസ്റ്റഡിയിലായിരുന്നു. ഇവരെ നാടുകടത്തുന്നതിന്റെ ഭാഗമായി വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. എല്ലാവരെയും ബേനസീര്‍ ഭൂട്ടോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ച ശേഷം വിമാനത്തില്‍ കയറ്റിവിടുകയായിരുന്നു.
മാധ്യമ പ്രവര്‍ത്തകര്‍ ഫോട്ടോ എടുക്കുന്നത് തടയുന്നതിനായി അവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഷീറ്റുകള്‍ കൊണ്ട് മൂടിയിരുന്നു. അനധികൃതമായി പാകിസ്ഥാനില്‍ കഴിഞ്ഞതിനെ തുടര്‍ന്ന് പോലീസ് അറസ്റ്റു ചെയ്ത ലാദന്റെ വിധവകളെ കോടതി 45 ദിവസം തടവു ശിക്ഷയ്ക്ക് വിധിച്ചിരുന്നു. ആ ശിക്ഷാ കാലാവധി ഈ മാസം ആദ്യം അവസാനിച്ചതിനെ തുടര്‍ന്നാണ് ഇവരെ നാടുകടത്താന്‍ തീരുമാനിച്ചത്.
ലാദന്റെ ഭാര്യമാരില്‍ രണ്ടു പേര് സൗദി സ്വദേശിനികളും ഒരാള്‍ യെമന്‍കാരിയുമാണ്. ഇതില്‍ യെമന്‍ സ്വദേശിനിയെ പിന്നീട് അവരുടെ നാട്ടിലേക്ക് അയയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: