തിരുവനന്തപുരം: കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് പതിച്ച് നല്‍കാനുള്ള തീരുമാനത്തില്‍ സര്‍ക്കാര്‍ നയം വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് ആവശ്യപ്പെട്ടു. സംഭവത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കാത്തത് ദുരൂഹമാണെന്നും പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സര്‍വ്വകലാശാലയുടെ ഒരിഞ്ച് ഭൂമി പോലും കയ്യടക്കാന്‍ സ്വകാര്യ ട്രസ്റ്റുകളെ അനുവദിക്കില്ല. കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ മുസ്ലീം ലീഗിന് അടിയറ വയ്ക്കാന്‍ പൊതുസമൂഹം അനുവദിക്കില്ല. സര്‍വ്വകലാശാല ക്യാമ്പസിലെ സാഹചര്യങ്ങള്‍ അടിയന്തരാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്നതാണെന്നും വി.എസ് പറഞ്ഞു.
മുസ്ലിം ലീഗ് നേതാക്കളായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. മുനീര്‍ എന്നിവരുടെ ബന്ധുക്കള്‍ ചെയര്മാന്മാരായ സൊസൈറ്റികള്ക്കാണു സര്‍വകലാശാലയുടെ 40 ഏക്കര്‍ ഭൂമി പതിച്ചു നല്കാന് തീരുമാനിച്ചത്. ആദ്യഘട്ടത്തിലാണിത്. ഇനിയും ഭൂമി നല്കാന് സിന്‍ഡിക്കേറ്റ് തീരുമാനിച്ചിട്ടുണ്ട്. തീരുമാനം പുറത്തുവന്നു ദിവസങ്ങള്‍ കഴിഞ്ഞിട്ടും മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മാര്‍ച്ച് 27ന് ചേര്‍ന്ന സിന്‍ഡിക്കെറ്റ് യോഗം 36 സ്വാശ്രയ കോളേജുകള്‍ക്ക് പുതുതായി അഫിലിയേഷന് നല്കി. ഇതില്‍ 28 കോളേജുകളും ലീഗുമായി ബന്ധമുള്ള ട്രസ്റ്റുകളുടേതും സൊസൈറ്റികളുടേതുമാണ്. മാത്രമല്ല ഇത്രയും കോളെജുകള്‍ക്ക് ഒരുമിച്ച് അഫിലിയേഷന് നല്കുന്ന നടപടി മുന്‍പ് ഉണ്ടായിട്ടില്ലെന്നും വി.എസ് പറഞ്ഞു.
പ്രശ്നങ്ങളെല്ലാം അവസാനിച്ചുവെന്ന ലീഗ്-കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവന ശുദ്ധ തട്ടിപ്പാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: