ന്യൂദല്‍ഹി: ടെട്ര ട്രക്ക് ഇടപാടുമായി ബന്ധപ്പെട്ട് 2010 സെപ്റ്റംബര്‍ 22ന് റിട്ട. ലഫ്.ജനറല്‍ തേജീന്ദര്‍ സിംഗ് കരസേന മേധാവി വി.കെ.സിംഗിനെ സന്ദര്‍ശിച്ചതിന്റെ തെളിവുകള്‍ സന്ദര്‍ശക രജിസ്റ്ററില്‍ നിന്നും കണ്ടെത്തിയതായി സി.ബി.ഐ അന്വേഷണസംഘം വെളിപ്പെടുത്തി.
വി.കെ.സിംഗ് താമസിക്കുന്ന സൗത്ത് ബ്ലോക്കില്‍ നിന്നും വെള്ളിയാഴ്ചയാണ് സന്ദര്‍ശക രജിസ്റ്റര്‍ കണ്ടെടുത്തത്. രജിസ്റ്ററില്‍ ഔദ്യോഗിക ആവശ്യത്തിനാണ് കൂടിക്കാഴ്ചയെന്ന് തേജീന്ദര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ടെട്ര ട്രക്ക് ഇടപാടുമായി ബന്ധപ്പെട്ട് തനിക്ക് റിട്ടേയ്ഡ് ലഫ്റ്റനന്റ് ജനറല്‍ തേജീന്ദര്‍ സിംഗ് 14 കോടി രൂപ കോഴ വാഗ്ദാനം ചെയ്തെന്ന വി.കെ.സിംഗിന്റെ ആരോപണത്തെ തുടര്‍ന്നാണ് സി.ബി.ഐ സ്വമേധയാ അന്വേഷണം എറ്റെടുത്തത്.
കരസേനമേധാവിയുടെ ഓഫീസില്‍ തേജീന്ദര്‍ സന്ദര്‍ശനം നടത്തിയത് ഇതിലൂടെ തെളിഞ്ഞിട്ടുണ്ടെങ്കിലും വി.കെ.സിംഗിന്റെ മുറിയില്‍ എന്താണ് ഉണ്ടായതെന്നാണ് തെളിയിക്കാനുള്ളതെന്നും മുതിര്‍ന്ന സി.ബി.ഐ ഓഫീസര്‍ പറഞ്ഞു.
കോഴ വാഗ്ദാനവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ കൈമാറാമെന്ന് വി.കെ.സിംഗ് ഉറപ്പ് നല്‍കിയതായി സി.ബി.ഐ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: