ന്യൂദല്‍ഹി: ബോഫോഴ്സ് കേസില്‍ ഇറ്റാലിയന്‍ ആയുധ വ്യാപാരി ഒട്ടാവിയോ ക്വത്റോച്ചിയെ രാജീവ് ഗാന്ധി സംരക്ഷിച്ചുവെന്ന് സ്വീഡിഷ് പോലീസ് മുന്‍ മേധാവി സ്റ്റെന്‍ ലിങ്സ്റ്റോമിന്റെ വെളിപ്പെടുത്തല്‍. ഒരു സ്വീഡിഷ് വെബ്സൈറ്റിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
1986 മാര്‍ച്ച് 24നാണ് ബോഫോഴ്സ് ഇടപാട് നടന്നത്. ദേശീയ രാഷ്ട്രീയത്തില്‍ വലിയ കോളിളക്കങ്ങള്‍ ഉണ്ടാക്കിയ കേസാണ് ബോഫോഴ്സ് അഴിമതി. ഇതില്‍ രാജീവ് ഗാന്ധിക്കെതിരെയുള്ള ആരോപണങ്ങള്‍ തുടക്കം മുതല്‍ തന്നെ ശക്തമായിരുന്നു. എന്നാല്‍ അദ്ദേഹത്തിനെതിരെ വ്യക്തമായ തെളിവുകളൊന്നും ഇല്ലായിരുന്നു. ദല്‍ഹി ഹൈക്കോടതി രാജീവ് ഗാന്ധിയെ കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു.
ഇടപാടില്‍ 640 കോടി രൂപയുടെ അഴിമതി നടന്നുവെന്നും മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയടക്കമുള്ളവര്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇതുസംബന്ധിച്ചുള്ള അന്വേഷണം എങ്ങുമെത്താതെ അവസാനിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഇടപാടില്‍ ഇടനിലക്കാരനായിരുന്ന ഒട്ടാവിയോ ക്വത്റോച്ചിക്കെതിരെയുള്ള അന്വേഷണം റദ്ദാക്കുന്ന നടപടികള്‍ വരെ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടായി. എന്നാല്‍ പുതിയ വെളിപ്പെടുത്തല്‍ രാജീവ് ഗാന്ധിക്ക് ഇടപാടില്‍ വ്യക്തമായ പങ്കുണ്ട് എന്ന് തെളിയിക്കുന്നതാണ്.
25 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ബോഫോഴ്സ് ആയുധ ഇടപാടില്‍ വിസില്‍ ബ്ലോവര്‍ ആയി പ്രവര്‍ത്തിച്ചത് ലിങ്സ്റ്റോം ആയിരുന്നു. ഏതാണ്ട് 350ഓളം രേഖകളാണ് ലിങ്സ്റ്റോം ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകയ്ക്ക് ചോര്‍ത്തി നല്‍കിയത്. ഇന്ത്യയിലും സ്വീഡനിലും നടക്കുന്ന അന്വേഷണങ്ങളില്‍ മുഴുവന്‍ വിവരങ്ങളും പുറത്തുവരാന്‍ ഇടയില്ലെന്നു ഭയപ്പെട്ടതു കൊണ്ടാണു താന്‍ മാധ്യമപ്രവര്‍ത്തകയ്ക്കു റിപ്പോര്‍ട്ടുകള്‍ ചോര്‍ത്തി കൊടുത്തതെന്നും സ്റ്റെന്‍ പറയുന്നു.
ക്വത്റോച്ചിക്കെതിരായി വ്യക്തമായ തെളിവുകള്‍ ഉണ്ടായിരുന്നിട്ടും അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് രാജീവ് ഗാന്ധി സ്വീകരിച്ചത്. ആയുധ ഇടപാടില്‍ രാജീവ് ഗാന്ധിക്ക് സാമ്പത്തിക നേട്ടമുണ്ടായിട്ടില്ലെങ്കിലും ഇടപാടിലെ വിവരങ്ങളെ കുറിച്ച് അദ്ദേഹത്തിന് വ്യക്തമായ ബോധ്യമുണ്ടായിരുന്നുവെന്നും ലിങ്സ്റ്റോം പറഞ്ഞു.
ഇടപാടില്‍ രാജീവ് ഗാന്ധിയ്ക്കും സ്വിഡിഷ് മുന്‍ പ്രധാനമന്ത്രി ഒളോഫ് പാമയ്ക്കും കൈക്കൂലി ലഭിച്ചതായി തെളിവില്ല. എന്നാല്‍ ആയുധ ഇടപാടില്‍ എന്താണു സംഭവിച്ചതെന്ന് ഇരുവര്‍ക്കുമറിയാം. സ്വിഡീഷ് മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് ഇടാപട് നടന്നത്. പ്രതികള്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ രാജീവ് ഗാന്ധി തയാറായില്ല. നിരപരാധികള്‍ ശിക്ഷിക്കപ്പെടുകയും അപരാധികള്‍ രക്ഷപെടുകയും ചെയ്തു.
കേസില്‍, ബോളിവുഡ് നടന് അമിതാഭ് ബച്ചനെയും കുടുംബത്തെയും വലിച്ചിഴച്ചത് ഇന്ത്യന്‍ അന്വേഷക സംഘമാണ്. അവരുടെ നിര്‍ദ്ദേശ പ്രകാരമാണ് അമിതാഭിനും കുടുംബത്തിനുമെതിരെ ‘ഡേജന്സ് നൈഹറ്റര്’ എന്ന പത്രം വാര്‍ത്ത എഴുതിയതെന്നും ലിങ്സ്റ്റോം വ്യക്തമാക്കി. ക്വത്റോച്ചിക്കെതിരേ വ്യക്തമായ തെളിവുണ്ടായിരുന്നു. കൈക്കൂലി ക്വത്റോച്ചിയുടെ അക്കൗണ്ടിലെത്തിയതായി കണ്ടെത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: